Sunday, December 23, 2007

എല്ലാ മലയാളി ബ്ലോഗര്‍ക്കും സ്നേഹപൂര്‍‌വം!

23/12/07

എത്രയും പ്രീയമുള്ള ഓരോ മലയാളി ബ്ലോഗര്‍ക്കും കുടുംബാംഗങ്ങള്‍ക്കും,
എല്ലാര്‍ക്കും സുഖമല്ലേ?
ഇവിടെ ഞങ്ങളും സുഖായി ഇരിക്കുന്നു,
ബെനോയും അപ്പൂസും വീണ്ടുമൊരു സമ്മര്‍ അടിച്ചുപൊളിക്കാനുള്ള തയാറെടുപ്പിലാണ്.
പക്ഷേ നമ്മളൊക്കെ അടിച്ചുപൊളിച്ച വേനലവധിക്കാലത്തിന്റെ അയല്‍‌പക്കത്ത് വരുമോ അവരുടെ ഒക്കെ അടിച്ചുപൊളി, പാവങ്ങള്‍!

എല്ലാര്‍ക്കും ഒന്നെഴുതണമെന്ന് കരുതിയിട്ട് നാളേറെയായി, തിരക്കില്പെട്ടു പോവുന്നു എന്നത് ഒരു എക്സ്ക്യൂസ് അല്ലെന്ന് അറിയാം , എന്തുപെട്ടെന്നാണ് 2007 പോയത് , തിരിഞ്ഞു നോക്കുമ്പോ ജീവിതത്തില്‍ എന്തെല്ലാം പുതിയ കാര്യങ്ങള്‍ അല്ലേ? വീണ്ടും പുതിയ ഒരു വര്‍ഷം കൂടെ എത്തുകയായ്, പുതിയ ആഗ്രഹങ്ങളും കൂടെ ചെല റെസലൂഷനുകളും, ഇത്തവണയും ഒക്കെ നന്നായി നടക്കട്ടെ അല്ലേ?

ഇത് ഞാന്‍ പബ്ലീഷ് ചെയ്യുമ്പോഴേക്കും താമസിച്ചുപോവുമോ എന്നൊരു ഭയവും ഉണ്ടാര്‍‌ന്നു, ഞങ്ങള്‍ വീണ്ടും വീടൊന്നു മാറി, കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ടാം തവണയാണ് ഈ മാറ്റം. ഓരോ തവണയും മാറുമ്പോ ഇനി വയ്യേ ഇതു അവസാനത്തേതാണെന്ന് കരുതും , മുബൈയില്‍ ഒറ്റമുറി ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നപ്പൊ ഉള്ള സൌകര്യം പോലും ഇല്ലാ ഈ മൂന്നു ബെഡ്‌റൂം വീടുകള്‍ക്ക് എന്ന് തോന്നിയാല്‍ പിന്നെ മാറാതിരിക്കുമൊ?

വീട് മാറുമ്പോ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ്, പിന്നെയുള്ള ഒരാഴ്ച ബോക്സുകള്‍ക്ക് ഇടയില്‍ താമസിക്കണം എന്നുള്ളത് മറ്റൊരു പ്രശ്നം സര്‍വീസുകളെല്ലാം റീ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നുള്ളതും ആണ്, അങ്ങനെയങ്ങനെ അവസാനം കമ്പ്യൂട്ടെറും ഇന്റെര്‍‌നെറ്റും ഒക്കെ കിട്ടിവരുമ്പോഴേക്കും വീണ്ടും ഒരാഴ്ച, ക്രിസ്മസ്സ് അവധിക്കാലമായതിന്റെ തിരക്കൊട്ടും പറയാനുമില്ല.എന്തായാലും രണ്ടാഴ്ച ബ്ലോഗിലേക്കും എത്തി നോക്കാന്‍ കഴിഞ്ഞില്ലാ എന്തോരം നല്ല പോസ്റ്റുകള്‍ മിസ്സായോ എന്തോ?

ഒരരികീന്നു തീര്‍ക്കണം, പയ്യെത്തിന്നാല്‍ നേരം വെളുക്കുമ്പോഴേക്കും പായും തിന്നാമെന്നല്ലെ

എന്തായാലും പുതിയ കണക്ഷനൊക്കെ കിട്ടി വന്നപ്പോഴേക്കും ക്രിസ്മസ്സ് ദാന്നു വന്നതു പോലെയായി.
എനിക്കേറ്റവും ഇഷ്ടമുള്ള മാസമാണ് ഡിസെംബര്‍, എന്താ കാരണമെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ ഈ ക്രിസ്മസ്സും ന്യൂ ഇയറും ഒക്കെ അടുത്ത് വരുന്നതാണോ അതോ ക്രിസ്മസ്സ് വെക്കേഷനു സ്വന്തം വീട്ടില്‍ വരാന്‍ കഴിഞ്ഞിരുന്നത് കൊണ്ടാണോ, ,ഇനിയും ഒരുപക്ഷേ പ്രഭാതങ്ങളിലുള്ള ആ കുഞ്ഞു കുളിരും , ചെറിയ നാളുകളില്‍ തണുപ്പുള്ള രാത്രിയില്‍ ക്രിസ്മസ്സ് കാരളുകളില്‍ ക്രിസ്മസ്സ് വിളക്കും തൂക്കി ചെറിയ സംഘത്തോടും പാട്ടും പാടി വീടുകള്‍ തോറും കയറിയിറങ്ങി നടന്നതിന്റെ നോസ്റ്റാള്‍ജിയായാണോ എന്നൊന്നും അറിയില്ല പക്ഷേ ഇപ്പൊ ഡിസെംബര്‍ എന്ന് കേള്‍ക്കുമ്പോ ഉള്ള കുളിരുള്ള അനുഭവം ഓര്‍മയായി മാറുന്നു; ഇവിടെ ഡിസെംബര്‍ ചൂട് കാലമാണ്.

എങ്കില്‍ ഈ ചൂടു കാലത്ത് ഒന്ന് കറങ്ങാന്‍ പോണമെന്നൊക്കെ വെച്ചാ, ഇടക്കൊക്കെയുള്ള മഴയും ഒരു രസം കൊല്ലിയാവുന്നു,കഴിഞ്ഞ ആഴ്ച മഴയോടൊപ്പം ആലിപ്പഴവും പെയ്തിരുന്നു, കാണാനും കേള്‍ക്കാനും നല്ല രസമുണ്ടായിരുന്നുവെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 250 മില്ല്യന്‍ ഡോളറായിരുന്നു നഷ്ടം. പിന്നെ ഇന്‍‌ഡ്യയുടെ പ്രാക്ടീസ് മാച്ച് മഴയില്‍ ഒലിച്ച് പോയതു പത്രങ്ങളില്‍ വായിച്ചു കാണുമല്ലൊ, ചുരുക്കിപ്പറഞ്ഞാല്‍ മോഹങ്ങളും മോഹഭംഗങ്ങളും ഒന്നിനോടൊന്നു ചേര്‍ന്ന് ജീവിതം ഇങ്ങനെ ഒഴുകുന്നു. എങ്കിലും എന്നത്തെയും പോലും ഇപ്പോഴും ഞങ്ങള്‍ ഹാപ്പിയാണ്.

മറ്റ് വിശേഷങ്ങള്‍ ഒന്നുമില്ല, ബാക്കി പിന്നീട്, മറുപടി പ്രതീക്ഷിച്ചുകൊണ്ട് തല്‍‌ക്കാലം നിര്‍ത്തട്ടെ !

സ്നേഹപൂര്‍വം സാജന്‍.


എല്ലാ ബ്ലോഗേഴ്സിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടെ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ക്രിസ്മസ്സ് പുതുവത്സാരാശംസകള്‍!!!

Thursday, December 13, 2007

മലയാളം ബ്ലോഗര്‍ മന്ത്രിയായാല്‍!ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ സി ദിവാകരന്‍ പ്രസംഗമദ്ധ്യേ പറഞ്ഞുപോയ ഒരു വാചകത്തിന്റെ അലകള്‍ ഇനിയും ശമിച്ചിട്ടില്ലല്ലോ .ബ്ലോഗില്‍ ഈ വിഷയത്തേ പറ്റി കുറഞ്ഞത് ഒരു അഞ്ചു തവണയെങ്കിലും പോസ്റ്റുകളും അനുബന്ധ ചര്‍ച്ചകളും ഉണ്ടായി. അതില്‍ മിക്ക പോസ്റ്റുകളിലൂ‍ടെ കയറിയിറങ്ങിപ്പോയ ഞാന്‍ ശ്രദ്ധിച്ച ഒരുകാര്യം എല്ലാവരും അദ്ദേഹത്തെ അപലപിച്ചു കണ്ടു, എന്നാല്‍ പകരം മന്ത്രി എന്തായിരിക്കണം പറയേണ്ടത് എന്ന് ആരും എഴുതിക്കണ്ടില്ല.


രണ്ട് വര്‍ഷത്തിനുമുമ്പ് പത്ത് രൂപ അമ്പത് പൈസയുണ്ടാര്‍ന്ന ഒരു കിലോ അരി ഇപ്പോ പത്തൊമ്പത് മുതല്‍ ഇരുപത്തിരണ്ട് രൂപവരെ വില വര്‍ദ്ധിച്ചപ്പോള്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഭരിക്കുന്ന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ, ഒരു ബദല്‍ ഭക്ഷണത്തെ പറ്റി എന്തുകൊണ്ട് നമുക്കൊന്നു ചിന്തിച്ചുകൂടാ?

ഒരു നിമിഷം, താങ്കളായിരുന്നു മന്ത്രി സി ദിവാകരന്റെ സ്ഥാനത്തെങ്കില്‍ എന്തായിരിക്കും പകരം നിര്‍ദ്ദേശിക്കുമായിരുന്നത് ഒന്നു ചിന്തിച്ചു നോക്കുന്നത് കൊണ്ട് പ്രത്യേകിച്ചു കുഴപ്പമൊന്നും വരാനില്ലെങ്കില്‍ ഒരു അഭിപ്രായം എഴുതാമോ, ആര്‍ക്കറിയാം ഒരുപക്ഷേ നമ്മുടെ നാടിന്റെ ഭക്ഷ്യസംസ്ക്കാരം തന്നെ താങ്കളുടെ ഒറ്റ വാചകം കൊണ്ട് മാറിപ്പോയാലോ? ചുമ്മാ ഒന്നു ട്രൈ ചെയ്യൂന്നേ:)

(ചിത്രം കടപ്പാട്: കേരളാ കൌമുദി വെബ് എഡിഷന്‍)

Thursday, December 6, 2007

ഈ സ്ത്രീ ബ്ലോഗര്‍ ആര്?

ലാവിഷായി ഒരു കുപ്പി കള്ളും മോന്തി കൂട്ടത്തില്‍ ടച്ചിങ്ങ്സിനായി കരിമീന്‍ ഫ്രൈ വാങ്ങിക്കഴിച്ചിട്ട്
നല്ല ഒരു തുക ബില്ലും അടച്ച് അത്ര ചെറുതല്ലാത്ത ടിപ്പും കൊടുത്ത് ബാക്കി പൈസ ബാഗിലിട്ട് ഇതൊക്കെയും ആരെങ്കിലും കണ്ടോ എന്ന് തിരിഞ്ഞു നോക്കി വരുന്ന ഈ മഹിളാരത്നം ആരെന്ന് പറയാമോ
? ക്ലൂ: അറിയണമെന്നാശയുള്ളവര്‍ പഴയസിനിമാപ്പാട്ടുകള്‍ ഓരോന്നായി മൂളിനോക്കൂ

Monday, August 20, 2007

പഴയ കാര്‍ വാങ്ങുമ്പോള്‍

മിക്ക യുവാക്കളേയും പോലെ , ഒരു കാലത്ത് കാറുകള്‍ എന്നു പറഞ്ഞാല്‍ എനിക്ക് ഒരു ഒന്നൊന്നര വട്ട് തന്നെ യായിരുന്നു, രൂപ 4 അക്കത്തില്‍ കൂടാത്ത വരുമാനമുള്ള മുംബൈയിലെ ആദ്യ നാളുകളിലും പോപ്പുലര്‍ കാര്‍ ബസാറില്‍ ഇടക്കൊക്കെ പോയി ഒന്നു വില ചോദിക്കുകയും ഉള്ളതില്‍ മുന്തിയ തരം തന്നെ എടുത്തേക്കാം എന്ന് ഭാവിച്ച് അവിടൊക്കെ ചുറ്റിപറ്റി നടക്കുകയും ചെയ്ത് ചെയ്ത് എന്നെ അവിടുത്തെ സെയില്‍‌സ് മാന്‍ മാര്‍ക്കൊക്കെ ഒരു വിധം പരിചയമാകുകയും ചെയ്തിട്ടും എനിക്ക് സ്യൂട്ടബിള്‍ ആയ ഒരു വണ്ടിയും അവിടെ വന്നില്ല, കാരണം മറ്റൊന്നുമല്ല ഒരു പതിനായിരം രൂപക്കൊക്കെ നാലു വീലോടു കൂടിയതൊക്കെ വാങ്ങണമെന്നുള്ളത് ഭയങ്കര അതി മോഹമാണെന്നാണ് അവന്‍‌മാരുടെ പക്ഷം!

അങ്ങനെ യിരിക്കുന്ന ഒരു സുപ്രഭാതത്തിലാണ് ഹീത്രുവില്‍ ഞാന്‍ വിമാനം ഇറങ്ങുന്നത്, അവിടെയാണെങ്കില്‍ റോഡില്‍ മനുഷ്യരെ ക്കാള്‍ കൂടുതല്‍ കാറുകളും , എന്റെ ഉദ്ദേശങ്ങള്‍ പൂവണിയാന്‍ ഇതില്‍ പരം ഒരു സന്ദര്‍ഭം വന്നു ചേരാനുണ്ടോ? ചെന്ന ആദ്യമാസങ്ങളില്‍ തന്നെ ഞാനും വാങ്ങി ഒരു ഫോഡ് എസ്കോര്‍ട്ട് ഒരു 1995 മോഡല്‍ പവര്‍ സ്റ്റീയറിങ്ങും പവര്‍ വിന്‍ഡോയും ഒന്നും ഇല്ലാത്ത ഒരു മഹാസംഭവം അതൊക്കെയുള്ളത് തന്നെ വേണമെന്ന് വാശിപിടിച്ചപ്പൊള്‍ കാര്‍ ഡീലര്‍ പറഞ്ഞു അതൊന്നും ഇല്ലെങ്കില്‍ എന്താ ഇതിനു എയര്‍ ബാഗ് ഉണ്ടല്ലൊ ( ഞാന്‍ ഇന്‍ഡ്യക്കാരനാണെന്നും എനിക്ക് ഡ്രൈവിങ്ങ് നല്ല വശമാണെന്നും അവന്‍ അറിഞ്ഞതിന്റെ ഫലം). അന്നു തൊട്ട് അവിടം വിട്ട 2006 ഡിസെംബര്‍ വരെ ഞാന്‍ സ്വന്തമാക്കിയ വണ്ടികള്‍ എട്ട്, അവസാനം വാങ്ങിയ ബ്രാന്‍ഡ് ന്യൂ കാര്‍ വിറ്റാല്‍ ഈ വീട്ടില്‍ ഭയങ്കര പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് ബെറ്റി ഭീഷണി മുഴക്കിയിട്ടും പോരുന്നതിനു തൊട്ട് മുമ്പ് അതും വിറ്റ് 1999 ലെ ഒരു ഫോഡ് എസ്കോര്‍ട്ട് വാങ്ങേണ്ടി വന്നു (അതിനു പക്ഷേ പവര്‍ സ്റ്റീയറിങ്ങും പവര്‍ വിന്‍ഡോയും ഉണ്ടായിരുന്നു) പക്ഷേ കാറുകളും ആയി എന്റെ പ്രണയത്തിനു മറ്റൊരു കാരണവും കൂടെയുണ്ട് ഇക്കാലയളവില്‍ ഞാന്‍ മറിച്ചു വിറ്റ കാറുകള്‍ ഏകദേശം 60 ഓളം വരും (ഞെട്ടണ്ട 60 തന്നെ).

മലയാളിമാമന്‍‌മാര്‍ കൂടോടെ ഇംഗ്ലണ്ടില്‍ എത്തിക്കൊണ്ടിരിക്കുന്ന കാലം , അബദ്ധത്തിലെങ്ങോ ഒരാള്‍ക്ക് വണ്ടിയെടുത്തു കൊടുക്കാന്‍ കൂടെ പോയതുകൊണ്ട് വിലയില്‍ നല്ല കുറവു കിട്ടിയതിനാല്‍ ക്രമേണ കേട്ടറിഞ്ഞ് സുഹ്രുത്തുക്കള്‍ വിളിച്ച് തുടങ്ങി ഒരു കാര്‍ വന്നു പെട്ടിട്ടുണ്ട് ഒന്നു നോക്കി നെഗോഷിയേറ്റ് ചെയ്യണം, നെഗോഷിയേഷന്‍ എന്നു വച്ചാല്‍ എനിക്ക് പിന്നെ ഭ്രാന്താ മുംബയില്‍ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ പര്‍ച്ചേസ് മാനേജരേയും ഫൈനാന്‍സ് വി പികളെയും ചുരുക്കം ചില എംഡികളെയും സോപ്പിട്ട് മറിച്ചെടുത്ത് അവന്റെ അക്കൌണ്ടിലെ പൈസ എന്റെ കമ്പനിയുടെ അക്കൌണ്ടിലേക്കും അവിടെ നിന്ന് അത് മറിച്ച് എന്റെ ദരിദ്രമായ ബാങ്ക് അക്കൌണ്ടിലേക്കും ഇട്ടതെനിക്ക് തുണയായി!

അങ്ങനെ സുഹൃത്തുക്കള്‍ കസ്റ്റമേഴ്സായി, കസ്റ്റമേഴ്സ് ഇട നിലക്കാരായി വെസനെസ്സ് പച്ചപിടിച്ചു, ജോലിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയം കൂടാതെ വീക്കെന്‍ഡ് രണ്ട് ദിവസവും ഓഫ് അങ്ങനെ കാറ് വാങ്ങാനും വില്‍ക്കാനും ഇഷ്ടം പോലെ സമയം കസ്റ്റമേഴ്സ് ഇഷ്ടം പോലെ, നല്ല കാറ് കിട്ടാനാണ് പ്രയാസം , അത്തരം അനുഭവങ്ങളില്‍ കൂടെ ഞാന്‍ കടന്നു പോയപ്പോള്‍ മനസ്സിലാക്കിയ ചിലപാഠങ്ങള്‍ ആണിവ ഒരു പഴയ കാര്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ക്കെങ്കിലും പ്രയോജന പ്പെടട്ടെ എന്നു കരുതി ഞാന്‍ ഇവിടെ കുറിക്കുന്നു, എല്ലാം ഓര്‍മ്മയില്‍ നിന്നാണ് എഴുതുന്നത് വേണ്ടത്ര അടുക്കും ചിട്ടയും ഉണ്ടാവില്ല ,ആധികാരികത കുറയുകയും ചെയ്യും.

പോയിന്റുകളായി എഴുതാമല്ലോ അല്ലേ, എങ്കില്‍ ആദ്യത്തെ പായിന്റ്

1, തയാറെടുപ്പ്

ബഡ്ജെറ്റ് തയാറാക്കുക, ചില മോഡലുകള്‍ ഫിക്സ് ചെയ്യുക (അതിനു പലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, സെര്‍വീസ് സെന്റെറുകളുടെ ലഭ്യത ആ മോഡല്‍ എത്ര വര്‍ഷം മുതല്‍ ലഭ്യമാണ്, ഇപ്പോഴും മാര്‍കെറ്റില്‍ ഉണ്ടോ? സ്പെയര്‍ പാര്‍ട്ട്സുകള്‍ അവൈലബിള്‍ ആണോ? ഉപയോഗിക്കുന്ന ഏതെങ്കിലും സുഹൃത്തുക്കളോ പരിചയക്കാരുടെയോ അഭിപ്രായം തുടങ്ങീ പലതും) ഒക്കെ തയ്യാറെടുപ്പുകള്‍ ആവാം. നമ്മുടെ പോക്കെറ്റില്‍ ഒതുങ്ങുന്ന ഒരു ബഡ്ജെറ്റ് പ്ലാന്‍ ചെയ്യുക , ഉദാഹരണം 1 ലക്ഷം രൂപയാണ് ബഡ്ജെറ്റ് എന്നു വച്ചാല്‍ അതില്‍ അല്പം പോലുംകൂടുതല്‍ കൊടുത്ത് വാഹനം വാങ്ങരുത് , കാരണം വാഹനം വാങ്ങിച്ചു കഴിഞ്ഞാല്‍ തിര്‍ച്ചയായും ചില ഹിഡന്‍ പേയ്മെന്റ് നമ്മള്‍ പോലും അറിയാതെ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ഒരു ലക്ഷം രൂപക്ക് ബഡ്ജെറ്റ് പ്ലാന്‍ ചെയ്തു കഴിഞ്ഞാല്‍ , പരസ്യ മാധ്യമങ്ങളിലോ, ലോക്കല്‍ ന്യൂസ് പേപ്പറുകളിലോ നോക്കിക്കൊണ്ടിരിക്കുക അവിടെ ഏറ്റവും പ്രധാനമായ ഒരു വസ്തുത ഒരു കാരണവശാലും ധൃതി പിടിച്ച് പഴയ കാറുകള്‍ വാങ്ങരുത്, കാറുകള്‍ നോക്കുമ്പോള്‍ നമ്മുടെ ബഡ്ജെറ്റില്‍ നിന്നും ഒരു 20% വരെ വിലകൂടിയ കാറുകളുടെ പരസ്യങ്ങള്‍ കൂടെ ശ്രദ്ധിക്കാം അപ്പൊ 1.20 വരെയുള്ള കാറുകളുടെ പരസ്യങ്ങള്‍ ശ്രദ്ധിക്കുന്നു. ഇഷ്ടപ്പെട്ട മോഡല്‍ വന്നാല്‍ ആ പരസ്യം വീണ്ടും വീണ്ടും വായിച്ച് നോക്കുക വരികള്‍ക്കുള്ളില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുവോ എന്നത് വളരെ പ്രധാനമാണ്, എന്നിട്ട് കൊടുത്തിരിക്കുന്ന ടെലഫോണ്‍ നമ്പരില്‍ വിളിക്കുക കാറിന്റെ വിവരണവും വിലയും അവര്‍ പറയുമ്പോള്‍ പരസ്യവും ആയി ഒത്തു നോക്കുക എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ അതില്‍ വ്യക്തത വരുത്തുക,

ടെലഫോണ്‍ വെയ്ക്കാറാവുമ്പോള്‍ ചോദിക്കുക എന്റെ ബഡ്ജറ്റ് 1.10 ആണ് ഞാന്‍ വന്ന് ഈ കാര്‍ കാണുന്നത് രണ്ടാള്‍ക്കും പ്രയോജനം ചെയ്യുമോ എന്ന് , ഓര്‍ക്കുക ആഗ്രഹിക്കുന്ന വിലയുടെ പത്ത് ശതമാനം വ്യത്യാസത്തില്‍ ഒരാളും കച്ചവടം അലസിപോവാന്‍ ആഗ്രഹിക്കില്ല. അതിനാല്‍ വന്നു നോക്കൂ എന്നായിരിക്കും മറുപടി!
ഫോണ്‍ വച്ചിട്ടില്ലല്ലൊ അല്ലേ? അവസാനം വരേണ്ട വഴിയും അഡ്രെസ്സും സമയം ഒക്കെ ഫിക്സ് ചെയ്തതിനു ശേഷം കാറിന്റെ വിവരണങ്ങള്‍ നമ്മളൊന്നു പറഞ്ഞ് ഉറപ്പാക്കേണ്ടതാണ്, ഉദാ മേക്ക്, മോഡല്‍, കളര്‍, മൈലേജ്, എത്ര പ്രിവിയസ് ഓണേഴ്സ് ഉണ്ട്, എന്നു തുടങ്ങി അറിയേണ്ടതെല്ലാം , അവസാനം ഫോണ്‍ വെക്കുന്നതിനു തൊട്ടു മുമ്പ് വില നമ്മള്‍ എടുത്ത് പറയുന്നു, അതിന്റെ കൂടെ ഒരു വാചകവും ചേര്‍ക്കണം , ഓകെ അപ്പൊ താങ്കള്‍ പറഞ്ഞതു പോലെ ഉള്ള നല്ല കണ്ടീഷനിലെ കാറാണെങ്കില്‍ ഞാന്‍ 1.10 തരാം , നല്ല കണ്ടീഷന്‍ കാറല്ല എന്നു ഒരു സെല്ലറും സമ്മതിക്കാത്ത സ്ഥിതിക്ക് ഓക്കെ പറഞ്ഞ് ഫോണ്‍ വെയ്ക്കാനാണ് സാധ്യത!

2 വാഹന പരിശോധന,
നിര്‍ബന്ധമായും നല്ല സൂര്യപ്രകാശമുള്ള പകല്‍ ക്കാലം തന്നെ യായിരിക്കണം വാഹനം പരിശോധിക്കാന്‍ ചെല്ലേണ്ടത്, പരിശോധിക്കുമ്പോള്‍ കഴിയുന്നതും ഒരു മെക്കാനിക്കോ വാഹനത്തെ പറ്റി അല്പമെങ്കിലും പരിചയമുള്ളവരോ കൂട്ടത്തില്‍ ഉണ്ടാവണം , ഒരു ഐഡി കൂടെ കരുതുക ഓഫീസ് ബാഡ്ജോ ബാങ്ക് കാര്‍ഡോ മറ്റെന്തെങ്കിലും അതു പോലുള്ള ഒന്ന്. കൂട്ടത്തില്‍ ആ പരസ്യം കട്ടു ചെയ്തതും ഒരു പേപ്പറും പേനയും കരുതണം വളരെ പ്രധാനപ്പെട്ട ഒരു ടൂളും കൂട്ടത്തില്‍ എടുക്കാന്‍ മറക്കരുത്, ഒരു കുഞ്ഞ് മാഗ്നെറ്റ് പീസ്! വാഹനത്തിന്റെ അടുക്കല്‍ നാമെത്തുമ്പോള്‍ പുതുതായി വാഹനം വാങ്ങാന്‍ പോകുന്നവരാണെങ്കില്‍ അല്പം സന്തോഷം നമ്മുടെ ഉള്ളില്‍ ഉണ്ടാവും അതു പുഞ്ചിരിയായി പുറത്ത് വരികയും ചെയ്യും എന്നാല്‍ അത് പാടില്ല , കാര്‍ എത്ര നല്ല കണ്ടീഷന്‍ ആണെങ്കിലും ഒട്ടും സന്തോഷം മുഖത്ത് വരാന്‍ പാടില്ല, പകരം , ഞാന്‍ സ്ഥിരം തട്ടിവിടുന്ന ഒരു വാചകം ഉണ്ട് അതു പോലെ മറ്റോ ആവാം, നിരാശപ്പെടുത്തിക്കളഞ്ഞു , ഞാന്‍ ഇത്രയും ദൂരം ബര്‍മ്മിങ്ങ്ഹാമില്‍ നിന്നും വന്നതാണു എന്നാല്‍ ഇത് തികച്ചും നിരാശയായി പോയി!

അടുത്ത നമ്മുടെ ഭാവം നമുക്കും കാറുകളെ കുറിച്ച് ചിലതൊക്കെ അറിയമെന്ന രീതിയിലായിരിക്കണം പക്ഷേ ചുമ്മാ വാചകമടിച്ച് വിഡ്ഡിത്തം ഒന്നും വിളിച്ച് പറയരുത്, ഞാന്‍ കാറുകള്‍ സ്വയം നന്നാക്കാറൂണ്ടെന്നായിരുന്നു ഞാന്‍ തട്ടി വിടാറുണ്ടായിരുന്നത്! ഇനി കാര്‍ പരിശോധിക്കേണ്ട വിധം കാറിന്റെ പുറമാണല്ലൊ ആദ്യം നമ്മളുടെ കണ്ണില്‍ പ്പെടുന്നത് അപ്പോള്‍ പുറത്ത് നിന്നും തുടങ്ങാം പരിശോധന, ബോഡി യിലെ പെയിന്റ് നോക്കുക , 5 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള കാറാണെങ്കില്‍, വീലിനു മുകളില്‍, വാഹനത്തിന്റെ കീഴ് വശം, ബൂട്ടിന്റെ കാര്‍പെറ്റിനു താഴെ തുടങ്ങിയവ നന്നായി പരിശോധിക്കുക തുരുമ്പ് ആരംഭിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങള്‍ അവിടെയാണ്. ബൂട്ടില്‍ നോക്കുമ്പോള്‍ സ്പെയര്‍ ടയറിന്റെ കണ്ടീഷനും ടൂളുകള്‍ യഥാസ്ഥാനത്തുണ്ടോ എന്നും കൂടെ നോക്കാന്‍ മറക്കരുത്! രണ്ട് മീറ്ററോളം ദൂരേക്ക് മാറി പല ആങ്കിളില്‍ വാഹനത്തിന്റെ പെയിന്റ് നോക്കുക എവിടെയെങ്കിലും വ്യത്യാസം തോന്നിയാല്‍ കൈയിലുള്ള മാഗ്നെറ്റ് അവിടെ വച്ച് നോക്കുക പുട്ടി ഇട്ട് പെയിന്റ് ചെയ്തിരിക്കുന്നതാണെങ്കില്‍ മാഗ്നെറ്റ് പീസ് താഴെ വീഴും അല്ലെങ്കില്‍ അത് കാറിന്റെ ബോഡിയില്‍ ഒട്ടിയിരിക്കും, പിന്നീട് വാഹനത്തിന്റെ നേരെ മുന്നില്‍ വന്ന് പിറകിലേക്ക് മാറി നോക്കുക ബോണറ്റിന്റെ കവര്‍ യഥാരീതിയില്‍ ചേര്‍ന്നാണോ കിടക്കുന്നതെന്ന് പരിശോധിക്കുക ആക്സിഡെന്റായ വണ്ടികള്‍ ചെലപ്പോള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ ഇതു മൂലം സഹായിക്കും . പിന്നീട് മുന്നിലേയും പിറകിലേയും വിന്‍ഡ് സ്ക്രീനുകളും എല്ലാ വിന്‍ഡോ ഗ്ലാസുകളും പരിശോധിക്കുക ഒരു മാനു ഫാക്ചററിന്റേതു തന്നെയായിരിക്കണം എല്ലാ ഗ്ലാസുകളും! അല്ലെങ്കില്‍ സൂക്ഷിക്കുക ചെലപ്പോള്‍ ആ കാര്‍ ആക്സിഡെന്റിലോ വാന്‍ഡലിസത്തിലോ അകപ്പെട്ടതായിരിക്കും (ഇന്‍ഡ്യയില്‍ വാന്‍ഡലിസത്തിലകപ്പെട്ട കാറുകള്‍ക്ക് വില കുറവ് ഉണ്ടാവാറില്ല എന്നു തോന്നുന്നു എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ഒരു പക്ഷേ അമേരിക്കയിലും അതല്ല സ്ഥിതി മിഡിലീസ്റ്റീല്എങ്ങെനെയാ എന്ന് വലിയ പിടിയില്ല). അപ്പൊ അതൊക്കെ ഓക്കെയാണെങ്കില്‍ ടയറുകള്‍ നോക്കുക , ടയറുകള്‍ റോഡില്‍ നിന്നും സ്ലിപ്പ് ആവാതിരിക്കാന്‍ മിനിമം 1.6 മിമി കനം ത്രെഡുകള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. അതു കൂടാതെ നോക്കേണ്ടത് ഷോക്സ് അബ്സോര്‍ബറിന്റെ കണ്ടീഷന്‍ ആണ് മുന്‍ വശത്തെ ടയറിന്റെ മുകളില്‍ രണ്ടു കൈയും കൊണ്ട് താഴേക്ക് തള്ളി നോക്കുക വാഹനം ഏറെ നേരം കുലുങ്ങുന്നുവെങ്കില്‍ താരതമ്യേന ഷോക്സ് അബ്സോര്‍ബര്‍ മോശം കണ്ടീഷന്‍ ആവാനാണ് സാധ്യത നല്ല കണ്ടിഷന്‍ ആണെങ്കില്‍ വാഹനം ഒന്നു തുള്ളി നില്‍ക്കും.
എക്സ്റ്റീരിയറിലെ പരിശോധന അവസാനിച്ചെങ്കില്‍ ബോണറ്റ് തുറക്കാന്‍ ആവശ്യപ്പെടാം , ബോണറ്റ് അനായാസേന തുറക്കാന്‍ കഴിയുന്ന രീതിയില്‍ ആയിരിക്കണം , ബോണറ്റ് തുറന്നാല്‍ എഞ്ചിന്റെ ഓയില്‍ നോക്കാന്‍ ഒരു സ്കെയില്‍ ഉണ്ടവും അതു തുറന്ന് എഞ്ചിന്‍ ഓയിലിന്റെ കണ്ടീഷന്‍ നോക്കാം (എഞ്ചിന്‍ ഒരു വിധം തണുത്തതാണെങ്കില്‍ മാത്രമേ ആ സ്കെയിലും എഞ്ചിന്റെ കവറും ഊരി പരിശോധിക്കാവൂ ) ഓയില്‍ സാധാരണയില്‍ കൂടുതല്‍ കറുപ്പാണെങ്കില്‍ ഉടമ കാര്‍ നേരാവണ്ണം ശ്രദ്ധിച്ചില്ലെന്നു സാരം , എഞ്ചിനോയിലില്‍ വെളുത്ത ക്രീം മാതിരി എന്തെങ്കിലും പറ്റിയിരിക്കുകയും കനച്ച വെളിച്ചെണ്ണയുടെ ഗന്ധവും ഉണ്ടെങ്കില്‍ ആ വാഹനം വാങ്ങാതിരിക്കുന്നതാവും ഉത്തമം. നന്നാക്കാന്‍ ഏറെ തുക വേണ്ടി വരും! ഓയില്‍ നോക്കി കഴിഞ്ഞുവെങ്കില്‍ ബാറ്ററി എങ്ങെനെയുണ്ടെന്ന് നോക്കുന്നത് നന്നായിരിക്കും എന്തെങ്കിലും മോശമായ ലീക്കുണ്ടോ അത് മുഖാന്തരം തുരുമ്പ് ഉണ്ടോ എന്നൊക്കെ, അതിനു ശേഷം ബോണറ്റ് അടക്കാതെ തന്നെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടാം നല്ല കണ്ടീഷനിലുള്ള എഞ്ചിനില്‍ നിന്നും അപശബ്ദങ്ങള്‍ ഒന്നും ഉണ്ടാവില്ല, ഒരേ രീതിയിലുള്ള ചെറിയ ശബ്ദമായിരിക്കും എഞ്ചിനില്‍ നിന്നും പുറപ്പെടുന്നത് (അധിക നേരം വാഹനം നിശ്ചല അവസ്ഥയില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നെങ്കില്‍ , എഞ്ചിനെ തണുപ്പിക്കുന്നതിനായ് ഫാന്‍ തനിയെ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് അതിന്റെയും ശബ്ദം കണക്കിലെടുക്കണം). അതിനു ശേഷം വാഹനത്തിന്റെ പിറകില്‍ പോയി പുകക്കുഴലില്‍ കൂടെ വരുന്ന പുക പരിശോധിക്കുക ഇതും വളരെ പ്രധാന പ്പെട്ടതാണ്, ഏതെങ്കിലും കാരണവശാല്‍ നീല നിറത്തിലെ പുകയാണ് വരുന്നതെങ്കില്‍ അപ്പോഴേ അവിടെ നിന്നും സ്കൂട്ടാവുക , നല്ല കണ്ടീഷന്‍ ആണെങ്കില്‍ വളരെ ചെറിയ അളവില്‍ നമുക്ക് ശ്രദ്ധിച്ചു നോക്കിയാല്‍ കാണാന്‍ കഴിയുന്ന രീതിയിലായിരിക്കും പുകയുണ്ടാവുന്നത്‍ അതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വാഹനത്തിലെ ലൈറ്റുകള്‍, ഇന്‍ഡികേറ്ററുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നോ എന്നും പരിശോധിക്കുക. അതിനു ശേഷം വാഹനത്തിന്റെ അടിയില്‍ നോക്കുക എന്തെങ്കിലും തുരുമ്പ് ഉണ്ടോ എക്സോസ്റ്റിന്റെ കണ്ടീഷന്‍ എങ്ങനെയുണ്ടെന്ന് ഒക്കെ കണ്ണ് കൊണ്ട് ഒരു ഓട്ടപ്രദിക്ഷണം ചെയ്യുന്നതോടൊപ്പം എഞ്ചിന്റെ താഴെഭാഗത്ത് നിന്ന് എന്തെങ്കിലും ലീക്ക് ഉണ്ടോ പ്രതലത്തില്‍ നോക്കി മനസ്സിലാക്കുക അവിടെയും ഒരു കാര്യം ശ്രദ്ധിക്കുക ഏറെ നേരം വാഹനത്തിന്റെ ശീതികരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ജലാംശം ഇറ്റു വീഴാന്‍ സാധ്യതയുണ്ട്, അതു കാര്യമാക്കേണ്ട.

ഇത്രയും പരിശോധന കഴിഞ്ഞെങ്കില്‍ വാഹനത്തിന്റെ ഇന്റീരിയര്‍ നോക്കാം സീറ്റുകള്‍ , കാര്‍പെറ്റ്, റൂഫ്, സീറ്റ്ബെല്‍ട്ടുകള്‍ ഓരോന്നും, ഡാഷ് ബോഡ് ഒക്കെ പരിശോധിക്കുന്നതോടൊപ്പം രണ്ട് കര്യങ്ങള്‍ കൂടെ നോക്കണം അത് ആക്സിലേറ്ററിലെ പാഡിന്റെതേയ്മാനവും വണ്ടിയുടെ മൈലേജും അനുപാതമാണോ എന്ന് നോക്കുക 50, 000മൈലുകള്‍ ഓടിയ വണ്ടിയിലെ ആക്സിലേറ്ററിലെ പാഡുകള്‍ അധികം തേഞ്ഞിട്ടുണ്ടാവില്ല , എന്നാല്‍ 100,000 മൈലുകള്‍ ഓടിയ വാഹനത്തിന്റെ ആക്സിലേറ്ററിന്റെ പാഡുകള്‍ക്ക് അതായിരിക്കില്ല സ്ഥിതി! അതിനോടോപ്പം നോക്കേണ്ട മറ്റൊരു വസ്തുത ഡാഷ് ബോഡിലെ ഗ്ലാസ്സ് ഇളക്കി മാറ്റിയിട്ടുണ്ടോ എന്നാണ്. അതിലെ സ്ക്രൂവിനു ചുറ്റും സ്ക്രൂഡ്രൈവെര്‍ ഇട്ടു വരച്ച പാടുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയാണ്, എന്തിനോ വേണ്ടി ഡാഷ് ബോഡിലെ കവര്‍ ഇളക്കി മാറ്റിയിരിക്കുന്നു, അപൂര്‍വമായേ അതിന്റെ ആവശ്യം ഉണ്ടാവാറുള്ളൂ , ഡാഷ് ബോഡിന്റെ കവറും വാഹനത്തിന്റെ കുറഞ്ഞ??? മൈലേജും ആയി വളരെ ബന്ധമുണ്ട് താനും!

3, ഡ്രൈവിങ്ങ്
ഇത്രയും ആയെങ്കില്‍ ഒരു വിധത്തില്‍ വാഹനത്തിന്റെ പരിശോധന കഴിഞ്ഞിരിക്കുന്നു, ഇനി വാഹനത്തിന്റെ കണ്ട്രോളുകള്‍ മനസ്സിലാക്കി ഒന്നു ചവിട്ടി വിട്ടു നോക്കൂ, അധികം ട്രാഫിക്കില്ലാത്ത വിശാലമാ‍യ റോഡാണ് സൌകര്യം പല സ്പീഡില്‍ പല ഗിയറില്‍ കുറേ ഏറെ നേരം വാഹനം ഓടിച്ചു നോക്കുന്നതില്‍ തെറ്റില്ല ,ഒരു സൈഡിലേക്കും ചരിയാതെ, സ്റ്റീയറിങ്ങില്‍ അമിത ബലം കൊടുക്കേണ്ടി വരാതെ വളരെ സ്മൂത്തായിട്ടയിരിക്കും നല്ല കണ്ടീഷനില്‍ ഉള്ള വണ്ടിയുടെ പ്രയാണം , ക്ലച്ചും ഗിയറും അനായേസന പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാവണംബ്രേക്കിങ്ങും ശ്രദ്ധിക്കുക ആദ്യം ചെറിയ വേഗത്തില്‍ ബ്രേക്ക് ചെയ്തു നോക്കി വേഗം വര്‍ദ്ധിപ്പിച്ച് വര്‍ദ്ധിപ്പിച്ച് ബ്രേക്ക് ചെയ്തു നോക്കുക. അപ്പോഴും വാഹനം ചരിഞ്ഞു പോവാതെ വേണം നിശ്ചലമാവാന്‍. വാഹനം ഓടുമ്പോള്‍ ഒരു കാരണവശാലും അതിലുള്ള ഓഡിയോ പ്ലെയര്‍ പ്രവര്‍ത്തിപ്പിച്ച് നോക്കരുത്, വാഹനത്തില്‍ നിന്ന് എന്തെങ്കിലും അപശബ്ദങ്ങള്‍ ഉണ്ടായാല്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടാവും.

4, ഡൊക്യുമെന്റ്സ്, വിലപേശല്‍
ഇത്രയും കാര്യങ്ങള്‍ പരിശോധിച്ചു കഴിഞ്ഞു തൃപ്തിയായെങ്കില്‍ മാത്രം വാഹനത്തിന്റെ ഡോക്യുമെന്റ്സ് കാണാം ആദ്യം നമ്മുടെ ഐഡി കാണിച്ചിട്ട് വില്‍ക്കുന്ന ആളിന്റെ ഐഡി കാണാനായി ആവശ്യപ്പെടാം , വണ്ടിയിലുള്ള രെജിസ്ട്രേഷന്‍ ഡോക്യുമെന്റിലെ രെജിസ്ട്രേഷന്‍ നമ്പര്‍, വണ്ടിയുടെ നമ്പര്‍പ്ലേറ്റ്, വിന്‍/എഞ്ചിന്‍ നമ്പര്‍, ഓണറുടെ പേര് , ഫൈനാന്‍സ് ഇതൊക്കെ തീര്‍ച്ചയായും വെരിഫൈ ചെയ്യണം, സംശയമുണ്ടെങ്കില്‍ പിന്നീടാകാം വെരിഫിക്കേഷന്‍ എന്ന് ഒരു കാരണവശാലും വിചാരിക്കരുത്, ഏതെങ്കിലും തേഡ് പാര്‍ട്ടി ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ അങ്ങനെ തന്നെ ചെയ്യണം (വിദേശത്ത്). പിന്നീട് വാഹനം വാങ്ങിച്ചു കഴിഞ്ഞാല്‍ നാമെന്തെങ്കിലും പേയ്മെന്റോ സെര്‍വീസോ ചെയ്യാനുണ്ടോ എന്നും അന്വേഷിക്കുക തുടര്‍ന്നുള്ള വിലപേശലില്‍ അതും കണക്കാക്കണം.

ഇത്രയും പരിശോധന കഴിഞ്ഞെങ്കില്‍ നേരത്തെ 1.10ലക്ഷത്തില്‍ നില്‍ക്കുന്ന വാഹനത്തിനു, നിങ്ങളുടെ മനോധര്‍മ്മം പോലെ വില പേശിത്തുടങ്ങാം, ഞാനാണെങ്കില്‍ 45000 രൂപ തൊട്ട് തുടങ്ങും , നേരത്തെ നമ്മള്‍ കൈയില്‍ കരുതിയ പേപ്പറില്‍ വണ്ടിയുടെ പ്രോബ്ലെംസ് ഓരോന്ന് എഴുതിയിട്ടിട്ടുണ്ടല്ലൊ , അതാണ് നമ്മെ വില പേശാന്‍ സഹായിക്കുന്ന യന്ത്രം !
ഫോട്ടോയൊന്നും ഇടാന്‍ പ്ലാന്‍ ഇല്ലായിരുന്നു, പോസ്റ്റ് കമ്പ്ലീറ്റ് എഴുതിക്കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് എന്റെ പഴയ കാറുകളുടെ ചില ഫോട്ടോസ് ഫോള്‍ഡെറില്‍ ഉണ്ടല്ലൊ എന്ന് , ബ്ലോഗിലൊക്കെ വരുന്നതിനു മുമ്പ് പരസ്യങ്ങള്‍ക്കായി എടുത്ത ഫോട്ടോസാണ് , ആ കാഴ്ചപ്പാടിലേ കാണാവൂ എന്ന് അഭ്യര്‍ത്ഥനയും ഉണ്ട്!
കാറിന്റെ മോഡല്‍ കാണിക്കാന്‍ വേണ്ടി എടുത്ത ഫോട്ടോഈ കാറിന്റെ ബാക്കില്‍ ക്യാമേറ ഉണ്ടായിരുന്നു റിവേഴ്സ് ഗിയറില്‍ ഇട്ടാല്‍ പിറകിലെ ദൃശ്യങ്ങള്‍ മുന്നിലെ സ്ക്രീനില്‍ വരും!


ഇത് കണ്ടാണെനിക്കീ കാറിനോട് കമ്പം കയറിയത്, ഓടിച്ചാല്‍ ഒരു 2 സീറ്റര്‍ ഫ്ലൈറ്റ് ഓടിക്കുന്ന മാതിരിയല്ലേ ഡാഷ് ബോഡില്‍ നോക്കേണ്ടത്???


നമ്പര്‍ പ്ലേറ്റ് ഒക്കെ ചോദിച്ചു വാങ്ങിയതാ ഫുള്‍ പേരിന്റെ ഇനിഷ്യല്‍ ഒക്കെ ചേര്‍ത്ത് കിം ഫലം???


എന്റെ അഭിപ്രായത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രൈവിങ്ങ് സുഖം തരുന്ന കാറിതാണ്, ഇതായിരുന്നു എന്റെ ഫേവറിറ്റ് വണ്ടി വോക്സ് വാഗെണ്‍ പസ്സാറ്റ്!!!(ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ഓടിച്ചതിവനെയാണ് 1 1/2 വര്‍ഷം) നല്ല വില കിട്ടിയപ്പൊ അവനേയും മറിച്ചു:)


( ഭയങ്കരമാന ഒരു ഡിസ്ക്ലൈമര്‍:- ഞാന്‍ ഒരു ഓട്ടോമൊബൈല്‍ എഞ്ചിനീയറല്ല, എന്നത് പോകട്ടെ ഒരു കാര്‍ മെക്കാനിക്ക് പോലുമല്ല ഇതില്‍ ഞാന്‍ എഴുതിയിരിക്കുന്നത് എന്റെ അനുഭവക്കുറിപ്പുകള്‍ മാത്രമാണ്)

Tuesday, June 12, 2007

പിന്‍‌മൊഴികള്‍ എന്തേ നിര്‍‌ത്തുന്നില്ല?

താങ്കള്‍ക്ക് ഈ പോസ്റ്റ് വായിക്കാം വായിക്കാതിരിക്കാം കമന്റിടാം , ഇടാതിരിക്കാം പക്ഷേ ഓഫ്ടോപ്പിക്ക് പാടില്ല, ഈ പോസ്റ്റിനേ ക്കാള്‍ വലിയ കമന്റ് പാടില്ല , മറ്റുള്ള പോസ്റ്റുകളെ പറ്റി പരസ്യങ്ങള്‍ പാടില്ല, വ്യക്തിഹത്യ എന്നെ ഒഴിച്ച് ആരേയും പാടില്ല (പക്ഷേ ഞാന്‍ സ്വീകരിക്കാത്ത കമന്റുകള്‍ കാഷ് ചെക്ക് അയക്കുന്നത് പോലെയാണ് നിങ്ങളുടെ അക്കൌണ്ടില്‍ തന്നെ കാണും ) അനോണിമസ് കമന്റുകള്‍ പാടില്ല :):) അനുയോജ്യമല്ലെന്ന് തോന്നുന്ന ഏതു കമന്റും ഡിലീറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഈ ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്ററില്‍ നിക്ഷിപ്തമാണ്.
( ഈ ചര്‍ച്ച ഔദ്യോഗികമായി അവസാനിച്ചിരിക്കുന്നു, അതിനാല്‍ കമന്റുകള്‍ക്ക് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. എങ്കിലും താങ്കള്‍ക്കെന്തെങ്കിലും അഭിപ്രായം ഈ വിഷയത്തിലിനിയും ഉണ്ടെങ്കില്‍ കമന്റായി അറിയിക്കാനുള്ള മനസ്സുണ്ടാവട്ടെ, സന്തോഷത്തോടെ സ്വീകരിക്കാം)

അപ്പൊ വായിച്ചു തുടങ്ങിക്കോ ,

മലയാളം ബൂലോകത്തില്‍ താരതമ്യേന പുതുതായ ഒരാള്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാവാം ഇത്, വായിക്കുന്നവര്‍ വിചാരിക്കും ഇവന്‍ എന്തിനുള്ള പുറപ്പാടാണെന്ന്? പക്ഷേ എന്റെ സംശയം വളരെ ലഘുവാണ്, ഈ പിന്‍‌മൊഴി നിര്‍ത്തുന്നതിനെ പറ്റി ഇത്രയും കോലാഹലം എന്തിനു .. ഒരു കമന്റ് കൊണ്ട് തീരാവുന്ന ഔപചാരികതയില്‍ അവസാനിപ്പിക്കാമല്ലോ മലയാള ബൂലോഗവും പിന്മൊഴിയും ആയുള്ള പൊക്കിള്‍ കൊടി ബന്ധം.. ഇ തിന്റെ ഉപഞ്ജാതക്കള്‍ക്കും നടത്തിപ്പ് കാര്‍ക്കും വേണ്ടങ്കില്‍ ഇത് അവസാനിപ്പിക്കുന്നതല്ലേ നല്ലത് എത്രയും വേഗം.. ആരുടെ വാക്കുകള്‍ കേള്‍ക്കണം? (എല്ലാവരും എന്നാ ആയ്ക്കോട്ടെ എന്ന് പറയാനല്ലല്ലോ പെരിങ്ങോടന്റെ പോസ്റ്റില്‍ കമന്റ് ഓപ്‌ഷന്‍ വച്ചത്) തുറന്നു പറയാന്‍ വേദിയുണ്ടായത് കൊണ്ട് ഞാനും അവിടെ പോയി എന്റെ അഭിപ്രായം വിളമ്പി.


ആരോഗ്യകരമായ ഒരു ചര്‍ച്ച ആയിരുന്നു ലക്ഷ്യം. അങ്ങനെ പലരില്‍ നിന്നും വരുന്ന ആശയങ്ങള്‍ മെച്ചമെന്ന് തോന്നിയപ്പോള്‍ മുകളില്‍ നിന്നും അറിയിപ്പ് വന്നു എന്തായാലും ഇത് നിര്‍ത്തും നിങ്ങള്‍ ചുമ്മാ വായിട്ടടിക്കണ്ടാ എന്ന് .അതുകൊണ്ട് പിന്നെ നമ്മുടെ ബക്കറ്റിലെ ബാക്കിയുള്ള ഐറ്റം അവിടെ വിളമ്പിയില്ല ,നല്ല കമന്റായിരുന്നു എന്ന് ചിലരേ കൊണ്ടും മറ്റു ചിലരെ കൊണ്ട് മനസ്സിലെങ്കിലും റിട്ടയറായി വീട്ടില്‍ ഇരിക്കുന്ന മാതാപിതാക്കളെ സ്മരിപ്പിക്കുന്നതെന്തിനെന്ന് ഞാന്‍ ചിന്തിച്ചു ആ പാഴ്‌ശ്രമം അവസാനിപ്പിച്ചു. (പിന്മൊഴി വേണ്ടെന്ന് ഘോരം ഘോരം അവിടെ വാഗ്വാദം നടത്തിയ ചിലരെയൊക്കെ അവിടെ വച്ചാ ഞാന്‍ ആദ്യമായി , ഒരുപക്ഷേ തിരിച്ചും കാണുന്നതെന്നത് മറ്റൊരു കാര്യം ) എന്നിട്ട് മറ്റു പലരുടേയും ഭാഗത്ത് നിന്ന് ചിന്തിച്ചു അപ്പൊ എനിക്ക് മനസ്സിലായി. ഞാന്‍ എന്തൊരു മണ്ടന്‍ എനിക്കിതെന്തേ നേരത്തേ ക്ലിക്കിയില്ല എന്നത് അങ്ങനെ താമസിച്ച്
മാത്രം എന്റെ തലയില്‍ ഉദിച്ച തോട്ടുകളാണ് ഇവ .


പക്ഷേ വീണ്ടും ഒരു സംശയം മാത്രം ബാക്കി എന്തേ ഇത് ഇപ്പൊ നിര്‍ത്തുന്നില്ല അല്ലെങ്കില്‍ പെരിങ്ങോടന്‍ എന്ന രാജ് 2005 നവംബറില്‍ മുന്നോട്ട് വച്ച ആശയം പെരിങ്ങോടന്റെ തന്റെ വാക്കുകളെ പകര്‍ത്തിയാല്‍,

പെരിങ്ങോടന്‍ said...
സിബു ഒരു പക്ഷെ കൂടുതല്‍ ദുഖിക്കുന്നതു് പിന്മൊഴികള്‍ എന്ന കമന്റ് ട്രാ‍ക്കിങ് സംവിധാനം രൂപപ്പെടുത്തിയതിലാവണം (ഒരു പക്ഷെ അതുമായി ബന്ധപ്പെട്ട മറ്റെല്ലാവരും) ബ്ലോഗുകളേക്കാള്‍ പ്രാധാന്യം പലരും കമന്റുകള്‍ക്ക് കൊടുത്തുകാണുന്നതു്, അനായാസേന തള്ളിക്കളയാവുന്ന കമന്റുകളെ പെരുപ്പിച്ചുകാണുന്നത്, എവിടെയൊക്കെയോ വളര്‍ച്ച മുരടിക്കുന്നു.
Tue Nov 22, 11:00:00 AM IST

ഇനിയും എന്തേ നടപ്പാക്കുന്നില്ല എന്നത് ഒരു പുതുമുഖ ബ്ലോഗര്‍ എന്ന രീതിയില്‍ എന്റെ സംശയം ആണ്. പിന്മൊഴി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെങ്കില്‍, എത്രയും വേഗം ആര്‍ക്കും ആരോടും ബാധ്യത ഇല്ലാത്ത ഒരു ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കട്ടെ ബൂലോക വാസികള്‍.. പക്ഷേ അതിനു പറയുന്ന കാരണങ്ങള്‍ ദയവായി പിന്‍‌മൊഴിയെ ആശ്രയിക്കുന്നവരെ കരിവാരിത്തേക്കുന്നതാവരുത് എന്നൊരു അപേക്ഷയെ ഉള്ളൂ.. ഒരു സുഹൃത്ത് എഴുതിയത് കണ്ടപ്പോള്‍ സത്യത്തില്‍ വിഷമം തോന്നി അദ്ദേഹത്തിന്റെ ചിന്താഗതിയോട് അനുകമ്പയും തോന്നിപ്പോയി, വികാരം കൊണ്ടാണത്രെ പിന്‍‌മൊഴിയെ വേണമെന്ന് വാശിപ്പിടിക്കുന്നവര്‍ പ്രതികരിക്കുന്നത്, അതെ തീര്‍ച്ചയായും 100 വട്ടം സത്യം, ഒരു ചോദ്യം ആ സത്യം അവശേഷിപ്പിക്കുന്നു അങ്ങനെ പുച്ഛിച്ചു തള്ളേണ്ട വാക്കാണോ വികാരം , ഈ മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ കുടുംബങ്ങളുടെ ഭദ്രതക്കു തന്നെ അത്യന്താപേക്ഷിതമല്ലേ വികാരം വികാരം വിവേകത്തെ കീഴ്പ്പെടുത്തരുതന്നല്ലേ ശരിയായ ചിന്താഗതി.


മറ്റൊരു സംഗതി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്, ബൂലോഗത്തെ ഇത്രയും വളര്‍ത്തിയ മുതിര്‍ന്ന അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചത് പോലെ പിന്മൊഴിയുടെ സാംസ്ക്കാരിക അപചയം ഈ അടുത്ത കാലം മുതലാണോ ആരംഭിച്ചത്, അതിന്റെ സത്യാ‍വസ്ഥ അറിയാന്‍ ഞാന്‍ പിന്മൊഴിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒന്നെത്തി നോക്കി.. 3 മാസം മുമ്പ്, 6 മാസം മുമ്പ്, 1 വര്‍ഷം മുമ്പ്, അങ്ങനെ ലഭ്യമായ അവസാനതാളോളം പോയി വായിച്ചു . ഫലം വളരെ രസകരമായിരുന്നു.. ഇപ്പോഴുള്ളതിനേക്കാള്‍ മോശമായി പലകാലത്തും പലരും സംസാരിച്ചിരിക്കുന്നു, വിശദമായ തെളിവുകള്‍ ആവശ്യമുള്ളവര്‍ക്ക് ഞാന്‍ നല്‍കാം ഒരു മൈല്‍ഡായ ഉദാഹരണം മാത്രം എഴുതുന്നു അതും ഒരു സ്ത്രീ ബ്ലോഗറുടെ പോസ്റ്റില്‍ ഒരു അനോണിമസ് വ്യക്തി എഴുതിയ കമന്റും അതിന്റെ പ്രതികരണങ്ങളും സമയമുണ്ടെങ്കില്‍ ഇത് വായിക്കുക ( സു ഇത് ചര്‍ച്ച ചെയ്യ പ്പെടുന്നെങ്കില്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യരുതേ ) ആ യാത്ര കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരല്പം ആശ്വാസമുണ്ടായി, പഴയബൂലോകത്തില്‍ നിന്നും മെച്ചപ്പെട്ടിരിക്കുന്നു പുതിയ ബൂലോകമെന്നത് കൊണ്ട്, ( കാരണം അത്തരം വൃത്തികെട്ട കമന്റുകള്‍ ബ്ലോഗുകളുടെ എണ്ണമനുസരിച്ച് ആപേക്ഷികമായി കൂടുന്നില്ല)


എനിയെനിക്കാശ്വസിക്കാം ഞാന്‍ ഉള്‍പ്പെടെയുള്ള പുതിയ ബ്ലോഗേഴ്സ് വന്നതു കൊണ്ടല്ല മലയാള ബ്ലോഗ് സാംസ്കാരിക അധ:പതനത്തിലേക്ക് കൂപ്പ് കുത്തി പോകുന്നത് കൊണ്ട്,

ഇനി നിര്‍ത്തണമെങ്കില്‍ നിര്‍ത്തട്ടെ പിന്മൊഴിയെന്ന ആരംഭം മുതലേ വൃത്തികേടായ കക്കൂസ്. (കട് പെരിങ്ങോടന്‍)


അതോടോപ്പം പരസ്പരം ഉള്ള കടപ്പാടുകളും അവസാനിപ്പിക്കട്ടെ ആര്‍ക്കു ആരോടും നന്ദി പറയാതെ ഇരിക്കാന്‍ തക്കവണ്ണം സ്വതന്ത്രരാവട്ടെ പുതിയ ബ്ലോഗേഴ്സ്! ധാര്‍ഷ്ട്യത്തിനു ചെവികൊടുക്കേണ്ടി വരാത്ത, കടപ്പാടുകള്‍ പിന്നിലേക്ക് വലിക്കാന്‍ കഴിയാത്ത അവനവനു തോന്നുന്നത് പോലെ എഴുതുവാന്‍ കഴിയുന്ന, വേണമെന്നുള്ളവനു അല്പം വൃത്തികേടെഴുതിയാലും ആര്‍ക്കും നിയന്ത്രിക്കുവാന്‍ കഴിയാത്ത സ്വാതന്ത്ര്യത്തോട് വിഹരിക്കുവാന്‍ കഴിയുന്ന ബൂലോക പക്ഷികളാവട്ടെ ഓരോ പുതിയ മലയാളം ബ്ലോഗറും, അവനവന്റെ ഉത്പ്പന്നം വിറ്റഴിയിക്കുവാനുള്ള മേഖലകള്‍ അവനവന്‍ തന്നെ കണ്ടുപിടിക്കട്ടെ, പക്ഷേ എങ്കിലും ചില ചോദ്യങ്ങള്‍ അവശേഷിക്കും, ഇന്ന് ഒരു സ്ത്രീ ബ്ലോഗറുടെ പോസ്റ്റില്‍ ഒരു അനാവശ്യ കമന്റിട്ടാല്‍ ഈ ഒരുമിച്ച് നില്‍ക്കുന്ന സമൂഹം പ്രതിഷേധിക്കും ??


അവിടെയൊക്കെയാണ് എന്റെ ഐഡിയകള്‍ വര്‍ക്കൌട്ട് ആവാന്‍ പോണത് ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത ഒരു ചരടിന്റേയും ബന്ധനമില്ലാത്ത നാളെകളില്‍ എന്റെ ഭാര്യയോ സഹോദരിയോ ഒരു മലയാളം ബ്ലോഗ് തുടങ്ങിയാല്‍ അവളുടെ പോസ്റ്റില്‍ ഒരു അപമാനകരമായ ഒരു കമന്റ് /അല്ലെങ്കില്‍ ഒരു പോസ്റ്റ് തന്നെ ഒരു മാനസിക രോഗി എഴുതിയാല്‍ ഞാന്‍ നേരേ കോടതിയില്‍ പോവും അവന്റേ കമ്പ്യൂട്ടറും മോണിട്ടറും ഇവിടിരുന്നു കൊണ്ട് ഞാന്‍ പൊക്കിക്കും എവിടെ ആയാലും അവനെ ഞാന്‍ ഗ്വാണ്ടനാമോ ജയിലില്‍ അയക്കും, എനിക്കതിനു കഴിയും കാരണം എനിക്കു സമയം ഇഷ്ടം പോലെയുണ്ടല്ലൊ , വീണ്ടും നാളെ വേറോരു മാനസിക രോഗി വേറോരു പോസ്റ്റില്‍ അപമാനകരമായ ഒരു കമന്റ് എഴുതിയാല്‍ , അവനേയും പൊക്കിക്കും, അങ്ങനെ മലയാളത്തിലെ ഞരമ്പു രോഗികളെ(ഇഞ്ചിയുടെ വാക്ക് കടമെടുത്താല്‍) മൊത്തം ഞാന്‍ ഓരോന്നോരോന്നായി പൊക്കും എന്നാലും എനിക്ക് സമയം ബാക്കി , ഇനി ഒരു പക്ഷേ സമയം ഇല്ലെങ്കില്‍ എനിക്ക് വേറോരു മാര്‍ഗം ഉണ്ട് അവരുടെ ബ്ലോഗുകളില്‍ ഞാന്‍ കമന്റ് ഓപ്ഷനേ വേണ്ടന്ന് വയ്ക്കും . അപ്പൊ ഞരമ്പ് രോഗികള്‍ എവിടെ മോശമായി എഴുതുമെന്ന് കാണാമല്ലോ ഹ ഹ എന്നോടാ കളി!!

ഇനി ഒരു ദിവസം വെറുതേ കിട്ടി ചില പോസ്റ്റുകള്‍ വായിക്കാമെന്ന് കരുതി വായിച്ചു ചില കമന്റുകളും ഇട്ടു ചിലതിനൊക്കെ മറുപടി ആവശ്യമായിരുന്നു ബ്ലോഗിട്ടവര്‍ അതിനു മറുപടിയും ഇട്ടു ഫില്‍ട്ടെര്‍ ഉണ്ടായത് കൊണ്ട് എനിക്കറിയാമായിരുന്നു ഇപ്പോള്‍ എവിടെയാ എനിക്കിട്ടൊരു കൊട്ട് വന്നതെന്ന് അല്ലെങ്കില്‍ എന്താ എന്റെ കമന്റിന്റെ പ്രതികരണമെന്ന് ഇനി അതിന്റെ ആവശ്യമില്ല ഞാനൊരു ഫുള്‍ടൈം സെക്രട്ടറിയെ വച്ചു .(കാരണം പലരും ഊതിപെരുപ്പിച്ച് കൊട്ടിഘോഷിച്ച ലിങ്കുകളില്‍ മണിക്കൂറുകള്‍ പരതി നടന്നിട്ടും പിന്‍‌മൊഴിയെ പോലൊന്ന് എനിക്ക് കാണാന്‍ കിട്ടിയില്ല എന്റെ ഒരു അറിവില്ലായ്മയേ കഷ്ടം! കണ്ടില്ലെങ്കില്‍ ലോകമവസാനിച്ചു പോവുമോ എന്ന് ചോദിക്കരുത് നാക്ക് കരിനാക്കാണെങ്കിലോ?) എന്നാലും ആരോടും നന്ദി പറയണ്ടാലോ.


അങ്ങനെ മധുര മനോഞ്ജ ലോകം സ്വപ്നത്തില്‍ മാത്രമല്ലാതെയാക്കുവാന്‍ വേഗം പിന്‍‌മൊഴി നിര്‍ത്തലാക്കൂ, അല്ലെങ്കില്‍ ഞാന്‍ എഴുതി കുറേ കഴിയുമ്പോള്‍ ഒരു കൊച്ചു എസ്റ്റാബ്ലിഷിഡ് ബ്ലോഗര്‍ ഒക്കെയാവുമ്പോള്‍ മാസത്തില്‍ ഒരിക്കലെങ്കിലും പിന്മൊഴിയില്‍ ഒന്നെത്തി നോക്കാന്‍ സമയമില്ലത്തതു കൊണ്ടോ എന്റെ സര്‍ഗവാസന മുരടിച്ച് പോയി എഴുതാന്‍ കൈയില്‍ സ്റ്റോക്ക് ഇല്ലാത്തത് കൊണ്ടോ അല്ലെങ്കില്‍ , നമുക്ക് വര്‍ത്തമാനം പറയാന്‍ പറ്റിയ സ്റ്റാറ്റസിലുള്ള പഴയ ബ്ലോഗേഴ്സ് (അല്ലേലും അങ്ങനെയാ പുതിയ പിള്ളെര്‍ക്കൊരു കഴിവും ഇല്ല എല്ലാം വെറും ചീളു കേസുകളാ) അപ്പോ അത്ര ആക്ടീവല്ലാത്തത് കൊണ്ടോ ‍ അല്ലെങ്കില്‍ ഞാന്‍ എന്തെക്കൊയോ ചവറുകള്‍ എഴുതി പുതിയ പിള്ളേരാരും തിരിഞ്ഞു നോക്കത്തത് കൊണ്ടോ (ബഹുമാനമില്ലാത്തവന്‍‌മാര്‍) അവന്‍ മാര്‍/അവളുമാര്‍ ഒപ്പം എന്റെ കൂടെ ഇപ്പൊ ഉണ്ടായിരുന്ന സൌഹൃദയന്‍ മാരെന്ന് പറയപ്പെടുന്ന ചിലരും ഒത്തു ചേര്‍ന്ന് ( അതിപ്പൊ തന്നെ ചെറുതായി തുടങ്ങി) അര്‍‌മാദിക്കുമ്പോള്‍ അസൂയ വന്നിട്ട് നാളെയെനിക്ക് ബ്ലഡ് പ്രഷര്‍‌കൂട്ടാതെ ഇപ്പൊ തന്നെ ഇത് നിര്‍ത്തലാക്കൂ .


പിന്നെ ഇത് നിര്‍ത്തലാക്കിയാല്‍ എനിക്കു മറ്റു ചില ഗുണങ്ങളും കൂടെയുണ്ടാവും നാളെ ഞാനും ഒരു സൈറ്റ് തുടങ്ങും മലയാളത്തില്‍ ഇന്നുള്ളതിലും വച്ച് മെച്ചമായ ഒരു അഗ്രിഗേറ്റെറും ഒക്കെ വച്ച് അങ്ങനെ എന്നെയും നാലു പേരറിയുമല്ലൊ എന്റെ സൈറ്റില്‍ ഒരോ ഹിറ്റുകളും അവരുമ്പോള്‍ ഹാ ഹാ ഞാന്‍ എന്റെ സ്വീകരണമുറിയിലെ കമ്പ്യൂട്ടറുകളില്‍ അവ കണ്ട് അര്‍മാദിക്കും പൊട്ടിപൊട്ടിച്ചിരിക്കും എന്റെ സൈറ്റിന്റെ മാര്‍ക്കെറ്റ് വാല്യൂ കൂടുന്നു ദിവസേന ലക്ഷക്കണക്കിനു ഹിറ്റുകള്‍ . നാളെയെന്നൊരു ദിവസമുണ്ടെങ്കില്‍ ഇംഗ്ലീഷില്‍ ഇറങ്ങുന്ന അത്രയും പോസ്റ്റുകള്‍ മലയാളത്തില്‍ ഇറങ്ങും എന്നാണ് ഒരു സുഹ്രുത്തിന്റെ അഭിപ്രായം അപ്പൊ തീര്‍ച്ചയായും അത്രയൊക്കെ ഹിറ്റുകള്‍ എന്റെ സൈറ്റുകളില്‍ വരുമെന്നേ . എന്നാലും ആ കാലമൊക്കെ വിശ്വസിക്കാന്‍ ഒരു ബുദ്ധിമുട്ട് അത് പിന്നെ മാറുമായിരിക്കും അല്ലേ നമ്മുടെ മലയാളം അത്രയ്ം വളര്‍ന്നെന്ന് അറിഞ്ഞതില്‍ അങ്ങേയറ്റ്ം സന്തോഷമുണ്ടെന്ന് മറ്റൊരു കാര്യം !പക്ഷേ വീണ്ടും ഒരപേക്ഷയുള്ളത് പിന്‍‌മൊഴി നിര്‍ത്തുന്നത് ബ്ലോഗിലെ സാംസ്ക്കാരിക അപചയങ്ങളുടെ പേരിലാവരുത് അത് പുതുതായി എഴുതി ത്തുടങ്ങുന്ന നൂറു കണക്കിനു ബ്ലോഗേഴ്സിനെ അടിച്ചാക്ഷേപിക്കുന്നതിനു തുല്യമാണ്. അതു തെളിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം , അല്ലാതെ പിന്മൊഴിയെ കഴുത്ത് ഞെരിച്ച് കൊല്ലരുതേ എന്ന് അപേക്ഷിക്കാനല്ല:):)


കടപ്പാട്: പിന്‍‌മൊഴി, സുവിന്റെ ബ്ലോഗ്.


(ഡിസ്ക്ലൈമെര്‍; ഇതില്‍ ഞാന്‍/എനിക്ക് എന്ന് വിവക്ഷിക്കുന്നത് ഇതിന്റെ രചയിതാവിനെ മാത്രമാണ്, അഗ്രഗേറ്ററുകള്‍ ഒരു സൌജന്യമായി ചെയ്യുന്ന ഇപ്പോ ഉള്ള വരുടെ നല്ല മനസ്സിനെ തീര്‍ച്ചയായും കുറച്ചു കാണിക്കുന്നതും ഇല്ല.)