Tuesday, June 12, 2007

പിന്‍‌മൊഴികള്‍ എന്തേ നിര്‍‌ത്തുന്നില്ല?

താങ്കള്‍ക്ക് ഈ പോസ്റ്റ് വായിക്കാം വായിക്കാതിരിക്കാം കമന്റിടാം , ഇടാതിരിക്കാം പക്ഷേ ഓഫ്ടോപ്പിക്ക് പാടില്ല, ഈ പോസ്റ്റിനേ ക്കാള്‍ വലിയ കമന്റ് പാടില്ല , മറ്റുള്ള പോസ്റ്റുകളെ പറ്റി പരസ്യങ്ങള്‍ പാടില്ല, വ്യക്തിഹത്യ എന്നെ ഒഴിച്ച് ആരേയും പാടില്ല (പക്ഷേ ഞാന്‍ സ്വീകരിക്കാത്ത കമന്റുകള്‍ കാഷ് ചെക്ക് അയക്കുന്നത് പോലെയാണ് നിങ്ങളുടെ അക്കൌണ്ടില്‍ തന്നെ കാണും ) അനോണിമസ് കമന്റുകള്‍ പാടില്ല :):) അനുയോജ്യമല്ലെന്ന് തോന്നുന്ന ഏതു കമന്റും ഡിലീറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഈ ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്ററില്‍ നിക്ഷിപ്തമാണ്.
( ഈ ചര്‍ച്ച ഔദ്യോഗികമായി അവസാനിച്ചിരിക്കുന്നു, അതിനാല്‍ കമന്റുകള്‍ക്ക് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. എങ്കിലും താങ്കള്‍ക്കെന്തെങ്കിലും അഭിപ്രായം ഈ വിഷയത്തിലിനിയും ഉണ്ടെങ്കില്‍ കമന്റായി അറിയിക്കാനുള്ള മനസ്സുണ്ടാവട്ടെ, സന്തോഷത്തോടെ സ്വീകരിക്കാം)

അപ്പൊ വായിച്ചു തുടങ്ങിക്കോ ,

മലയാളം ബൂലോകത്തില്‍ താരതമ്യേന പുതുതായ ഒരാള്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാവാം ഇത്, വായിക്കുന്നവര്‍ വിചാരിക്കും ഇവന്‍ എന്തിനുള്ള പുറപ്പാടാണെന്ന്? പക്ഷേ എന്റെ സംശയം വളരെ ലഘുവാണ്, ഈ പിന്‍‌മൊഴി നിര്‍ത്തുന്നതിനെ പറ്റി ഇത്രയും കോലാഹലം എന്തിനു .. ഒരു കമന്റ് കൊണ്ട് തീരാവുന്ന ഔപചാരികതയില്‍ അവസാനിപ്പിക്കാമല്ലോ മലയാള ബൂലോഗവും പിന്മൊഴിയും ആയുള്ള പൊക്കിള്‍ കൊടി ബന്ധം.. ഇ തിന്റെ ഉപഞ്ജാതക്കള്‍ക്കും നടത്തിപ്പ് കാര്‍ക്കും വേണ്ടങ്കില്‍ ഇത് അവസാനിപ്പിക്കുന്നതല്ലേ നല്ലത് എത്രയും വേഗം.. ആരുടെ വാക്കുകള്‍ കേള്‍ക്കണം? (എല്ലാവരും എന്നാ ആയ്ക്കോട്ടെ എന്ന് പറയാനല്ലല്ലോ പെരിങ്ങോടന്റെ പോസ്റ്റില്‍ കമന്റ് ഓപ്‌ഷന്‍ വച്ചത്) തുറന്നു പറയാന്‍ വേദിയുണ്ടായത് കൊണ്ട് ഞാനും അവിടെ പോയി എന്റെ അഭിപ്രായം വിളമ്പി.


ആരോഗ്യകരമായ ഒരു ചര്‍ച്ച ആയിരുന്നു ലക്ഷ്യം. അങ്ങനെ പലരില്‍ നിന്നും വരുന്ന ആശയങ്ങള്‍ മെച്ചമെന്ന് തോന്നിയപ്പോള്‍ മുകളില്‍ നിന്നും അറിയിപ്പ് വന്നു എന്തായാലും ഇത് നിര്‍ത്തും നിങ്ങള്‍ ചുമ്മാ വായിട്ടടിക്കണ്ടാ എന്ന് .അതുകൊണ്ട് പിന്നെ നമ്മുടെ ബക്കറ്റിലെ ബാക്കിയുള്ള ഐറ്റം അവിടെ വിളമ്പിയില്ല ,നല്ല കമന്റായിരുന്നു എന്ന് ചിലരേ കൊണ്ടും മറ്റു ചിലരെ കൊണ്ട് മനസ്സിലെങ്കിലും റിട്ടയറായി വീട്ടില്‍ ഇരിക്കുന്ന മാതാപിതാക്കളെ സ്മരിപ്പിക്കുന്നതെന്തിനെന്ന് ഞാന്‍ ചിന്തിച്ചു ആ പാഴ്‌ശ്രമം അവസാനിപ്പിച്ചു. (പിന്മൊഴി വേണ്ടെന്ന് ഘോരം ഘോരം അവിടെ വാഗ്വാദം നടത്തിയ ചിലരെയൊക്കെ അവിടെ വച്ചാ ഞാന്‍ ആദ്യമായി , ഒരുപക്ഷേ തിരിച്ചും കാണുന്നതെന്നത് മറ്റൊരു കാര്യം ) എന്നിട്ട് മറ്റു പലരുടേയും ഭാഗത്ത് നിന്ന് ചിന്തിച്ചു അപ്പൊ എനിക്ക് മനസ്സിലായി. ഞാന്‍ എന്തൊരു മണ്ടന്‍ എനിക്കിതെന്തേ നേരത്തേ ക്ലിക്കിയില്ല എന്നത് അങ്ങനെ താമസിച്ച്
മാത്രം എന്റെ തലയില്‍ ഉദിച്ച തോട്ടുകളാണ് ഇവ .


പക്ഷേ വീണ്ടും ഒരു സംശയം മാത്രം ബാക്കി എന്തേ ഇത് ഇപ്പൊ നിര്‍ത്തുന്നില്ല അല്ലെങ്കില്‍ പെരിങ്ങോടന്‍ എന്ന രാജ് 2005 നവംബറില്‍ മുന്നോട്ട് വച്ച ആശയം പെരിങ്ങോടന്റെ തന്റെ വാക്കുകളെ പകര്‍ത്തിയാല്‍,

പെരിങ്ങോടന്‍ said...
സിബു ഒരു പക്ഷെ കൂടുതല്‍ ദുഖിക്കുന്നതു് പിന്മൊഴികള്‍ എന്ന കമന്റ് ട്രാ‍ക്കിങ് സംവിധാനം രൂപപ്പെടുത്തിയതിലാവണം (ഒരു പക്ഷെ അതുമായി ബന്ധപ്പെട്ട മറ്റെല്ലാവരും) ബ്ലോഗുകളേക്കാള്‍ പ്രാധാന്യം പലരും കമന്റുകള്‍ക്ക് കൊടുത്തുകാണുന്നതു്, അനായാസേന തള്ളിക്കളയാവുന്ന കമന്റുകളെ പെരുപ്പിച്ചുകാണുന്നത്, എവിടെയൊക്കെയോ വളര്‍ച്ച മുരടിക്കുന്നു.
Tue Nov 22, 11:00:00 AM IST

ഇനിയും എന്തേ നടപ്പാക്കുന്നില്ല എന്നത് ഒരു പുതുമുഖ ബ്ലോഗര്‍ എന്ന രീതിയില്‍ എന്റെ സംശയം ആണ്. പിന്മൊഴി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെങ്കില്‍, എത്രയും വേഗം ആര്‍ക്കും ആരോടും ബാധ്യത ഇല്ലാത്ത ഒരു ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കട്ടെ ബൂലോക വാസികള്‍.. പക്ഷേ അതിനു പറയുന്ന കാരണങ്ങള്‍ ദയവായി പിന്‍‌മൊഴിയെ ആശ്രയിക്കുന്നവരെ കരിവാരിത്തേക്കുന്നതാവരുത് എന്നൊരു അപേക്ഷയെ ഉള്ളൂ.. ഒരു സുഹൃത്ത് എഴുതിയത് കണ്ടപ്പോള്‍ സത്യത്തില്‍ വിഷമം തോന്നി അദ്ദേഹത്തിന്റെ ചിന്താഗതിയോട് അനുകമ്പയും തോന്നിപ്പോയി, വികാരം കൊണ്ടാണത്രെ പിന്‍‌മൊഴിയെ വേണമെന്ന് വാശിപ്പിടിക്കുന്നവര്‍ പ്രതികരിക്കുന്നത്, അതെ തീര്‍ച്ചയായും 100 വട്ടം സത്യം, ഒരു ചോദ്യം ആ സത്യം അവശേഷിപ്പിക്കുന്നു അങ്ങനെ പുച്ഛിച്ചു തള്ളേണ്ട വാക്കാണോ വികാരം , ഈ മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ കുടുംബങ്ങളുടെ ഭദ്രതക്കു തന്നെ അത്യന്താപേക്ഷിതമല്ലേ വികാരം വികാരം വിവേകത്തെ കീഴ്പ്പെടുത്തരുതന്നല്ലേ ശരിയായ ചിന്താഗതി.


മറ്റൊരു സംഗതി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്, ബൂലോഗത്തെ ഇത്രയും വളര്‍ത്തിയ മുതിര്‍ന്ന അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചത് പോലെ പിന്മൊഴിയുടെ സാംസ്ക്കാരിക അപചയം ഈ അടുത്ത കാലം മുതലാണോ ആരംഭിച്ചത്, അതിന്റെ സത്യാ‍വസ്ഥ അറിയാന്‍ ഞാന്‍ പിന്മൊഴിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒന്നെത്തി നോക്കി.. 3 മാസം മുമ്പ്, 6 മാസം മുമ്പ്, 1 വര്‍ഷം മുമ്പ്, അങ്ങനെ ലഭ്യമായ അവസാനതാളോളം പോയി വായിച്ചു . ഫലം വളരെ രസകരമായിരുന്നു.. ഇപ്പോഴുള്ളതിനേക്കാള്‍ മോശമായി പലകാലത്തും പലരും സംസാരിച്ചിരിക്കുന്നു, വിശദമായ തെളിവുകള്‍ ആവശ്യമുള്ളവര്‍ക്ക് ഞാന്‍ നല്‍കാം ഒരു മൈല്‍ഡായ ഉദാഹരണം മാത്രം എഴുതുന്നു അതും ഒരു സ്ത്രീ ബ്ലോഗറുടെ പോസ്റ്റില്‍ ഒരു അനോണിമസ് വ്യക്തി എഴുതിയ കമന്റും അതിന്റെ പ്രതികരണങ്ങളും സമയമുണ്ടെങ്കില്‍ ഇത് വായിക്കുക ( സു ഇത് ചര്‍ച്ച ചെയ്യ പ്പെടുന്നെങ്കില്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യരുതേ ) ആ യാത്ര കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരല്പം ആശ്വാസമുണ്ടായി, പഴയബൂലോകത്തില്‍ നിന്നും മെച്ചപ്പെട്ടിരിക്കുന്നു പുതിയ ബൂലോകമെന്നത് കൊണ്ട്, ( കാരണം അത്തരം വൃത്തികെട്ട കമന്റുകള്‍ ബ്ലോഗുകളുടെ എണ്ണമനുസരിച്ച് ആപേക്ഷികമായി കൂടുന്നില്ല)


എനിയെനിക്കാശ്വസിക്കാം ഞാന്‍ ഉള്‍പ്പെടെയുള്ള പുതിയ ബ്ലോഗേഴ്സ് വന്നതു കൊണ്ടല്ല മലയാള ബ്ലോഗ് സാംസ്കാരിക അധ:പതനത്തിലേക്ക് കൂപ്പ് കുത്തി പോകുന്നത് കൊണ്ട്,

ഇനി നിര്‍ത്തണമെങ്കില്‍ നിര്‍ത്തട്ടെ പിന്മൊഴിയെന്ന ആരംഭം മുതലേ വൃത്തികേടായ കക്കൂസ്. (കട് പെരിങ്ങോടന്‍)


അതോടോപ്പം പരസ്പരം ഉള്ള കടപ്പാടുകളും അവസാനിപ്പിക്കട്ടെ ആര്‍ക്കു ആരോടും നന്ദി പറയാതെ ഇരിക്കാന്‍ തക്കവണ്ണം സ്വതന്ത്രരാവട്ടെ പുതിയ ബ്ലോഗേഴ്സ്! ധാര്‍ഷ്ട്യത്തിനു ചെവികൊടുക്കേണ്ടി വരാത്ത, കടപ്പാടുകള്‍ പിന്നിലേക്ക് വലിക്കാന്‍ കഴിയാത്ത അവനവനു തോന്നുന്നത് പോലെ എഴുതുവാന്‍ കഴിയുന്ന, വേണമെന്നുള്ളവനു അല്പം വൃത്തികേടെഴുതിയാലും ആര്‍ക്കും നിയന്ത്രിക്കുവാന്‍ കഴിയാത്ത സ്വാതന്ത്ര്യത്തോട് വിഹരിക്കുവാന്‍ കഴിയുന്ന ബൂലോക പക്ഷികളാവട്ടെ ഓരോ പുതിയ മലയാളം ബ്ലോഗറും, അവനവന്റെ ഉത്പ്പന്നം വിറ്റഴിയിക്കുവാനുള്ള മേഖലകള്‍ അവനവന്‍ തന്നെ കണ്ടുപിടിക്കട്ടെ, പക്ഷേ എങ്കിലും ചില ചോദ്യങ്ങള്‍ അവശേഷിക്കും, ഇന്ന് ഒരു സ്ത്രീ ബ്ലോഗറുടെ പോസ്റ്റില്‍ ഒരു അനാവശ്യ കമന്റിട്ടാല്‍ ഈ ഒരുമിച്ച് നില്‍ക്കുന്ന സമൂഹം പ്രതിഷേധിക്കും ??


അവിടെയൊക്കെയാണ് എന്റെ ഐഡിയകള്‍ വര്‍ക്കൌട്ട് ആവാന്‍ പോണത് ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത ഒരു ചരടിന്റേയും ബന്ധനമില്ലാത്ത നാളെകളില്‍ എന്റെ ഭാര്യയോ സഹോദരിയോ ഒരു മലയാളം ബ്ലോഗ് തുടങ്ങിയാല്‍ അവളുടെ പോസ്റ്റില്‍ ഒരു അപമാനകരമായ ഒരു കമന്റ് /അല്ലെങ്കില്‍ ഒരു പോസ്റ്റ് തന്നെ ഒരു മാനസിക രോഗി എഴുതിയാല്‍ ഞാന്‍ നേരേ കോടതിയില്‍ പോവും അവന്റേ കമ്പ്യൂട്ടറും മോണിട്ടറും ഇവിടിരുന്നു കൊണ്ട് ഞാന്‍ പൊക്കിക്കും എവിടെ ആയാലും അവനെ ഞാന്‍ ഗ്വാണ്ടനാമോ ജയിലില്‍ അയക്കും, എനിക്കതിനു കഴിയും കാരണം എനിക്കു സമയം ഇഷ്ടം പോലെയുണ്ടല്ലൊ , വീണ്ടും നാളെ വേറോരു മാനസിക രോഗി വേറോരു പോസ്റ്റില്‍ അപമാനകരമായ ഒരു കമന്റ് എഴുതിയാല്‍ , അവനേയും പൊക്കിക്കും, അങ്ങനെ മലയാളത്തിലെ ഞരമ്പു രോഗികളെ(ഇഞ്ചിയുടെ വാക്ക് കടമെടുത്താല്‍) മൊത്തം ഞാന്‍ ഓരോന്നോരോന്നായി പൊക്കും എന്നാലും എനിക്ക് സമയം ബാക്കി , ഇനി ഒരു പക്ഷേ സമയം ഇല്ലെങ്കില്‍ എനിക്ക് വേറോരു മാര്‍ഗം ഉണ്ട് അവരുടെ ബ്ലോഗുകളില്‍ ഞാന്‍ കമന്റ് ഓപ്ഷനേ വേണ്ടന്ന് വയ്ക്കും . അപ്പൊ ഞരമ്പ് രോഗികള്‍ എവിടെ മോശമായി എഴുതുമെന്ന് കാണാമല്ലോ ഹ ഹ എന്നോടാ കളി!!

ഇനി ഒരു ദിവസം വെറുതേ കിട്ടി ചില പോസ്റ്റുകള്‍ വായിക്കാമെന്ന് കരുതി വായിച്ചു ചില കമന്റുകളും ഇട്ടു ചിലതിനൊക്കെ മറുപടി ആവശ്യമായിരുന്നു ബ്ലോഗിട്ടവര്‍ അതിനു മറുപടിയും ഇട്ടു ഫില്‍ട്ടെര്‍ ഉണ്ടായത് കൊണ്ട് എനിക്കറിയാമായിരുന്നു ഇപ്പോള്‍ എവിടെയാ എനിക്കിട്ടൊരു കൊട്ട് വന്നതെന്ന് അല്ലെങ്കില്‍ എന്താ എന്റെ കമന്റിന്റെ പ്രതികരണമെന്ന് ഇനി അതിന്റെ ആവശ്യമില്ല ഞാനൊരു ഫുള്‍ടൈം സെക്രട്ടറിയെ വച്ചു .(കാരണം പലരും ഊതിപെരുപ്പിച്ച് കൊട്ടിഘോഷിച്ച ലിങ്കുകളില്‍ മണിക്കൂറുകള്‍ പരതി നടന്നിട്ടും പിന്‍‌മൊഴിയെ പോലൊന്ന് എനിക്ക് കാണാന്‍ കിട്ടിയില്ല എന്റെ ഒരു അറിവില്ലായ്മയേ കഷ്ടം! കണ്ടില്ലെങ്കില്‍ ലോകമവസാനിച്ചു പോവുമോ എന്ന് ചോദിക്കരുത് നാക്ക് കരിനാക്കാണെങ്കിലോ?) എന്നാലും ആരോടും നന്ദി പറയണ്ടാലോ.


അങ്ങനെ മധുര മനോഞ്ജ ലോകം സ്വപ്നത്തില്‍ മാത്രമല്ലാതെയാക്കുവാന്‍ വേഗം പിന്‍‌മൊഴി നിര്‍ത്തലാക്കൂ, അല്ലെങ്കില്‍ ഞാന്‍ എഴുതി കുറേ കഴിയുമ്പോള്‍ ഒരു കൊച്ചു എസ്റ്റാബ്ലിഷിഡ് ബ്ലോഗര്‍ ഒക്കെയാവുമ്പോള്‍ മാസത്തില്‍ ഒരിക്കലെങ്കിലും പിന്മൊഴിയില്‍ ഒന്നെത്തി നോക്കാന്‍ സമയമില്ലത്തതു കൊണ്ടോ എന്റെ സര്‍ഗവാസന മുരടിച്ച് പോയി എഴുതാന്‍ കൈയില്‍ സ്റ്റോക്ക് ഇല്ലാത്തത് കൊണ്ടോ അല്ലെങ്കില്‍ , നമുക്ക് വര്‍ത്തമാനം പറയാന്‍ പറ്റിയ സ്റ്റാറ്റസിലുള്ള പഴയ ബ്ലോഗേഴ്സ് (അല്ലേലും അങ്ങനെയാ പുതിയ പിള്ളെര്‍ക്കൊരു കഴിവും ഇല്ല എല്ലാം വെറും ചീളു കേസുകളാ) അപ്പോ അത്ര ആക്ടീവല്ലാത്തത് കൊണ്ടോ ‍ അല്ലെങ്കില്‍ ഞാന്‍ എന്തെക്കൊയോ ചവറുകള്‍ എഴുതി പുതിയ പിള്ളേരാരും തിരിഞ്ഞു നോക്കത്തത് കൊണ്ടോ (ബഹുമാനമില്ലാത്തവന്‍‌മാര്‍) അവന്‍ മാര്‍/അവളുമാര്‍ ഒപ്പം എന്റെ കൂടെ ഇപ്പൊ ഉണ്ടായിരുന്ന സൌഹൃദയന്‍ മാരെന്ന് പറയപ്പെടുന്ന ചിലരും ഒത്തു ചേര്‍ന്ന് ( അതിപ്പൊ തന്നെ ചെറുതായി തുടങ്ങി) അര്‍‌മാദിക്കുമ്പോള്‍ അസൂയ വന്നിട്ട് നാളെയെനിക്ക് ബ്ലഡ് പ്രഷര്‍‌കൂട്ടാതെ ഇപ്പൊ തന്നെ ഇത് നിര്‍ത്തലാക്കൂ .


പിന്നെ ഇത് നിര്‍ത്തലാക്കിയാല്‍ എനിക്കു മറ്റു ചില ഗുണങ്ങളും കൂടെയുണ്ടാവും നാളെ ഞാനും ഒരു സൈറ്റ് തുടങ്ങും മലയാളത്തില്‍ ഇന്നുള്ളതിലും വച്ച് മെച്ചമായ ഒരു അഗ്രിഗേറ്റെറും ഒക്കെ വച്ച് അങ്ങനെ എന്നെയും നാലു പേരറിയുമല്ലൊ എന്റെ സൈറ്റില്‍ ഒരോ ഹിറ്റുകളും അവരുമ്പോള്‍ ഹാ ഹാ ഞാന്‍ എന്റെ സ്വീകരണമുറിയിലെ കമ്പ്യൂട്ടറുകളില്‍ അവ കണ്ട് അര്‍മാദിക്കും പൊട്ടിപൊട്ടിച്ചിരിക്കും എന്റെ സൈറ്റിന്റെ മാര്‍ക്കെറ്റ് വാല്യൂ കൂടുന്നു ദിവസേന ലക്ഷക്കണക്കിനു ഹിറ്റുകള്‍ . നാളെയെന്നൊരു ദിവസമുണ്ടെങ്കില്‍ ഇംഗ്ലീഷില്‍ ഇറങ്ങുന്ന അത്രയും പോസ്റ്റുകള്‍ മലയാളത്തില്‍ ഇറങ്ങും എന്നാണ് ഒരു സുഹ്രുത്തിന്റെ അഭിപ്രായം അപ്പൊ തീര്‍ച്ചയായും അത്രയൊക്കെ ഹിറ്റുകള്‍ എന്റെ സൈറ്റുകളില്‍ വരുമെന്നേ . എന്നാലും ആ കാലമൊക്കെ വിശ്വസിക്കാന്‍ ഒരു ബുദ്ധിമുട്ട് അത് പിന്നെ മാറുമായിരിക്കും അല്ലേ നമ്മുടെ മലയാളം അത്രയ്ം വളര്‍ന്നെന്ന് അറിഞ്ഞതില്‍ അങ്ങേയറ്റ്ം സന്തോഷമുണ്ടെന്ന് മറ്റൊരു കാര്യം !



പക്ഷേ വീണ്ടും ഒരപേക്ഷയുള്ളത് പിന്‍‌മൊഴി നിര്‍ത്തുന്നത് ബ്ലോഗിലെ സാംസ്ക്കാരിക അപചയങ്ങളുടെ പേരിലാവരുത് അത് പുതുതായി എഴുതി ത്തുടങ്ങുന്ന നൂറു കണക്കിനു ബ്ലോഗേഴ്സിനെ അടിച്ചാക്ഷേപിക്കുന്നതിനു തുല്യമാണ്. അതു തെളിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം , അല്ലാതെ പിന്മൊഴിയെ കഴുത്ത് ഞെരിച്ച് കൊല്ലരുതേ എന്ന് അപേക്ഷിക്കാനല്ല:):)


കടപ്പാട്: പിന്‍‌മൊഴി, സുവിന്റെ ബ്ലോഗ്.


(ഡിസ്ക്ലൈമെര്‍; ഇതില്‍ ഞാന്‍/എനിക്ക് എന്ന് വിവക്ഷിക്കുന്നത് ഇതിന്റെ രചയിതാവിനെ മാത്രമാണ്, അഗ്രഗേറ്ററുകള്‍ ഒരു സൌജന്യമായി ചെയ്യുന്ന ഇപ്പോ ഉള്ള വരുടെ നല്ല മനസ്സിനെ തീര്‍ച്ചയായും കുറച്ചു കാണിക്കുന്നതും ഇല്ല.)

45 comments:

സാജന്‍| SAJAN said...

പിന്‍‌മൊഴികള്‍ എന്തേ നിര്‍‌ത്തുന്നില്ല?


താങ്കള്‍ക്ക് ഈ പോസ്റ്റ് വായിക്കാം വായിക്കാതിരിക്കാം കമന്റിടാം , ഇടാതിരിക്കാം പക്ഷേ ഓഫ്ടോപ്പിക്ക് പാടില്ല, ഈ പോസ്റ്റിനേ ക്കാള്‍ വലിയ കമന്റ് പാടില്ല വേണമെങ്കില്‍ സ്കെയില്‍ വച്ച് അളന്നു നോക്കിക്കോ, മറ്റുള്ള പോസ്റ്റുകളെ പറ്റി പരസ്യങ്ങള്‍ പാടില്ല, വ്യക്തിഹത്യ എന്നെ ഒഴിച്ച് ആരേയും പാടില്ല (പക്ഷേ ഞാന്‍ സ്വീകരിക്കാത്ത കമന്റുകള്‍ കാഷ് ചെക്ക് അയക്കുന്നത് പോലെയാണ് നിങ്ങളുടെ അക്കൌണ്ടില്‍ തന്നെ കാണും ) അനോണിമസ് കമന്റുകള്‍ പാടില്ല :):)
എന്റെ കുറേ കാടന്‍ ചിന്തകള്‍!!!

കരീം മാഷ്‌ said...

പിന്മൊഴി ഞാന്‍ നിര്‍ത്തി. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടേ തുറക്കുന്നുള്ളൂ.
അതിനിടക്കു ഒന്നു ടോയ്ലറ്റില്‍ പോകണം.
രണ്ടു ദിവസം കൊണ്ടു പ്രഫൈലില്‍ വിവരം കാണാത്ത എത്ര പുതിയ ബ്ലോഗര്‍മാരെ കാണുന്നു
പിന്മൊഴിയില്‍.
(ആനന്ദിക്കുകയല്ലെ വേണ്ടത് - പക്ഷെ നല്ല പോസ്റ്റും ഇടട്ടെ അവര്‍)
“നിര്‍മ്മായ കര്‍മ്മണാ ശ്രീ”

മൂര്‍ത്തി said...

പിന്‍‌മൊഴി നിര്‍ത്തുന്നത് ബ്ലോഗിലെ സാംസ്ക്കാരിക അപചയങ്ങളുടെ പേരിലാവരുത് അത് പുതുതായി എഴുതി ത്തുടങ്ങുന്ന നൂറു കണക്കിനു ബ്ലോഗേഴ്സിനെ അടിച്ചാക്ഷേപിക്കുന്നതിനു തുല്യമാണ്.
സാജാ, 100% ശതമാനം യോജിക്കുന്നു. കുറച്ചുപേര്‍ എന്തെങ്കിലും പറഞ്ഞെന്നു വെച്ച് മൊത്തത്തില്‍ ആക്ഷേപിക്കുന്നത് ശരിയല്ല. എനിക്ക് കുറച്ചുകൂടി എഴുതണം എന്നുണ്ട്..ഇപ്പോ സമയമില്ല...

അപ്പു ആദ്യാക്ഷരി said...

സാജാ..കമന്റിലൂടെ പറയാനാഗ്രഹിച്ച കാര്യങ്ങളെല്ലാം ഒറ്റ പോസ്റ്റില്‍ പറഞ്ഞുതീര്‍ത്തല്ലോ. കൊടുകൈ.

പിന്നെ പിന്മൊഴി നിര്‍ത്തണം എന്ന, ഇപ്പോഴുയര്‍ന്നുവന്ന അഭിപ്രായം പിന്മൊഴി അനാവശ്യകമന്റുകള്‍ കുമിഞ്ഞുകൂടുന്ന ഒരു വേദിയായി മാറുന്നു എന്നതാണ്. ചില ബ്ലോഗുകളിലെ കമന്റുകള്‍ ഓഫ് ടോപ്പിക്കും, ചാറ്റും, തമാശച്ചവറുകളും ഒക്കെ ആയിപ്പോകുന്നതിന്റെ ഉത്തരവാദിവകള്‍ (80% എങ്കിലും) ആ പോസ്റ്റ് ഇട്ടവര്‍ തന്നെയാണ്. നല്ല നിലവാരമുള്ള പോസ്റ്റുകളില്‍ ഒരിടത്തും ഓ.ടോ. കുമിഞ്ഞുകൂടിയതായി ഞാന്‍ ശ്രദ്ധിച്ചിട്ടില്ല., കമന്റുകള്‍ 200 കവിഞ്ഞിട്ടുള്ള മിക്ക പോസ്റ്റുകളും കാര്യമാത്രപ്രസക്തമേ അല്ലായിരുന്നു എന്നതാണ് സത്യം.

പിന്നെ, ഗൂഗിള്‍ റീഡറും, ഷെയേര്‍ഡ് ലിസ്റ്റും ഒന്നും പിന്മൊഴി നല്‍കുന്ന സൌകര്യങ്ങള്‍ തരുന്നില്ല. ഒരു പോസ്റ്റിന്റെ ഉള്ളടക്കം എന്താണെന്ന് വളരെ ഈസിയായി മൂന്നോനാലോ പിന്മൊഴി കമന്റുകള്‍ കണ്ടാല്‍ മനസ്സിലാവുന്നതേയുള്ളൂ. എന്നാല്‍ തനിമലയാളത്തില്‍ ബ്ലോഗിന്റെ ക്യാപ്ഷന്‍ മാത്രം കണ്ട് ഒരു വായനക്കാരന്‍ തീരുമാനിക്കണം അതു വായിക്കണോ വേണ്ടയോ എന്ന്.

നമ്മള്‍ ഒരു ബ്ലൊഗ്ഫീഡ് സബ്സ്ക്രൈബ് ചെയ്യാതെ റീഡറില്‍ അത് വരുകയില്ല. അതിനാല്‍ത്തന്നെ പുതിയബ്ലോഗര്‍മാരെയോ അവരെഴുതിയതെന്തെന്നോ ആ രീതിയില്‍ അറിയാന്‍ കഴിയില്ല. നൂറുകണക്കിനു ഫീഡുകള്‍ റീഡറിലേക്ക് തുറന്നുവയ്ക്കുന്നതും അപ്രായോഗികം.

തനിമലയാളത്തില്‍ ഒരു പോസ്റ്റിന്റെ റ്റൈറ്റില്‍ പബ്ലീഷ് ചെയ്യുന്ന തീയതിയില്‍ വന്നു കഴിഞ്ഞാല്‍പ്പിന്നെ അത് താഴേക്ക് പോവുകയേ ഉള്ളൂ. എന്നാല്‍ പിന്മൊഴിയില്‍ ഓരൊ കമന്റു വരുമ്പോഴും മറ്റുള്ള വായനക്കാരെ ഇങ്ങനെയൊരു പോസ്റ്റ് ഒരാള്‍ വായിച്ചു, അതിന്റെ കമന്റ് ഇന്നതാണ് എന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നു പിന്മൊഴി.

ചുരുക്കത്തില്‍ ഒരു കിളിവാതിലിലൂടെ പുറത്തേക്ക് നോക്കുന്നതും, ഒരു ഉയരമുള്ള കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍നിന്ന് ചുറ്റുപാടുമുഴുവനും നോക്കിക്കാണുന്നതും പോലെയുള്ള വ്യത്യാസമാണ് പിന്മൊഴി തരുന്നത്. മറ്റെല്ലാ രീതികളും കിളിവാതിലുകള്‍ മാത്രം.

പിന്മൊഴി നോക്കുകയേ ചെയ്യാത്ത പല സീനിയര്‍മാരും പുതിയ തലമുറയേ അറിയുകയേ ഇല്ല എന്നതുതന്നെ തനിമലയാളം പോലുള്ള ബ്ലോഗ് ലിസ്റ്റുകള്‍ മാത്രം ആശ്രയിക്കുന്നതിന്റെ പോരായ്മ കാണിക്കുന്നു.

ഫില്‍റ്ററിടാനും, അവരവരുടെ പേരുകളുള്ള കമന്റുകള്‍ മാത്രം വായിക്കനും ഈ പിന്മൊഴി ഉണ്ടായതുകൊണ്ടല്ലേ സാധിക്കുന്നത്. പിന്നെ അതങ്ങ് നിര്‍ത്തണം എന്ന് അത്ര നിര്‍ബന്ധമാണെങ്കില്‍ നിര്‍ത്തിക്കോട്ടെ. കരീം മാഷ് പറഞ്ഞതിന്റെ താഴെ ഒരൊപ്പ്.

വലിയ കമന്റായിപ്പോയെങ്കില്‍ മാപ്പ്.

സാജന്‍| SAJAN said...

കരിം മാഷ് സീരിയസായി ആണ് ചോദിച്ചതെങ്കില്‍, ഉത്തരം5 പ്രൊഫൈലുകളാണ് തുറക്കാന്‍ കഴിയാതെ ഇരിക്കുന്നത് കഴിഞ്ഞ രണ്ടര ദിവസത്തെ മൊത്തം പിന്മൊഴി കമന്റില്‍!!ആകെ 7 കമന്റുകള്‍
ഇതില്‍ 3 ആശംസകള്‍, 2 നെഗറ്റീവ് കമന്റുകള്‍, 1 ചര്‍ച്ച , പദ്മാനഭന്‍ നമ്പൂതിരിയുടെ പോസ്റ്റില്‍, അഷയുടെ പോസ്റ്റില്‍, ഒരെണ്ണം ഞാന്‍ ഓര്‍ക്കുന്നില്ല ആണ് ആശംസകള്‍/ പോസിറ്റീവെ കമന്റുകള്‍ പേരുകള്‍ മനോജ്, രവി, രതീഷ്. നെഗറ്റീവ് കമന്റുകള്‍ ഒരാള്‍ സുധീഷ് എന്ന പേരില്‍ ഹരിയ്ക്കും , അഷോക് കര്‍ത്തായ്ക്കും, പിന്നെ ഒന്ന് ശ്രീവിദ്യ എന്ന പേരില്‍ ഒരു ചര്‍ച്ചയുടെ ഭാഗം അത് എന്റെ ഓര്‍മ ശരിയാണെങ്കില്‍ ദേവേട്ടന്‍ ക്ലിയര്‍ ചെയ്തെന്നു തോന്നുന്നു. ഇനിയും സംശയം ഇക്കര്യത്തില്‍ ഉണ്ടെങ്കില്‍ കരിം മാഷിന് ദയവായി ചോദിക്കാം കഴിയുന്നതാണെങ്കില്‍ ഞാന്‍ ക്ലാരിഫൈ ചെയ്യാം.:)
റ്റോയിലെറ്റില്‍ ഒക്കെ പോയിട്ട് പതിയെ വന്നാ മതി അതല്ലേ നല്ലത് തല്‍‌ക്കാലം ഈ പോസ്റ്റ് ഇവിടെ കാണും:))

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാജാ, പ്രണാമം.
ഛതീസ്ഗഢിലെ ഒരു കാട്ടുപ്രദേശത്ത്‌ ഒരു ഫാക്റ്ററി മെഡികല്‍ ഓഫീസറായിരിക്കുന്ന എന്നെ കൊണ്ട്‌ ഏതായാലും അഗ്രഗേറ്ററും സൈറ്റും ഒന്നും ഉണ്ടാക്കി കളിക്കുവാന്‍ സാധിക്കുകയില്ല.

അതു കൊണ്ട്‌ പിന്മൊഴി നിന്നാല്‍ ഇതു വരെ ജീവിച്ച പോലെ ഒക്കെ അങ്ങു ജീവിക്കും അല്ലാതെന്താ-

ഇതിന്റെ ഉപജ്ഞാതാക്കള്‍ക്ക്‌ പുതിയ ഏതെങ്കിലും കച്ചവടതന്ത്രമുണ്ടായിരിക്കാം -

ചുരുങ്ങിയ പക്ഷം അത്‌ നാമൊക്കെ പഠിച്ചെടുത്തുപയോഗിക്കുന്നതു വരെ എങ്കിലും പിന്മൊഴി ഇങ്ങനെ വലിച്ചു നീട്ടി കൊണ്ടു പോകുമായിരിക്കാം.

ജിമെയില്‍ പോലും മിക്‌കവാറും തുറക്കുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ജോലി ചെയ്യുന്ന എനിക്കൊന്നും അവര്‍ പറയുന്ന ഫീഡും ഫില്‍റ്ററും റീഡരും മറ്റും മറ്റും ഒന്നും തന്നെ മനസിലായിട്ടു കൂടിയില്ല.

തറവാടി said...

സാജാ , :)

എന്‍റ്റെ സ്റ്റോക്കെല്ലാം തീര്‍ന്നു :))

ദിവാസ്വപ്നം said...

qw_er_ty

സാജാ

ഒരു സാദാബ്ലോഗറുടെ (അതായത് എന്റെ) വീക്ഷണത്തില്‍, പിന്മൊഴി ഇപ്പോള്‍ ഉപകാ‍രത്തേക്കാളേറെ ഉപദ്രവമാണ് ഉണ്ടാക്കുന്നത്. പിന്മൊഴിയുടെ കടുത്ത ആരാധകരിലൊരാളായിരുന്നു ഞാനും. പക്ഷേ, പല ദോഷങ്ങളും ഗുണങ്ങളെ പിന്തള്ളുന്നതായി എനിക്കും തോന്നിത്തുടങ്ങിയിരുന്നു.

എന്തെഴുതിയാലും പിന്മൊഴി പോലെ ഒരു നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാം എന്ന ഗ്യാരണ്ടിയാണ് സത്യത്തില്‍, പലരെയും അരുതാത്തത്/ഒഴിവാക്കാമായിരുന്നത് പറയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ. ചീത്തത്തരം എഴുതുന്നത് അടുത്തറിയുന്ന പലരും കാണും എന്നതുകൊണ്ട്, അങ്ങനെ തന്നെ 99 ആളുകള്‍ ഒഴിവായിപ്പോകും.

പരസ്പരം അറിയാവുന്ന ചെറുഗ്രൂപ്പില്‍ ചെന്ന് ആരെങ്കിലും ചെറ്റത്തരം പറയാന്‍ ധൈര്യപ്പെടുമോ. അതുതന്നെയാണ് പിന്മൊഴി നിര്‍ത്തുന്നതിന്റെ ഒന്നാം നമ്പര്‍ ഗുണം.

പുതുതായി വരുന്ന ആളുകളില്‍ നിന്ന് പ്രതിഭയുള്ളവരെന്ന് തോന്നപ്പെടുന്നവരെ പൊതുശ്രദ്ധയിലെത്തിക്കാന്‍, പിന്മൊഴിയെക്കാള്‍ ഏറെ നല്ലത് ചെറുറീഡിംഗ് ഗ്രൂപ്പുകള്‍ തന്നെയാണ്. എത്രപണിപ്പെട്ടിട്ടും കഴിവുള്ള പല പുതുബ്ലോഗര്‍മാര്‍ക്കും വേണ്ടത്ര മോട്ടിവേഷന്‍ കൊടുക്കാന്‍ ആരെക്കൊണ്ടും പറ്റുന്നില്ല. പലവിഷയത്തില്‍ പെട്ട കമന്റുകള്‍ ഒന്നിച്ച് ഒരു സ്ഥലത്തേയ്ക്ക് വന്നുവീഴുന്നതിനിടയ്ക്ക് എത്ര ഹൈലൈറ്റ് ചെയ്താലും പുതുതായി വരുന്നവരെ പ്രോത്സാഹിപ്പിക്കാനോ മോട്ടിവേറ്റ് ചെയ്യാനോ പറ്റില്ല.

ചെറു റീഡിംഗ് ഗ്രൂപ്പുകള്‍ക്ക് ഒരു പൊതുഫോര്‍മാറ്റ് ഉണ്ടാവണം എന്ന് എനിക്കും ആഗ്രഹമുണ്ട്. അവിടേയ്ക്ക് താമസിയാതെ തന്നെ നമ്മള്‍ എത്തിച്ചേരും എന്നും പ്രതീക്ഷിക്കുന്നു. അതിനപ്പുറം, അങ്ങേയറ്റം വ്യത്യസ്ഥരായ മലയാളികള്‍ ഒരുകൂട്ടായ്മ എന്ന് കരുതി ഇവിടെ തുടരുന്നതില്‍ ഇനിയും ഒരര്‍ത്ഥവുമില്ല എന്നുതന്നെയാണ് എന്റെ തോന്നല്‍.

ഒരു മൂന്നോ നാലോ മാസം കൂടി ബ്ലോഗില്‍ തുടര്‍ന്നാല്‍ മിക്കവാറും സാജനും ഇതേമാതിരി ചിന്തിക്കുമെന്നാണ് എന്റെ തോന്നല്‍.

സമയം വൈകിയതിനാല്‍ ചുരുക്കുന്നു. എന്തെങ്കിലും പ്രസക്തമായതുണ്ടെങ്കില്‍, നാളെ ഇതേ സമയം ഇതേ സ്പോട്ടില്‍ വീണ്ടും കാണും വരെ നന്ദി, നമസ്കാരം.


(മുകളിലെഴുതിയിരിക്കുന്നതൊക്കെ 100% എന്റെ സ്വന്തം നിരീക്ഷണങ്ങളാണ്. മറ്റൊരു വ്യക്തിയുമായോ സംഘവുമായോ അതിനു യാതൊരു ബന്ധവുമില്ലായെന്നും വ്യക്തമാക്കിക്കൊള്ളുന്നു.


ഒരു മുട്ടന്‍ സ്മൈലി :))


സസ്നേഹം


നിങ്ങളുടെയൊക്കെ സ്വന്തം ദിവാകരന്‍

Cibu C J (സിബു) said...

? പിന്‍‌മൊഴികള്‍ എന്തേ നിര്‍‌ത്തുന്നില്ല?
= എന്നോടാണെങ്കില്‍ (പെരിങ്ങോടനോടാണെങ്കിലും) അധികാരമില്ലാത്തതുകൊണ്ട് എന്നുത്തരം. ഇപ്പോഴും വിശ്വത്തിനും ഏവൂരാനും പിന്മൊഴി ഉടനെ പിന്‍‌വലിക്കണം എന്നഭിപ്രായമില്ല. ശനിയനെ കണ്ടുകിട്ടിയാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ അപേക്ഷ :)

? ... പുതിയ ബ്ലോഗേഴ്സ് വന്നതു കൊണ്ടല്ല മലയാള ബ്ലോഗ് സാംസ്കാരിക അധ:പതനത്തിലേക്ക് കൂപ്പ് കുത്തി പോകുന്നത് കൊണ്ട്, ഇനി നിര്‍ത്തണമെങ്കില്‍ നിര്‍ത്തട്ടെ പിന്മൊഴിയെന്ന ആരംഭം മുതലേ വൃത്തികേടായ കക്കൂസ്.
= അപചയം മുമ്പേ തുടങ്ങിയതാണ് എന്നത്‌ ഞാനും സമ്മതിക്കുന്നു. പക്ഷെ, അത്‌ മനസ്സിലാക്കുവാനും മറുവഴികള്‍ കണ്ടുപിടിക്കാനും
താമസമെടുത്തു. നേരത്തെ നിറുത്തേണ്ടതായിരുന്നു...

? ഇന്ന് ഒരു സ്ത്രീ ബ്ലോഗറുടെ പോസ്റ്റില്‍ ഒരു അനാവശ്യ കമന്റിട്ടാല്‍ ഈ ഒരുമിച്ച് നില്‍ക്കുന്ന സമൂഹം പ്രതിഷേധിക്കും ?
= തുടക്കത്തിലൊഴികെ ഒരിക്കലും ഒരു കാര്യത്തിനും ബൂലോഗം ഒരുമിച്ച്‌ നിന്നിട്ടില്ല; അത്‌ മനുഷ്യസാധ്യവുമല്ല. സ്ത്രീകള്‍ ഇരകളാവുന്നുണ്ടെന്ന്‌ അവര്‍ തിരിച്ചറിയുന്നെങ്കില്‍ ഒരുമിച്ച് നില്‍ക്കേണ്ടതവരാണ്. അത്ര എണ്ണത്തില്‍ കുറവുള്ളവരല്ല സ്ത്രീ സൈക്ക് ഉള്ള ബ്ലോഗര്‍മാര്‍. ഓരോ ഇഷ്യൂവിലും ധാരാളം പുരുഷന്മാരും അവര്‍ക്ക്‌ സപ്പോര്‍ട്ട് കൊടുക്കും എന്നുറപ്പുമാണ്.

? പലരും ഊതിപെരുപ്പിച്ച് കൊട്ടിഘോഷിച്ച ലിങ്കുകളില്‍ മണിക്കൂറുകള്‍ പരതി നടന്നിട്ടും പിന്‍‌മൊഴിയെ പോലൊന്ന് എനിക്ക് കാണാന്‍ കിട്ടിയില്ല
= എന്താണ് ചെയ്യാനാവാഞ്ഞത്‌ എന്നു കൃത്യമായി പറഞ്ഞാല്‍ ഉത്തരം തരാമല്ലോ

തറവാടി said...

സാജാ , ഒന്നുകൂടി ,

വ്യക്തിഹത്യയെന്നു തോന്നുന്നെങ്കില്‍ ഡിലീറ്റ് ,

പിന്നില്‍ കുറെ നോക്കിയില്ലെ ( പിന്‍മൊഴിയുടെ ) , ഒന്നുകൂടി നോക്കൂ , എന്നിട്ട് , ബൂലോക ക്ളബ്ബിലെ ചില പോസ്റ്റുകളും വായിക്കൂ , അപ്പോള്‍ ഒന്നുകൂടി മനസ്സിലാവും

എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ഉടലെടുത്തിരിക്കുന്നത് അധികം പേരില്‍നിന്നൊന്നുമല്ലാ എന്നത്‌ :)

( ഒന്നും ചോദിക്കരുത് സ്വയം കണ്ടെത്തുക !!)

Haree said...

ഞാന്‍ റീഡര്‍ ഉപയോഗിക്കുന്നതെങ്ങിനെ?
പിന്മൊഴിയെ നന്നായി ഉപയോഗിച്ചിരുന്നയാളാണ് ഞാനും. എന്നാലിപ്പോള്‍ കൂടുതലായി ഗുഗിള്‍ റീഡറിനെ ആശ്രയിക്കുന്നു.

മലയാളത്തിലെ എല്ലാ പുതിയ പോസ്റ്റുകളും റീ‍ഡറിലെത്തുവാന്‍ സിബു ഉണ്ടാക്കിയിരിക്കുന്ന ഈ പൈപ്പ് ഉപയോഗപ്പെടുത്തിയാല്‍ മതിയാവും:
http://pipes.yahoo.com/pipes/pipe.info?_id=9r0R9ujr2xGfqo4pouNLYQ
ഇത് സബ്സ്ക്രൈബ് ചെയ്യുക. പുതുതായി മലയാളത്തില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ ബ്ലോഗുകളും ലിസ്റ്റ് ചെയ്യപ്പെടും.

വായിച്ച് ഇഷ്ടപ്പെടുന്ന ബ്ലോഗുകള്‍ ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട്. അങ്ങിനെ മൂന്നുപേരെങ്കിലും ഷെയര്‍ ചെയ്ത ബ്ലോഗുകള്‍ ഈ പൈപ്പിലൂടെ ലഭ്യമാവും: http://pipes.yahoo.com/pipes/pipe.info?_id=MjUdPboP3BGFbz10mLokhQ
ഈ പൈപ്പ് ഇപ്പോളത്ര ആക്ടീ‍വല്ല. പക്ഷെ, റീഡര്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതിനനുസരിച്ച് ഈ സബ്സ്ക്രിപ്ഷനിലും കൂടുതല്‍ പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കും. പിന്നെ ഈ മൂന്നെന്നുള്ളത് ഭാവിയില്‍ അഞ്ചോ ഏഴോ ഒക്കെ ആക്കാവുന്നതുമാണ്, അപ്പോള്‍ വിശ്വാസ്യത കൂടും.

നിങ്ങള്‍ ഇവിടെ നിന്നും ഏതെങ്കിലും പോസ്റ്റില്‍ കമന്റ് ചെയ്യുന്നെങ്കില്‍ ആ പോസ്റ്റ് സ്റ്റാര്‍ ചെയ്യുക. പിന്നീട് Starred items സെലക്ട് ചെയ്ത് അതാത് ബ്ലോഗില്‍ പോയി നിങ്ങളുടെ കമന്റിന് മറുപടി വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാവുന്നതാണ്.

പിന്മൊഴികളോട് കൂടുതല്‍ അടുപ്പം തോന്നുന്നത്, അവിടെ വരുന്ന എല്ലാ കമന്റുകളും, അത് നമുക്ക് റെലവന്റല്ലെങ്കില്‍ കൂടി വായിക്കുവാന്‍ കഴിയുന്നു എന്നതുകൊണ്ടാണ്. ഒന്നു കൂടി വിശദമാക്കിയാല്‍, ഒരാള്‍ താത്പര്യമില്ലാതെ തള്ളിക്കളഞ്ഞ ഒരു പോസ്റ്റ്. പിന്നീട് പിന്മൊഴിയിലെ കമന്റ് കണ്ട് ഒരു പക്ഷെ, അയാള്‍ തന്നെ അവിടെയെത്തി പോസ്റ്റ് വായിക്കാതെ, കമന്റിന് മറുപടിയിടുന്ന സാഹചര്യമുണ്ടാവാം. ആ മറുപടി പോസ്റ്റുമായി ബന്ധമുള്ളതാവണമെന്നില്ല, അങ്ങിനെ ചര്‍ച്ച വഴിതെറ്റാം. എന്നാല്‍ ഒരാള്‍ റീഡര്‍ ഉപയോഗിക്കുമ്പോള്‍ മനഃപൂര്‍വ്വമായി ഇത് ചെയ്തില്ലെങ്കില്‍, ഈ കുഴപ്പം ഉണ്ടാവില്ല. പോസ്റ്റ് വായിച്ച്, കമന്റ് ചെയ്ത് ആവശ്യമുള്ള പോസ്റ്റുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇനി, അത്ര സജീവമായ ചര്‍ച്ചയാണെങ്കില്‍ ആ കമന്റ് ഫീഡ് തന്നെ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്, താത്കാലികമായെങ്കിലും.

ഇത്രയും ഞാനെഴുതിയത്, പിന്മൊഴി ഉപയോഗിക്കാതെയും പുതിയ പോസ്റ്റുകള്‍ കാണാം, കമന്റ് ചെയ്തവ ട്രാക്ക് ചെയ്യാം, കൂടുതല്‍ പേര്‍ നിര്‍ദ്ദേശിക്കുന്ന (പിന്മൊഴിയില്‍ കൂടുതല്‍ പേര്‍ കമന്റ് ചെയ്യുന്നതിന് സമാനം, എന്നാല്‍ കൂടുതല്‍ ആധികാരികം) പോസ്റ്റുകള്‍ തിരഞ്ഞെടുക്കാം; ഇതൊക്കെ സാധിക്കും എന്ന് പറയുവാനാണ്.

ശ്രദ്ധിക്കുക: ഇത് പിന്മൊഴിക്ക് എതിരെയുള്ള എന്റെ പ്രചരണമല്ല, ദയവായി അങ്ങിനെയെടുക്കരുത്. എങ്ങിനെ റീഡര്‍ ഉപയോഗിക്കാം എന്നതില്‍ എന്റെ അറിവ് പങ്കുവെച്ചുവെന്നുമാത്രം.

സാജനോട് ഒരു ഓഫ്: പോസ്റ്റ് ബോഡി അലൈന്മെന്റ് Justify സെലക്ട് ചെയ്തിരിക്കുന്നതിനാല്‍ ഫയര്‍ ഫോക്സില്‍ ശരിയായ രീതിയിലല്ല ബ്ലോഗ് കാണിക്കുന്നത്. മറ്റ് അലൈമെന്റ് ഓപ്ഷനുകള്‍ ഉപയോഗിച്ചാല്‍ (Left, Ceter, Right) ഈ കുഴപ്പമുണ്ടാവില്ല, എന്നെപ്പോലെയുള്ള ഫയര്‍ഫോക്സ് ഉപയോക്താക്കള്‍ക്ക് അതൊരു അനുഗ്രഹമായിരിക്കും. :)
--

Haree said...

സോറി,
പൈപ്പ് അഡ്രസ് പൂര്‍ണ്ണമായി നേരത്തെയിട്ട കമന്റില്‍ കാണിക്കുന്നില്ല.
മലയാളം ബ്ലോഗ് സേര്‍ച്ച്
തിരഞ്ഞെടുത്ത പോസ്റ്റുകള്‍.
--

സാജന്‍| SAJAN said...

ഹരി നന്ദി, ഞാന്‍ ലെഫ്റ്റ് സൈഡില്‍ അലൈന്‍ ചെയ്തിട്ടുണ്ട്:)
qw_er_ty

സുല്‍ |Sul said...

സാ‍ജാ
വളരെ നല്ല ശ്രമം.
“പിന്‍‌മൊഴി നിര്‍ത്തുന്നത് ബ്ലോഗിലെ സാംസ്ക്കാരിക അപചയങ്ങളുടെ പേരിലാവരുത് അത് പുതുതായി എഴുതി ത്തുടങ്ങുന്ന നൂറു കണക്കിനു ബ്ലോഗേഴ്സിനെ അടിച്ചാക്ഷേപിക്കുന്നതിനു തുല്യമാണ്. “
ഇതു തന്നെയാണ് ഈ പോസ്റ്റിന്റെ പ്രസക്തി വ്യക്തമാക്കുന്നത്. ഒരു സീനിയര്‍ ബ്ലോഗര്‍ (അതു പിന്മൊഴിയുടെ അമരക്കാരില്‍ ഒരുവന്‍ ആണെങ്കിലും ശരി) അങ്ങനെ പറയരുതായിരുന്നു. പിന്മൊഴി നിര്‍ത്തുന്നെങ്കില്‍ നിര്‍ത്തട്ടെ. ഒരു വാതിലടയുമ്പോള്‍ ഒരായിരം വാതില്‍ തുറക്കപ്പെടും എന്നല്ലേ.

-സുല്‍

കരീം മാഷ്‌ said...

സാജനോടു (ആദ്യമായി ഒരു ശിക്ഷ ഞാന്‍ എനിക്കു തന്നെ നല്‍കട്ടെ!
ഉപയോഗിച്ച സര്‍ക്കാസത്തിനു ചെയ്യില്ലന്നു തീരുമാനിച്ചിട്ടും മനസ്സില്‍ നിന്നതു വിരലില്‍ വീണതിനു)
മലയാള ബ്ലൊഗിംഗിന്റെ വളര്‍ച്ച പൂര്‍ത്തിയായി ഇനി ആരെയും ആവശ്യമില്ല എന്ന ഭാവത്തില്‍ പാലം വലിച്ചു കടന്നു പോകുന്ന പാലം കടന്നവെരെന്നഹങ്കരിക്കുന്ന ഗുരുഭൂതങ്ങളെ പ്രശംസിക്കാന്‍ ഒരു സര്‍ക്കാസമല്ലാതെ മറ്റു എന്തു വഴി.
പുതുതായി എത്തുന്നവരെ സ്വീകരിക്കുന്നത്‌ വേണ്ട, പകരം നിരുത്സാഹപ്പെടുത്താതിരിക്കുന്നതാണു മാന്യത.
ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിച്ചെഴുതുന്നവരെ പൊക്കി കരക്കു കൊണ്ടുവന്നിടുന്ന പാതാളകരണ്ടിയാണു തനിമലയാളം. ആ തനിമലയാളത്തിലെ മുത്തുകളെ ചികഞ്ഞെടുത്തു ഡിസ്കഷന്‍ ടേബിളില്‍ വെക്കാന്‍ സഹായിക്കുന്നതാണു കമണ്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന പിന്മൊഴി സൂചിക.
ബ്ലോഗിലെ ഞാന്‍ കണ്ടിട്ടില്ലാത്ത്‌ വ്യക്തിത്വങ്ങളെ എനിക്കു മനസ്സില്‍ രൂപപ്പെടുത്തി തന്നത്‌ പിന്മൊഴിയാണ്‌. ഒരേ തൂവല്‍ പക്ഷികളെ കണ്ടെത്താനും അവര്‍ക്കിഷ്ടപ്പെട്ടതു ഞാനും ഇഷ്ടപ്പെടുന്നുവെന്നു തിരിച്ചറിഞ്ഞതും പിന്മൊഴി വഴി തന്നെ!
നവാഗതരെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ പിന്മൊഴിപാലം വലിക്കുന്നതു തനിക്കു ശേഷം പ്രളയം എന്ന ചിന്ത കൊണ്ടാണെന്നു പില്‍ക്കാലത്തു വായിക്കപ്പെടും.
പ്രശസ്തരായി എന്നു സ്വയം വിലയിരുത്തുന്നവര്‍ ഒന്നോര്‍ക്കുക ഒരാറുമാസം പോസ്റ്റിംഗും കമണ്ടിംഗും നിര്‍ത്തിവെച്ചാല്‍ ( കാണാമറയത്തായാല്‍) വിസ്മരിക്കാവുന്നതേയുള്ളൂ ഇന്റര്‍നെറ്റിലൂടെ നിങ്ങള്‍ നേടിയ പ്രശസ്തി.അല്ലങ്കില്‍ ഇന്റര്‍ നെറ്റു വഴിയല്ലാത്ത നിങ്ങള്‍ നേടിയ പ്രശസ്തിയെന്തെന്നു നിങ്ങള്‍ വെളിപ്പെടുത്തുക
പോയവരാരും പോയിട്ടില്ലന്നറിയാം. പക്ഷെ അവര്‍ നിരുത്സാഹ കമണ്ടുകള്‍ ഇടാന്‍ വേണ്ടി മാത്രം പ്രേതങ്ങളായി പിന്മൊഴിയില്‍ വരരുതെന്നപേക്ഷയുണ്ട്‌.
ഈ പ്രേതപ്പേരുകാരെ തിരിച്ചറിയാന്‍ വേഗം കഴിയും.
ഈ പ്രേതപ്പേരില്‍ അവര്‍ നല്ല രചനകള്‍ എഴുതില്ല.എഴുതുന്നതു ആക്ഷേപഹാസ്യമെന്നു അവര്‍ വിളിക്കുന്ന വ്യക്തിഹത്യകളും ചവറുകളും മാത്രമായിരിക്കും. കാരണം നല്ല രചനയിലൂടെ നേടുന്ന സല്‍പ്പേരു എന്തിനു പ്രേതത്തിനു നല്‍കണം. ഇനി അഥവാ എഴുതുന്നു വെങ്കില്‍ അവര്‍ ആ പേരു സത്യസന്ധമായ തൂലികാ നാമമായിട്ടായിരിക്കും ഉപയോഗിക്കുന്നത്‌.
സാജന്‍ ( ഞാന്‍ തിരിച്ചു വന്നു ഹാ ഒരാശ്വാസം..)

കരീം മാഷ്‌ said...

സാജനോടു (ആദ്യമായി ഒരു ശിക്ഷ ഞാന്‍ എനിക്കു തന്നെ നല്‍കട്ടെ!
ഉപയോഗിച്ച സര്‍ക്കാസത്തിനു ചെയ്യില്ലന്നു തീരുമാനിച്ചിട്ടും മനസ്സില്‍ നിന്നതു വിരലില്‍ വീണതിനു)
മലയാള ബ്ലൊഗിംഗിന്റെ വളര്‍ച്ച പൂര്‍ത്തിയായി ഇനി ആരെയും ആവശ്യമില്ല എന്ന ഭാവത്തില്‍ പാലം വലിച്ചു കടന്നു പോകുന്ന പാലം കടന്നവെരെന്നഹങ്കരിക്കുന്ന ഗുരുഭൂതങ്ങളെ പ്രശംസിക്കാന്‍ ഒരു സര്‍ക്കാസമല്ലാതെ മറ്റു എന്തു വഴി.
പുതുതായി എത്തുന്നവരെ സ്വീകരിക്കുന്നത്‌ വേണ്ട, പകരം നിരുത്സാഹപ്പെടുത്താതിരിക്കുന്നതാണു മാന്യത.
ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിച്ചെഴുതുന്നവരെ പൊക്കി കരക്കു കൊണ്ടുവന്നിടുന്ന പാതാളകരണ്ടിയാണു തനിമലയാളം. ആ തനിമലയാളത്തിലെ മുത്തുകളെ ചികഞ്ഞെടുത്തു ഡിസ്കഷന്‍ ടേബിളില്‍ വെക്കാന്‍ സഹായിക്കുന്നതാണു കമണ്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന പിന്മൊഴി സൂചിക.
ബ്ലോഗിലെ ഞാന്‍ കണ്ടിട്ടില്ലാത്ത്‌ വ്യക്തിത്വങ്ങളെ എനിക്കു മനസ്സില്‍ രൂപപ്പെടുത്തി തന്നത്‌ പിന്മൊഴിയാണ്‌. ഒരേ തൂവല്‍ പക്ഷികളെ കണ്ടെത്താനും അവര്‍ക്കിഷ്ടപ്പെട്ടതു ഞാനും ഇഷ്ടപ്പെടുന്നുവെന്നു തിരിച്ചറിഞ്ഞതും പിന്മൊഴി വഴി തന്നെ!
നവാഗതരെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ പിന്മൊഴിപാലം വലിക്കുന്നതു തനിക്കു ശേഷം പ്രളയം എന്ന ചിന്ത കൊണ്ടാണെന്നു പില്‍ക്കാലത്തു വായിക്കപ്പെടും.
പ്രശസ്തരായി എന്നു സ്വയം വിലയിരുത്തുന്നവര്‍ ഒന്നോര്‍ക്കുക ഒരാറുമാസം പോസ്റ്റിംഗും കമണ്ടിംഗും നിര്‍ത്തിവെച്ചാല്‍ ( കാണാമറയത്തായാല്‍) വിസ്മരിക്കാവുന്നതേയുള്ളൂ ഇന്റര്‍നെറ്റിലൂടെ നിങ്ങള്‍ നേടിയ പ്രശസ്തി.അല്ലങ്കില്‍ ഇന്റര്‍ നെറ്റു വഴിയല്ലാത്ത നിങ്ങള്‍ നേടിയ പ്രശസ്തിയെന്തെന്നു നിങ്ങള്‍ വെളിപ്പെടുത്തുക
പോയവരാരും പോയിട്ടില്ലന്നറിയാം. പക്ഷെ അവര്‍ നിരുത്സാഹ കമണ്ടുകള്‍ ഇടാന്‍ വേണ്ടി മാത്രം പ്രേതങ്ങളായി പിന്മൊഴിയില്‍ വരരുതെന്നപേക്ഷയുണ്ട്‌.
ഈ പ്രേതപ്പേരുകാരെ തിരിച്ചറിയാന്‍ വേഗം കഴിയും.
ഈ പ്രേതപ്പേരില്‍ അവര്‍ നല്ല രചനകള്‍ എഴുതില്ല.എഴുതുന്നതു ആക്ഷേപഹാസ്യമെന്നു അവര്‍ വിളിക്കുന്ന വ്യക്തിഹത്യകളും ചവറുകളും മാത്രമായിരിക്കും. കാരണം നല്ല രചനയിലൂടെ നേടുന്ന സല്‍പ്പേരു എന്തിനു പ്രേതത്തിനു നല്‍കണം. ഇനി അഥവാ എഴുതുന്നു വെങ്കില്‍ അവര്‍ ആ പേരു സത്യസന്ധമായ തൂലികാ നാമമായിട്ടായിരിക്കും ഉപയോഗിക്കുന്നത്‌.
സാജന്‍ ( ഞാന്‍ തിരിച്ചു വന്നു ഹാ ഒരാശ്വാസം..)

Cibu C J (സിബു) said...

ഹരീ ആ പൈപ്പുകള്‍ പഴയതാണ്. ശരിയാംവണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ തോന്നുന്നു. ഇതൊക്കെയാണ് ഞാനുപയോഗിക്കുന്ന പൈപ്പുകള്‍:

1. എല്ലാ പോസ്റ്റുകളും അറിയാന്‍
2. വായനാലിസ്റ്റുകളില്‍ റെക്കമെന്റ് ചെയ്തിരിക്കുന്ന പോസ്റ്റുകള്‍
3. കമന്റുകള്‍ കണ്ടുപിടിക്കാന്‍

പിന്നെ, ഈ വക കാര്യങ്ങളൊക്കെ ഇവിടെ എഴുതി പിടിപ്പിച്ചിട്ടുണ്ട്‌.

മുസ്തഫ|musthapha said...

"പക്ഷേ എന്റെ സംശയം വളരെ ലഘുവാണ്, ഈ പിന്‍‌മൊഴി നിര്‍ത്തുന്നതിനെ പറ്റി ഇത്രയും കോലാഹലം എന്തിനു .. ഒരു കമന്റ് കൊണ്ട് തീരാവുന്ന ഔപചാരികതയില്‍ അവസാനിപ്പിക്കാമല്ലോ മലയാള ബൂലോഗവും പിന്മൊഴിയും ആയുള്ള പൊക്കിള്‍ കൊടി ബന്ധം..."

എന്‍റെ സംശയവും ഇതുതന്നെ!

സാജാ നന്നായി പറഞ്ഞിരിക്കുന്നു - മിടുക്കന്‍

യരലവ~yaraLava said...

സ്റ്റോക് എക്സേഞ്ചിന്റെ ബെഞ്ചിലിരുന്നു ഷെയറിന്റെ കയറ്റിറക്കങ്ങള്‍ നോക്കിയിരിക്കുന്ന അകാംഷയേക്കാളും, എറെ കൌതുകമാണു എന്നെ സംബന്ധിച്ചിടത്തോളം പിന്മൊഴി; പിന്മൊഴിയില്‍ നിന്നും പോസ്റ്റിലേക്കും; പോസ്റ്റില്‍നിന്നു മറ്റു ചില്ലകളിലേക്കും ചാടിപ്പോവുന്ന ഒരുകുരങ്ങിന്റെ ഉന്മാദം; അതു ജോലിക്കിടയില്‍ തരുന്ന ബ്രയ്ന്‍ റിഫ്രെഷമെന്റ്; എവിടെയൊക്കെയോ ഇരുന്നു അയ്യൊ ..അമ്മേ ...എണ്റ്റെ നടുവേ..എന്ന വിളി...ഇതെല്ലാം കൂടിയ ഒരു ജീവിതം... സുന്ദരം.

പിന്മൊഴി ഇപ്പോല്‍ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണു; അതു ഇല്ലാതവുമോ എന്ന ആശങ്ക ഒത്തിരി മനപ്പ്രയാസമുണ്ടാക്കുന്നു; അത്തിക്കുറിശ്ശിയുടെ ‘അയ്യോ അച്ചാ പോകല്ലെ” എന്ന പോസ്റ്റില്‍ -തറവാടി‌- കമെന്റിയപോലെ വല്യപ്പനും വല്യമ്മയും കാശിക്കുപോവുന്നതിന് തറവാടു എന്തിനാ പൊളിച്ചു മാറ്റുന്നേ; ഞങള്‍ കൊച്ചു പിള്ളേര് കിടന്നു നിലവിളിക്കില്ലെ..?

പിന്മൊഴി തച്ചുടക്കുക എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്; എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം എന്താണു പിന്മൊഴി ഉണ്ടാക്കി വെക്കുന്ന പുകില് എന്നതാണ് എന്നാണു; ബസില്‍ കയറിയാല്‍ തോണ്ടിക്കളിക്കുന്ന നമ്മള്‍ നെറ്റിലായാലൂം തോണ്ടും; ആരും അറിയില്ല എന്നുണ്ടെങ്കില്‍ നല്ലോണം തോണ്ടും; ഒന്നു തോണ്ടി എന്നു കരുതി ബസ് ഓടേണ്ട എന്നു തീരുമാ‍നിച്ചാലോ; തോണ്ടല്‍ നിറ്തിയിട്ട് ബസോടുമോ...എങ്കില്‍ ഒന്നു കാണട്ടെ.

ഓ;ടോ: അര്‍ഹിക്കാതെ കിട്ടുന്ന അംഗീകാരത്തെ കുറിച്ച് ഒരു ഫീമെയില്‍ ഐഡികള്‍ ഒന്നും
പറഞ്ഞു കേട്ടില്ല; എന്റെ ഫീമൈല്‍ ബ്ലോഗില്‍ എത്ര കമെന്റുകളാ - ‍ എത്രയാ മെയിലുകള്‍; എന്തൊക്കെ സഹായവാഗ്ദാങളായിരുന്നു. ഇനി ഒരു കാര്‍ഡടിച്ചു കാശുക്കാനുള്ള വഴി നോക്കണം.

ഉണ്ണിക്കുട്ടന്‍ said...

ബൂലോകത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്നു രക്ഷിക്കാന്‍ ..
സംസ്കാരിക അപചയം അവസാനിപ്പിക്കാന്‍ ...
പൊതു കക്കൂസ് വൃത്തിയാക്കാന്‍ ...
പിന്മൊഴികള്‍ നിര്‍ത്തി ബൂലോകം നന്നാക്കാന്‍ ..

അല്ല എനിക്കാരെങ്കിലും ഒന്നു പറഞ്ഞു തരാമോ ബൂലോകത്തിനെന്താ പറ്റിയേ എന്ന്?അങ്ങും ഇങ്ങും എത്താത്ത കുറേ ചര്‍ച്ചകള്‍ അല്ലാതെ വേറൊരു കുഴപ്പവും ഞാന്‍ കാണുന്നില്ല.
ഒരിടത്തു ബൂലോകത്തു മുഴുവന്‍ ഞരമ്പു രോഗികള്‍ ആണെന്ന് വേറൊരിടത്തു കക്കൂസ്.
ഒരിടത്തും എത്താതെ പരസ്പരം കടിച്ചു കീറാന്‍ കുറെ ചര്‍ച്ചകളും ..
നടക്കട്ടെ....

[സാജാ ഇതു ഓഫാണെങ്കില്‍ എന്റെ മാപ്പു സ്വീകരിച്ച് ഈ കമന്റ് ഡിലിറ്റ് ചെയ്യുക]

Unknown said...

സാജാ:)
നന്നായി പറഞ്ഞിരിക്കുന്നു.
വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയതൊക്കെ കരീം മാഷ് പറഞ്ഞിരികുന്നു ആയതിനാല്‍ അതിനു ചുവട്ടില്‍ ഞാനൊരൊപ്പു വെക്കുന്നു.

ആവനാഴി said...

പിന്‍‌മൊഴി എന്ന സംവിധാനം എനിക്കു വളരെ പ്രയോജനപ്രദമായി അനുഭവപ്പെടുന്നുണ്ട്.

കമന്റുകളുടെ ആധിക്യം മൂലം പലപ്പോഴും പുതിയ പോസ്റ്റുകള്‍ വല്ലതും ഉണ്ടോ എന്നറിയണമെങ്കില്‍ ആര്‍ക്കൈവില്‍ പോയി നോക്കണം എന്നൊരു അസൌകര്യമാണു ഞാന്‍ കാണുന്നത്.

അതിനു പരിഹാരമുണ്ടല്ലോ.

ബ്ലോഗറുടെ പേരും പോസ്റ്റിന്റെ തലക്കെട്ടും പോസ്റ്റിലെ ആദ്യത്തെ രണ്ടു മൂന്നു വരികളും മാത്രം പിന്‍‌മൊഴിയില്‍ പ്രത്യക്ഷപ്പെടുന്ന സംവിധാനം അതിന്റെ ഉപജ്ഞാതാക്കള്‍ ഉണ്ടാക്കിയാല്‍ ആ പ്രശ്നം തീരുമല്ലോ.

Haree said...

സിബുവിനോട്,
പുതിയ പൈപ്പ് ലിങ്കുകള്‍ക്ക് നന്ദി. പക്ഷെ, കമന്റ് കാണിക്കുന്നത് ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ശ്രമിച്ചിട്ട് നടക്കുന്നില്ലല്ലൊ! അത് സൈറ്റില്‍ പോയി റണ്‍ ചെയ്യുക തന്നെവേണം, അല്ലേ? ഇന്‍പുട്ടായി മലയാളം ടെക്സ്റ്റ് നല്‍കുന്നതാണെന്നു തോന്നുന്നു പ്രശ്നം.
--

ശാലിനി said...

സാജാ,
എനിക്ക് ഇതിന്റെ സാങ്കേതികവശമൊന്നും അറിയില്ല. ഓഫീസില്‍ കിട്ടുന്ന ഇടവേളകളിലാണ് ഞാന്‍ ബ്ലോഗുകള്‍ വായിക്കുന്നത്. ഇതില്‍ ഫില്‍ട്ടറും , റിഡറും .. അങ്ങനെയുള്ള കാര്യങ്ങള്‍ലൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല. കഴിവതും എല്ലാ ബ്ലോഗുകളും വായിക്കാന്‍ ശ്രമിക്കുന്നുണ്ട്. ധാരാളം വായിക്കുമായിരുന്ന എനിക്ക് ഈ ദേശത്ത് വന്നപ്പോള്‍ പുസ്തകങ്ങളുടെ ആ കൂട്ട് നഷ്ടപ്പെട്ടു. മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ അതു ആ വായനയുടെ സുഖം പിന്നേയും കിട്ടിതുടങ്ങി. ഇവിടെ എനിക്ക് കൂടുതല്‍ നല്ലതെന്നു തോന്നിയത് - ഒരു പുസ്തകം അല്ലെങ്കില്‍ അച്ചടിച്ച ലേഖനം വായിച്ചാല്‍ അതെഴുതിയിരിക്കുന്ന ആളുടെ കാഴ്ചപ്പാട് / അറിവ് മാത്രമാണ് നമുക്ക് കിട്ടുന്നത്. എന്നാല്‍ ബ്ലോഗില്‍ വന്നപ്പോള്‍, അതില്‍ വരുന്ന കമന്റുകളിലൂടെ വായനക്കാര്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങള്‍ / അറിവുകള്‍ കൂടിയാകുമ്പോള്‍ കുറച്ചുകൂടി നല്ലതെന്നു തോന്നി. പല പോസ്റ്റുകളിലേയും കമന്റുകള്‍ വായിക്കാന്‍ ഞാന്‍ പിന്നേയും ആ പോസ്റ്റുകളില്‍ പോകാറുണ്ട്. ആ കമന്റുകള്‍ അറിയുന്നത് പിന്മൊഴിയിലൂടെയായിരുന്നു. പോസ്റ്റുകളുടെ വില കുറച്ചുകാണുകയല്ല, പക്ഷേ പലകമന്റുകളും ആ പോസ്റ്റുകളുടെ ഗുണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തിരിച്ചും സംഭവിച്ചിട്ടുണ്ടാവാം. നല്ലതിനെ എടുത്തു, കൊള്ളാത്തതിനെ തള്ളുക എന്നതാണ് എന്റെ സ്വഭാവം.

പറഞ്ഞുവന്നത്, രാവിലെ വന്ന് തനിമലയാളത്തിലെ പോസ്റ്റുകള്‍ വായിച്ച്, പിന്നീട് സമയം കിട്ടുമ്പോള്‍ പിന്മൊഴിയിലേക്കാണ് പോകാറ്. കാണാതെ പോയ പോസ്റ്റുകള്‍ - കൂടുതല്‍ പോസ്റ്റുള്ളപ്പോള്‍ ചിലപ്പോള്‍ രാവിലെ ഞാന്‍ തനിമലയാളം തുറക്കുന്നതിന് മുന്‍പുതന്നെ, അത് ലിസ്റ്റില്‍ നിന്ന് മാറിയേക്കാം - പിന്മൊഴിയില്‍ വരുന്ന കമന്റിലൂടെയാണ് പലപ്പോഴും ആ പോസ്റ്റുകളേകുറിച്ച് അറിയുന്നത്.

പിന്മൊഴി അതിന്റെ ഉടമസ്ഥര്‍ക്ക് ബുദ്ധിമുട്ടില്ല എങ്കില്‍ തുടര്‍ന്നാല്‍ കൊള്ളാം എന്ന് ആഗ്രഹമുണ്ട്. അത് അവരുടെ തീരുമാനത്തെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്. കുറച്ചുപേരൊക്കെ ഇതിനകം പോയികഴിഞ്ഞു, പിന്നെയും പല ബ്ലോഗേര്‍സും ഈ സേവനം വേണ്ട എന്നു വയ്ക്കുന്നുണ്ട്. ഈ വേണ്ട എന്നു വച്ചവര്‍ മറ്റു ബ്ലോഗുകളില്‍ കമന്റിടുമ്പോള്‍ ‘കൊരട്ടി‘ ഇട്ടാല്‍ അവരുടെ കമന്റുകള്‍ ഒന്നും തന്നെ പിന്മൊഴിയില്‍ വരില്ലല്ലോ. അങ്ങനെ ആവശ്യമുള്ളവര്‍ക്കു വേണ്ടി അതു നിലനിന്നാല്‍ നന്നായിരുന്നു. ഈ പിന്മൊഴി സംവിധാനം ഉള്ളിടത്തോളം കാലം ഞാന്‍ ഇത് ഉപയോഗിക്കമെന്ന് ആഗ്രഹിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ശാലിനീ, കൊടുകൈ! നന്നായി പറഞ്ഞൂ പിന്മൊഴിയുടെ ഉപയോഗ.

അതേ, ഓഫീസിലെ ഒഴിവുസമയങ്ങളില്‍ ബ്ലോഗ് വായിക്കുന്നവര്‍ക്ക് പിന്മൊഴി എങ്ങനെയാണ് പ്രയോജനപ്പെടുക എന്ന് ശാലിനി പറഞ്ഞത് അതേപടി ശരിയാണ്. കമന്റുകള്‍ പിന്മൊഴിയിലേക്ക് വരുന്നത് തടഞ്ഞ ബ്ലോഗര്‍മാര്‍ക്ക് ഞങ്ങളെപ്പോലുള്ള വായനക്കാരെ തീര്‍ച്ചയായും നഷ്ടമാവാനേ അവരുടെ തീരുമാനം സഹായിക്കൂ, അത് അവര്‍ക്ക് ഒരു നഷ്ടമല്ലെങ്കിലും!.

കണ്ണൂസ്‌ said...

ഇതിനിടക്ക്‌ ഒരു സീനിയര്‍-ജൂനിയര്‍ ധ്രുവീകരണം ഉണ്ടായതെങ്ങനെയെന്നോ, പുതിയ ബ്ലോഗര്‍മാര്‍ കാരണമാണ്‌ അപചയം സംഭവിച്ചത്‌ എന്ന ധാരണ പടര്‍ന്നതെങ്ങനെയെന്നോ മനസ്സിലാവുന്നില്ല. പണ്ടും, പിന്‍മൊഴി ചാറ്റിംഗിന്‌ വളം വെച്ചിരുന്നു. എല്ലാവരും സമൃദ്ധമായി അര്‍മാദിക്കുകയും ചെയ്തിരുന്നു. അന്ന് ബ്ലോഗുകള്‍ എണ്ണത്തില്‍ കുറവായതു കാരണവും, ഗൌരവ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ താരതമ്യേന വളരെ കുറവായതു കാരണവും അതൊരു പ്രശ്നം ആയിരുന്നില്ല എന്ന് മാത്രം. ഇന്ന് അപ്പു പറഞ്ഞ പോലെ ഒരുപക്ഷേ കാര്യപ്രസക്തമല്ലാത്ത ബ്ലോഗുകളില്‍ മാത്രമായിരിക്കാം ചാറ്റിംഗ്‌ നടക്കുന്നത്‌. പക്ഷേ, ആ ചാറ്റിംഗ്‌ പിന്‍മൊഴിയില്‍ വരുന്നുവെന്നതും, ആയിരത്തിനടുത്ത്‌ ആള്‍ക്കാര്‍ പിന്‍മൊഴി പിന്തുടരുന്നതു കാരണം അത്തരത്തില്‍ കാര്യപ്രസക്തമല്ലാത്ത ബ്ലോഗുകളില്‍ നടക്കുന്ന ചാറ്റിംഗ്‌ മാത്രമേ ശ്രദ്ധിക്കപ്പെടുന്നുള്ളുവെന്നതും ഒരു വസ്തുതയല്ലേ?

പിന്‍മൊഴി നിര്‍ത്തലാക്കണമെന്ന് പറയാന്‍ ദേവന്‍ പറഞ്ഞ പോലെ എനിക്കും അര്‍ഹതയൊന്നുമില്ല. ഇനി അത്‌ നിര്‍ത്തണം എന്ന് തന്നെയാണ്‌ നടത്തിപ്പുകാരുടെ തീരുമാനമെങ്കില്‍, സമയവും സൌകര്യവുമുള്ള ആരെങ്കിലും അത്‌ അവരില്‍ നിന്ന് ഏറ്റെടുത്ത്‌ നടത്തുന്നതിനേക്കുറിച്ച്‌ ആലോചിച്ചു കൂടേ? (സാങ്കേതികമായി ഇത്‌ കഴിയുമോ എന്നെനിക്കറിയില്ല).

ശിശു said...

നിര്‍ത്തുന്നെ നിര്‍ത്തട്ടെ സാജാ, ആകശം ഇടിഞ്ഞുവീഴുമോ ഇല്ലയൊ എന്ന് നോക്കാമല്ലൊ?,

ഇതൊരു വെല്ലുവിളിയായി എടുത്താല്‍ മതി. പിന്മൊഴി ഇല്ലാതെതന്നെ എഴുതാന്‍ കഴിയുമൊ എന്നും എഴുതിയാല്‍ ആരെങ്കിലും വായിക്കുമൊ എന്നും അറിയാമല്ലൊ,

തറവാടി said...

ഹഹ , ശിശുവേ , ഞാന്‍ റ്റൈപ് ചെയ്തത് വെറുതെയായി , അപ്പോഴേക്കും താങ്കളിട്ടു :)

ശിശു said...

അതു സാരമില്ലതറവാടി ചേട്ടായ്, റ്റൈപ് ചെയ്തത് ഇടന്നെ, സാജനൊരു ധൈര്യമാകട്ടെ.. യേത്

Unknown said...

ശിശൂ,
വെല്ലുവിളി നടത്തേണ്ട കാര്യമൊന്നുമില്ല. പിന്മൊഴി ഇല്ലെങ്കില്‍ 80% പേരും എന്റേയോ നിങ്ങളുടെയോ ബ്ലോഗ് കാണാന്‍ പോകുന്നില്ല. ഫോണിലൂടെയോ ചാറ്റിലൂടെയോ ലിങ്ക് കൊടുത്ത് വരുന്നവര്‍ കാണും.

qw_er_ty

സുല്‍ |Sul said...

പിന്മൊഴിക്കു പകരക്കാരന്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ഒന്നു കണ്ടുനോക്കു.

http://groups.google.com/group/marumozhikal/topics?hl=ml

-സുല്‍

Vanaja said...

വിപുലമായ ബ്ളോഗു വായനയോ എഴുത്തോ എനിക്കില്ല. കമണ്റ്റിലീല്‍ അതിലും കുറവ്‌. സമയക്കുറവും പിന്നെ എഴുതാനുള്ള മടിയും തന്നെ കാരണം. പക്ഷെ ഞാനെഴുതുന്നത്‌ മറ്റുള്ളവര്‍ കാണണമെന്നും അതെപറ്റിയുള്ള അഭിപ്രായം അറിയണമെന്ന്‌ ആഗ്രഹവും ഉണ്ട്‌.(മറ്റുള്‍ലവരും അങ്ങനെ തന്നെ ആയിരിക്കുമന്നും കരുതുന്നു).

ബ്ളോഗാന്‍ തുടങ്ങിയിട്ട്‌ മൂന്നു മാസം ആയെങ്കിലും പിന്‍മൊഴി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്‌ ഒരു മാസത്തിലധികം ആയിട്ടില്ല. പിന്‍മൊഴി ഉപയോഗിക്കുന്നതിനു മുന്‍പും അതിനു ശേഷവും ഉള്ള വ്യത്യാസം എനിക്ക്‌ നേരിട്ടറിയാം. കൂടുതല്‍ ഹിറ്റുകള്‍ എനിക്കിപ്പോള്‍ കിട്ടുന്നുണ്ട്‌. പ്രശസ്തരായ ബ്ളോഗര്‍മാര്‍ക്ക്‌ ഒരു പക്ഷേ അങ്ങിനെയല്ലയിരിക്കാം. പക്ഷേ എന്നെപ്പോലെ അപ്രശസ്തയായ ഒരു ബ്ളോഗര്‍ക്ക്‌ * പിന്‍മൊഴി വളരെ സഹായകരമാണ്‌.

ഇങ്ങനെയൊരു ചര്‍ച്ച വരാന്‍ കാരണം അനാവശ്യ കമണ്റ്റുകള്‍ ഇടുന്നതിന്‌ പിന്‍മൊഴി കാരണമാവുന്നു എന്നതാണല്ലോ. ഒന്നു പറയട്ടെ, ഇന്നലെ എണ്റ്റെ ഏറ്റവും പുതിയ പോസ്റ്റില്‍ (പിന്‍മൊഴി കണ്ടിട്ടാവണം ) ഒരാള്‍ വന്ന്‌ കമണ്റ്റി. അതു വായിച്ചിട്ട്‌ മനുഷ്യത്വത്തിനു നേരെ കൊഞ്ഞനം കുത്തുന്നതു പോലെയാണ്‍' തോന്നിയത്‌. കണ്ട ഉടനെ തന്നെ ആ കമണ്റ്റ്‌ ഞാന്‍ ഡിലീറ്റു ചെയ്യ്തു. മറു കമണ്റ്റ്‌ ഇട്ടതുമില്ല. പിന്‍മൊഴിയില്‍ എണ്റ്റെ മറുപടി കാണാഞ്ഞിട്ടാവണം പുള്ളി ഒന്നു രണ്ടു തവണ വീണ്ടും ബ്ളോഗില്‍ വന്നു നോക്കിയിട്ടു പോയി. പ്രതീക്ഷിച്ചതു കിട്ടി കാണില്ല. എന്തെങ്കിലും മറുപറ്റി ഇട്ടിട്ടുണ്ടെങ്കില്‍ വീണ്ടും അത്തരത്തിലുള്ള കമണ്റ്റ്‌ ഇടാനായിരിക്കുമല്ലോ വന്നത്‌. എനിക്കു തോന്നുന്നത്‌ മോശം കമണ്റ്റുകള്‍ ഇടുന്നവര്‍ ബോധപൂര്‍വം തന്നെ യായിരിക്കുമത്‌ ചെയ്യുന്നത്‌. അങ്ങനെയുള്ളവര്‍ പിന്‍മൊഴിയില്ലെങ്കിലും അതു ചെയ്യും. പിന്നെ രണ്ടു പേര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ (വ്യക്തിപരമായ അടച്ചാക്ഷേപിക്കലും തെറിവിളിയുമൊഴികെ:- അല്‍പം കളിയാക്കലും പരിഹാസവും തെറ്റില്ലെന്നാണെനിക്കു തോന്നുന്നത്‌)ഇപ്പറഞ്ഞ കൂട്ടത്തില്‍ കൂട്ടേണ്ട കാര്യവുമില്ല. പിന്‍മൊഴിയില്‍ വരുന്ന കമണ്റ്റുകള്‍ സമയം കിട്ടുമ്പോള്‍ വായിക്കാറുണ്ട്‌. പോസ്റ്റിനോടു ബന്ധമില്ലെങ്കിലും നല്ല തമാശകള്‍ (വളിപ്പല്ല)ആസ്വദിക്കാറുമുണ്ട്‌.

പിന്നെ, വായനകാരനെ ഉണ്ടാക്കേണ്ടത്‌ ബ്ളോഗെഴുതുന്ന ആളിണ്റ്റെ കടമയാണെന്നു പറഞ്ഞു കേട്ടു. 100% ശരിയുമാണത്‌. പക്ഷേ പ്രൊഫഷണലായി ബ്ളോഗഴുത്തിനെ കാണുന്നവര്‍ എത്ര പേരുണ്ടിവിടെ? (മനു പറഞ്ഞ കൂട്ടത്തില്‍ പെടുന്നവരാകും അധികവും) 10 പേരെങ്കിലും വരുമോ? അപ്പോള്‍ എത്ര പേര്‍ ഇതിനൊക്കെ മിനക്കെടും?

പിന്‍മൊഴി കക്കൂസാണോ അല്ലയോ എന്നറിയില്ല. ആണെങ്കില്‍ ആരെങ്കിലുമൊക്കെ അങ്ങനെ ആക്കിയതായിരിക്കുമല്ലോ. ആയിരത്തില്‍പരം വരുന്ന മലയാളം ബ്ളോഗര്‍മാരില്‍ അതിനുത്തരവാദികളായവര്‍ എത്ര പേരുണ്ടാവും? അതിനുള്ള ശിക്ഷ എല്ലാവരും അനുഭവിക്കണോ?

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നെങ്ങാണ്ടു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. (ചുമ്മാ... )

*ബ്ളോഗിനി, പെണ്‍ബ്ളോഗര്‍ ,സ്ത്രീബ്ളോഗര്‍ പിന്നെ, ഫെമിനിസ്റ്റ്‌ ഈ വാക്കുകളൊടൊന്നും ഒരു താല്‍പര്യാവുമില്ല.

സാജാ, ഇത്രയും വലിയ ഒരു കമണ്റ്റിടുന്നതിതാദ്യം.

സാജന്‍| SAJAN said...

വനജേ മാപ്പാക്കുക, അതുമൊരു സ്ത്രീ ബ്ലോഗറുടെ പോസ്റ്റില്‍ എന്ന് ഞാന്‍ എഴുതിയത് അങ്ങേയറ്റം പോസിടീവ് ആയാണ് ഞാന്‍ സാധാരണ പുരുഷന്‍‌മാരെക്കാള്‍ ബഹുമാനം സ്ത്രീകള്‍ക്കാണ് കൊടുക്കാറുള്ളത് അതിനാല്‍ കൂടുതല്‍ മാനിക്കേണ്ടവരെ പൊലും മാനിച്ചില്ലല്ലൊ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ (സ്ത്രീ ബ്ലോഗറായിട്ട് കൂടെ, എന്ന ധ്വനി) എഴുതിയത്, വേണമെങ്കില്‍ തിരുത്താം:):)

Vanaja said...

ഏയ്‌, ഞാനത്‌ സാജനെയെന്നല്ല, ആരേയും ഉദ്ദെശിച്ചു പറഞ്ഞതല്ല. ചിലടത്തൊക്കെ കണ്ടതു കൊണ്ട്‌ പറഞ്ഞന്നേയുള്ളൂ.അങ്ങനെ പറയുന്നത്‌ ബഹുമാനക്കുറവുകൊണ്ടാനെന്നും അര്‍ഥമില്ല. പിന്നെ അത്‌ തികച്ചും വ്യക്തിപരമായ അഭിപ്രായവുമാണ്‌.

സാജന്‍ വിഷമിക്കണ്ട.

qw_er_ty

ഗുപ്തന്‍ said...

സാജാ...

ഞാന്‍ എന്റെ ബ്ലോഗിലെ പോസ്റ്റ് ഡ്രാഫ്റ്റിലാക്കൈയതില്‍ സന്തോഷം തോന്നിയത് ഇപ്പോഴാണ്. ഓണ്‍ലൈന്‍ എഡിറ്റര്‍ വച്ച് തട്ടിക്കൂട്ടിയതായിരുന്നു അത്. എഴുതാനുള്ളതെല്ലാം എഴുതിയതും ഇല്ല.

ചര്‍ച്ച നടന്ന സ്ഥലത്ത് അവസാനം വന്ന ചില കമന്റൂകള്‍ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായത് ഇതാണ്. അവരായിട്ട് തുടങ്ങിവച്ച സൌജന്യ ബൂലോഗ സേവനം നിറുത്തണമെന്ന് അവര്‍ /അവരില്‍ ഭൂരിഭാഗം തീരൂമാനിക്കുന്നു. എന്നിട്ട് ആ അഭിപ്രായം ബ്ലോഗര്‍മാരുടെ മുഴുവന്‍ അഭിപ്രായം ആക്കി മാറ്റാവുന്ന തരത്തില്‍ വിശദമായ ഒരു പോസ്റ്റൂം ചര്‍ച്ചയും സംഘടിപ്പിക്കുന്നു. അവര്‍ പറയാനുദ്ദേശിക്കുന്നത് പറയാത്തവരെ ഒന്നുകില്‍ ഉപദേശിച്ചു നന്നാക്കുന്നു അല്ലെങ്കില്‍ അവഗണിക്കുന്നു. വന്ന ന്യായങ്ങള്‍ ഇവിടെ പലതും പൊളിച്ചുവച്ചതിനു നന്ദി.

ബ്ലോഗിന്റെ സൌന്ദര്യം നഷ്ടപ്പെടാതെ വായിക്കാവുന്ന പിന്മൊഴിപോലെ ഉപയോഗിക്കാന്‍ എളുപ്പമോ പൊതുസ്വഭാവമോ ഉള്ള ഒരു ക്രമീകരണവും പകരം നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.

അവസാനം എത്തിനില്‍ക്കാവുന്ന ഒരു ന്യായം ഒരാള്‍ എന്റെ പോസ്റ്റിലും ഇട്ടിരുന്നു. പിന്മൊഴി ആതിന്റെ ദൌത്യം നിറവേറ്റാന്‍ പ്രാപ്തമല്ലെന്ന് അതുണ്ടാക്കിയ്യവര്‍ക്ക് തോന്നി. അവര്‍ അതു പിന്‍ വലിക്കുന്നു. (തനിക്കെന്തവകാശം പ്രതികരിക്കാനെടാ കൂവേ എന്ന് ധ്വനി) അവകാശമില്ല. അതുകൊണ്ട് ഒന്നും പറയാനുമില്ല.

പക്ഷേ ഇതു പൂട്ടാനായിട്ട് മുന്നിട്ടിറങ്ങിയ ചിലരെങ്കിലും ഉള്ളില്‍ പറയുന്നതു എനിക്ക് കേള്‍ക്കാം. ഇതുകൊണ്ട് എനിക്ക് നേടാനുള്ളതെല്ലാം നേടി: ഇനി വരുന്നവന്‍ സ്വന്തം കാര്യം നോക്കിക്കൊള്ളണം. മറുപടിയുണ്ടോ... ഇല്ല.

എന്റെ വായില്‍ ബൂലോഗവിജ്ഞാനം കോരിവച്ചുതന്ന് ആരും കഷ്ടപ്പെടണമെന്ന് ശഠിക്കാന്‍ പാടില്ലല്ലോ. പക്ഷേ അതിനുള്ള നീണ്ടകാരണങ്ങള്‍ കേട്ടാണ് ഞെട്ടലുണ്ടായത്. അതിനുള്ള നല്ല മറുപടിയാണീ പോസ്റ്റ്. അതുകൊണ്ടുതന്നെ പ്രസക്തവും.

Vanaja said...

saja monte paiyaa, njaan atukkala vare poya neram kont patichchatha.
delete cheythekkam.

Cibu C J (സിബു) said...

ഹരീ, കമന്റ് ഫീഡും സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ഹരീയുടെ പേര് എടുത്തുപറഞ്ഞിട്ടുള്ള കമന്റുകള്‍ മാത്രം തരുന്ന ഈ ഫീഡ് നോക്കൂ.

ഞാന്‍ തന്ന പൈപ്പില്‍ പാറ്റേണുകള്‍ ആവശ്യാനുസരണം കൊടുത്ത് Run ഞെക്കി കിട്ടുന്ന റിസള്‍ട്ടുകളുടെ ഫീഡ്‌ സബ്സ്ക്രൈബ് ചെയ്താല്‍ മതി.

Mr. K# said...

ഞാന്‍ ഇതു വരെ ഒരു അഗ്രഗേറ്ററും ഉപയോഗിച്ചിട്ടില്ല. പിന്മൊഴിയില്‍ ഇട്ടിരുന്ന ഫില്‍ട്ടറുകള്‍ ആവശ്യമുള്ള ബ്ലോഗുകള്‍, കമന്റുകള്‍ കണ്ടുപിടിക്കാന്‍ വളരെ സഹായകമായിരുന്നു. പലരും പറയുന്ന പോലെ ചില ബ്ലോഗുകളിലെ കമന്റു പെരുമഴകളും എന്നെ ബാധിച്ചിരുന്നില്ല. കാരണം ആ കമന്റുകള്‍ വായിക്കാന്‍ എനിക്കിഷ്ടമായിരുന്നു എന്നതു തന്നെ. ചിലപ്പോള്‍ മടുപ്പു തോന്നിയാല്‍ ഒരു ഫില്‍റ്റര്‍ സെറ്റു ചെയ്യും, ആ ബ്ലോഗില്‍ നിന്നും ഒരു ദിവസം വരുന്ന കമന്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യാന്‍, പിറ്റേ ദിവസം ആ ഫില്‍റ്റര്‍ എടുത്തു മാറ്റുകയും ചെയ്യും. കമന്റു മഴയില്‍ പോസ്റ്റുകള്‍ കാണാന്‍ പറ്റുന്നില്ല എന്ന പ്രശ്നം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല പിന്മൊഴിയില്‍ നിന്ന്.

പിന്മൊഴി ഇന്ന് നിര്‍ത്തിയാല്‍ എനിക്ക് ഒരു പ്രശ്നവുമില്ല. നിലവില്‍ എനിക്ക് താല്പര്യമുള്ള എല്ലാവരുടെയും ലിങ്കുകള്‍ എന്റെ കൈയില്‍ ഉണ്ട് (അതിനും കടപ്പാട് പിന്മൊഴിക്ക്). അതു ബാധിക്കുക പുതിയതായി ബ്ലോഗ് എഴുതിത്തുടങ്ങുന്നവരെ മാത്രമാണ്. അവര്‍ക്ക് കമന്റുകള്‍ കിട്ടുന്നത് പ്രോത്സാഹനമായിട്ടാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പുതിയ ആള്‍ക്കാര്‍ വേണ്ട, പഴയവരില്‍ നിലവാരമുള്ളവര്‍ മാത്രം എഴുതിയാല്‍ മതിയെങ്കില്‍ അങ്ങനെ ആയിക്കോട്ടെ.

പിന്മൊഴിയുടെ അപചയത്തെക്കുറിച്ച് പറയുകയാണെങ്കില്‍, അനോണിയെ തല്ലിക്കൊല്ലാന്‍ കൂട്ടുചേര്‍ന്ന്, അതിനെ തല്ലിക്കൊല്ലുന്നതിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും അടിച്ച്, പഴയ കണക്കുകള്‍ തീര്‍ത്ത്, പരസ്പരം ചെളിവാരിയെറിഞ്ഞ്, കമന്റുകള്‍ 200 കടത്തുമ്പോള്‍ ആലോചിക്കണമായിരുന്നു. ഈ കലാപരിപാടിയില്‍ പങ്കെടുത്ത/പങ്കെടുക്കുന്ന പലര്‍ക്കും എന്താണ് സംഭവം എന്നറിയുമായിരുന്നില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത. എല്ലാവരും മനോധര്‍മം പോലെ ചെളി വാരിയെറിഞ്ഞു. മലയാളഭാഷക്ക് ഗുണമുള്ള ഒരു കമന്റ് ഉണ്ടായിരുന്നോ അതില്‍? എന്നിട്ട്, അനോണി ചത്തോ, അതും ഇല്ല. ആ പോസ്റ്റ് കണ്ടപ്പോള്‍ പണ്ട് കേട്ടിട്ടുള്ള, മുതലപിടിച്ചേ എന്നു നിലവിളിച്ച അലക്കുകാരന്റെ കഥയാണ് ഓര്‍മ്മ വന്നത്. അവിടെ നിന്നു അടി കിട്ടിയവര്‍ ഇപ്പോഴും പോസ്റ്റുകള്‍ ഇട്ട് എണ്ണിപ്പെറുക്കിക്കൊണ്ടിരിക്കുകയാണ്. അവരില്‍ പലരും വിട്ടുപോയിക്കൊണ്ടിരിക്കുന്നു.

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് എന്താണെന്നു വച്ചാല്‍, പിന്മൊഴി നിറുത്തണമോ വേണ്ടയോ എന്നത് അതിന്റെ ഉടമസ്ഥര്‍ തീരുമാനിക്കും. അതിനെക്കുറിച്ചോര്‍ത്ത് ആരും വിഷമിക്കേണ്ട കാര്യം ഇല്ല എന്ന് :-)

സാജന്‍| SAJAN said...

ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കട്ടെ,
പോസ്റ്റ് വായിക്കുകയും അഭിപ്രായം അറിയിക്കുകയൂം ചെയ്ത എല്ലാ മാന്യ ബൂലോഗര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി ഞാന്‍ അറിയിക്കട്ടെ..


സാധാരണ ഞാന്‍ തീരെ ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങളല്ല ഓഫ് ടോപ്പിക് , അനോണിമസായ കമന്റുകള്‍ എന്നിവ ഒഴിവാക്കിക്കുകയും..ചെയ്യുന്നത്:( ഞാന്‍ വളരെ ബഹുമാനിക്കുന്ന , എന്നാല്‍ എനിക്ക് വ്യക്തി പരമായ പരിചയമില്ലാത്ത ചില വ്യക്തികള്‍ അനോണിമസായാണ് എഴുതുന്നത് അടുത്തത്, പിന്നെ എത്രയെത്ര ഗംഭീരന്‍ കമന്റുകള്‍ ഓഫിലാണ് ഉടലെടുത്തിരിക്കുന്നത്, എന്നിട്ടും ഈ പോസ്റ്റില്‍ അങ്ങനെയെരൊ ഓപ്ഷന്‍ വെക്കാനുള്ള കാരണം ടോപിക്കില്‍ നിന്നു കൊണ്ടു മാത്രം സംസാരിക്കാന്‍ കഴിയും എന്നും ഈ ചര്‍ച്ച ഒരു പക്ഷേ ചൂടു പിടിച്ചു പോയാല്‍ , അതു മുഖാന്തരം പിന്മൊഴി നിറഞ്ഞു കവിഞ്ഞ് ഇതിന്റെ സംഘാടകര്‍ അപ്പൊ തന്നെ അത് കുഴിച്ചു മൂടി പോവാതിരിക്കനും കൂടെയാണ്:)

ഇതില്‍ ക്രീയാത്മകമായി പങ്കെടുത്ത് ഈ വിഷയത്തിന്റെ സന്ദേശം എല്ലാ മിക്കവാറും എല്ലാ ബ്ലോഗേഴ്സിലും എത്തിച്ച് ഈ പോസ്റ്റിന്റെ ഉദ്ദേശം സഫലമാക്കിയ എല്ലാ ബ്ലോഗേഴ്സിനും ഒരിക്കല്‍ കൂടെ എന്റെ ഹൃദയം നിറഞ്ഞ ന്നന്ദി!!!!

ഈ ചര്‍ച്ചയുടെ ഔട്ട് കമായി എനിക്ക് തോന്നിയത്, ഇതില്‍ അഭിപ്രായം എഴുതിയ സിബു, ദിവ എന്നിവര്‍ ഒഴിച്ച് എല്ലാവരും പിന്മൊഴിയെ നില നിര്‍ത്തിക്കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്, ഹരിക്ക് ന്യൂട്രല്‍ അഭിപ്രായം ആണ് സിബുവും പിന്‍‌മൊഴി ഇപ്പൊ തന്നെ അവസാനിപ്പിക്കും എന്നുള്ള രീതിയില്‍ ഒരഭിപ്രായവും എഴുതിയില്ല
സിബുവിന്റെ സൌമ്യതയെയും, ലാളിത്യത്തേയും ഞാന്‍ ആദരിക്കുന്നു. താങ്കളെ പോലെയുള്ള സീനിയര്‍ ബ്ലോഗേഴ്സ് ആണ് തീര്‍ച്ചയായും പുതിയ തലമുറയുടെ മാര്‍ഗദര്‍ശി:)
പക്ഷേ ഈ പോസ്റ്റിട്ടതിനു ശേഷം സമാന ചിന്താഗതിയിലുള്ള പല പോസ്റ്റുകളിലും വന്ന കമന്റുകളും കൂട്ടി ചേര്‍ത്ത് വായിച്ചപ്പോള്‍ ഞാന്‍ വ്യാകുലപ്പെടുന്നത് പോലെ പിന്മൊഴിയുടെ അപചയം ഇന്നാളുകളില്‍ അല്ല ആരംഭിച്ചതെന്നും അതുകൊണ്ട് തന്നെ പുതിയ ബ്ലോഗേഴ്സ് മാത്രമല്ല ഇതിനു കാരണക്കാരെന്നും വ്യക്തമായി, അതു തന്നെ നല്ല കാര്യം, പോസ്റ്റിന്റെ സന്ദേശം ഉള്‍ക്കൊള്ളാനായല്ലൊ.. ഇവിടെ എഴുതിയ ആരുടേയും അഭിപ്രായത്തിന്റേയും കൂടെ ഞാന്‍ ഒന്നും കൂട്ടിച്ചേര്‍‌ക്കാന്‍ ആഗ്രഹിക്കുന്നില്ല, എങ്കിലും ചില സംശയങ്ങള്‍ ദുരീകരിക്കണമെന്ന് മാത്രം ആഗ്രഹിക്കുന്നു. ഇവിടെ സീനിയേഴ്സ് ജൂനിയേഴ്സ് വേര്‍തിരിവ് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല അങ്ങനെയുണ്ടെന്നാരും ഈ പോസ്റ്റില്‍ എഴുതിട്ടില്ല, അതുകൊണ്ട് നാളെ അങ്ങനെ ആയിക്കൂടാ എന്നും ഇല്ല അങ്ങനെയാരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അത് അവരുടെ വ്യക്തിപരമായ അനുഭവത്തിലായിരിക്കും ഏതു കാര്യത്തിലും ചില എക്സ്മ്പെഷന്‍സ് ഉണ്ടല്ലൊ ഇതും അത് പോലെന്ന് വിചാരിക്കണമെന്ന് തോന്നുന്നു...:)


പിന്‍‌മൊഴി തുടരുന്നെങ്കില്‍ തുടരട്ടെ, അവസാനിപ്പിക്കുന്നെങ്കില്‍ അവസാനിപ്പിക്കട്ടെ, അത് ഉള്ളയിടത്തോളം കാലം ഞാന്‍ അവിടെ തുടരും , ഒരിക്കല്‍ കൂടെ ആ സരംഭത്തിനു പിന്നാലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സസന്തോഷം നന്ദി പറയുന്നു
ഈ പോസ്റ്റിന്റെ ചര്‍ച്ച അവസാനിച്ച സ്ഥിതിക്ക് ഇതിന്റെ കമന്റുകള്‍ക്ക് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
കമന്റുകളുടെ മലവെള്ള പാച്ചിലില്‍ പെട്ട് ഈ ചര്‍ച്ച വിഫലം ആവാതിരിക്കട്ടെ!!!
(ഇതും ബ്ലോഗില്‍ ഒരു പുതിയ തുടക്കമാവട്ടെ)

സുല്‍ |Sul said...

ഇവിടെ ഇനി സീനിയര്‍ ജൂനിയറിനു പകരം പിന്മൊഴിക്കു മുമ്പ്, പിന്മൊഴിയില്‍, പിന്മൊഴിക്കു ശേഷം എന്നീ 3 ഗ്രൂപ്പുകള്‍ക്ക് ചാന്‍സ് ഉണ്ട്. :)
(ഓഫ് ആണെങ്കില്‍ സഹിക്കുക. പിന്മൊഴി നിര്‍ത്തുന്നത് വരെയുള്ളു. അതു കഴിഞ്ഞാല്‍ ഓഫുകള്‍ക്ക് പുണ്യകാലം.

-സുല്‍

സൂര്യോദയം said...

സാജാ... ഉഗ്രന്‍ പോസ്റ്റ്‌...

കാര്യമായി ഒന്നിനെയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം സന്തോഷപ്രദം... കേള്‍ക്കാനും കാണാനും കൊള്ളരുതാത്തവയുടെ നേരെ ചെവി പൊത്തുകയോ കണ്ണടയ്ക്കുകയോ ചെയ്താല്‍ മനസ്സ്‌ സന്തോഷം...

ബ്ലോഗിംഗ്‌ തുടങ്ങുന്ന കാലത്ത്‌ പിന്മൊഴികളുടെ പ്രാധാന്യം ഈ മേഖലയിലേയ്ക്ക്‌ കൈ പിടിച്ച്‌ ഉയര്‍ത്തിയവര്‍ (ഉയര്‍ന്നിട്ടുണ്ടെങ്കില്‍) പറഞ്ഞ്‌ തന്നതനുസരിച്ച്‌ ധരിച്ചു. അത്‌ നിര്‍ത്തുകയോ, മാറ്റുകയോ, പെയിന്റ്‌ അടിക്കുകയോ ആകട്ടെ... തല്‍ക്കാലം എന്നെ ബാധിക്കുന്നില്ല . കാരണം, ഞാന്‍ അതില്‍ നോക്കിയല്ല പോസ്റ്റുകളില്‍ എത്താറ്‌... പിന്നെ, ഇതില്ലെങ്കിലുള്ള മറ്റ്‌ സംവിധാനങ്ങളെക്കുറിച്ചും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചും വായിക്കാത്തതിനാലും പഠിക്കാത്തതിനാലും ഉപയോഗിക്കാത്തതിനാലും അഭിപ്രായം പറയാന്‍ വയ്യ...

അഞ്ചല്‍ക്കാരന്‍ said...

ഈ പോസ്റ്റിലേക്കുമെത്തിയത് പിന്മൊഴിയിലൂടെയാണ്. പിന്മൊഴി എന്ന അറിയിപ്പു പലകയിലൂടെ അറിയിപ്പുകള്‍ ഇട്ട് തന്നെയാണ് പലരും പാലം വലിക്കാന്‍ തക്ക കഴിവുള്ളവരായതും. അല്ലെന്ന് വേണമെങ്കില്‍ പറയാം. അല്ല അങ്ങിനെ പറയണം. ഇരിക്കുംകൊമ്പ് മുറിക്കാത്തവനെന്ത് മലയാളി.

പിന്നെ സാജാ ഒരു സ്വകാര്യം:
“കണ്ടതും കേട്ടതും” എന്നപേരില്‍ ഞാനൊരു കട കഴിഞ്ഞ ആഗസ്റ്റില്‍ തുറന്നിട്ടിട്ടുണ്ട്. ആള്‍ത്തിരക്കൊന്നുമില്ലെങ്കിലും ഇടക്കൊക്കെ ഞാന്‍പൊടിതട്ടി കസ്റ്റമറേയും നോക്കി ഈച്ചയടിച്ച് ഇരിക്കയാണ്. പൂട്ടണമെങ്കില്‍ പൂട്ടിയേക്കാം.
ഇതാണ് വിലാസം http:\\www.kantathumkettathum.blogspot.com

SUNISH THOMAS said...

ഇത്രയ്ക്കൊക്കെ സങ്കടപ്പെടാന്‍ എന്തിരിക്കുന്നു ചേട്ടാ, ഭൂലോകം പോലെ തന്നെ ബൂലോഗവും. അടിപിടി, തല്ല് എല്ലാമുണ്ടാകും. അതിന്നിടയിലുമുണ്ടാകും സ്നേഹം, സത്യം തുടങ്ങിയവ. നമുക്ക് ഇഷ്ടം ഏതാണെന്നു വച്ചാല്‍ അതിനൊപ്പം നില്‍ക്കുക. പറയാനുള്ളതു തുറന്നു പറയുക. കാലില്‍ കയറിയ മുള്ള് അപ്പോള്‍ വലിച്ചൂരി കളയുമ്പോളത്തെ വേദന നിസ്സാരമാണ്, അതവിടെയിരുന്നു പഴുത്തു വെണ്ണീറായിക്കഴിഞ്ഞ ശേഷം ഊരാന്‍ ആലോചിക്കുമ്പോഴത്തേതിനെക്കാളും....

പോസ്റ്റ് ഇഷ്ടമായി. ഈ വിഷയത്തില്‍ അല്‍പം വ്യത്യസ്തമായത്.

സസ്നേഹം,
സുനീഷ്.

qw_er_ty

chithrakaran ചിത്രകാരന്‍ said...

പ്രിയ സാജന്‍,
പോസ്റ്റ്‌ വായിച്ചു. നന്നായിരിക്കുന്നു. കൊടുത്ത ലിങ്ക്‌ കണ്ടു... വായിച്ചു ചിരിച്ചു.
അതില്‍ അതുല്യയുടെ നല്ലൊരു കമന്റുണ്ടായിരുന്നു.അതുമാത്രം വിലമതിക്കുന്നു.
പലതും അനാവശ്യ വാശികൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍.

ശ്രീ said...

സാജന്‍‌ ചേട്ടാ...
കുറെ വൈകിയാണ് ഈ പോസ്റ്റ് വായിക്കുന്നത്... എന്നാലും നല്ല ലേഖനം തന്നെ....
ഈ വര്‍‌ഷം മാത്രം ബ്ലോഗ് എഴുതി തുടങ്ങിയ ആളെന്ന നിലയില്‍‌ ഈ പോസ്റ്റിന് ഞാനും 100% പിന്തുണ തരുന്നു....