Monday, August 20, 2007

പഴയ കാര്‍ വാങ്ങുമ്പോള്‍

മിക്ക യുവാക്കളേയും പോലെ , ഒരു കാലത്ത് കാറുകള്‍ എന്നു പറഞ്ഞാല്‍ എനിക്ക് ഒരു ഒന്നൊന്നര വട്ട് തന്നെ യായിരുന്നു, രൂപ 4 അക്കത്തില്‍ കൂടാത്ത വരുമാനമുള്ള മുംബൈയിലെ ആദ്യ നാളുകളിലും പോപ്പുലര്‍ കാര്‍ ബസാറില്‍ ഇടക്കൊക്കെ പോയി ഒന്നു വില ചോദിക്കുകയും ഉള്ളതില്‍ മുന്തിയ തരം തന്നെ എടുത്തേക്കാം എന്ന് ഭാവിച്ച് അവിടൊക്കെ ചുറ്റിപറ്റി നടക്കുകയും ചെയ്ത് ചെയ്ത് എന്നെ അവിടുത്തെ സെയില്‍‌സ് മാന്‍ മാര്‍ക്കൊക്കെ ഒരു വിധം പരിചയമാകുകയും ചെയ്തിട്ടും എനിക്ക് സ്യൂട്ടബിള്‍ ആയ ഒരു വണ്ടിയും അവിടെ വന്നില്ല, കാരണം മറ്റൊന്നുമല്ല ഒരു പതിനായിരം രൂപക്കൊക്കെ നാലു വീലോടു കൂടിയതൊക്കെ വാങ്ങണമെന്നുള്ളത് ഭയങ്കര അതി മോഹമാണെന്നാണ് അവന്‍‌മാരുടെ പക്ഷം!

അങ്ങനെ യിരിക്കുന്ന ഒരു സുപ്രഭാതത്തിലാണ് ഹീത്രുവില്‍ ഞാന്‍ വിമാനം ഇറങ്ങുന്നത്, അവിടെയാണെങ്കില്‍ റോഡില്‍ മനുഷ്യരെ ക്കാള്‍ കൂടുതല്‍ കാറുകളും , എന്റെ ഉദ്ദേശങ്ങള്‍ പൂവണിയാന്‍ ഇതില്‍ പരം ഒരു സന്ദര്‍ഭം വന്നു ചേരാനുണ്ടോ? ചെന്ന ആദ്യമാസങ്ങളില്‍ തന്നെ ഞാനും വാങ്ങി ഒരു ഫോഡ് എസ്കോര്‍ട്ട് ഒരു 1995 മോഡല്‍ പവര്‍ സ്റ്റീയറിങ്ങും പവര്‍ വിന്‍ഡോയും ഒന്നും ഇല്ലാത്ത ഒരു മഹാസംഭവം അതൊക്കെയുള്ളത് തന്നെ വേണമെന്ന് വാശിപിടിച്ചപ്പൊള്‍ കാര്‍ ഡീലര്‍ പറഞ്ഞു അതൊന്നും ഇല്ലെങ്കില്‍ എന്താ ഇതിനു എയര്‍ ബാഗ് ഉണ്ടല്ലൊ ( ഞാന്‍ ഇന്‍ഡ്യക്കാരനാണെന്നും എനിക്ക് ഡ്രൈവിങ്ങ് നല്ല വശമാണെന്നും അവന്‍ അറിഞ്ഞതിന്റെ ഫലം). അന്നു തൊട്ട് അവിടം വിട്ട 2006 ഡിസെംബര്‍ വരെ ഞാന്‍ സ്വന്തമാക്കിയ വണ്ടികള്‍ എട്ട്, അവസാനം വാങ്ങിയ ബ്രാന്‍ഡ് ന്യൂ കാര്‍ വിറ്റാല്‍ ഈ വീട്ടില്‍ ഭയങ്കര പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് ബെറ്റി ഭീഷണി മുഴക്കിയിട്ടും പോരുന്നതിനു തൊട്ട് മുമ്പ് അതും വിറ്റ് 1999 ലെ ഒരു ഫോഡ് എസ്കോര്‍ട്ട് വാങ്ങേണ്ടി വന്നു (അതിനു പക്ഷേ പവര്‍ സ്റ്റീയറിങ്ങും പവര്‍ വിന്‍ഡോയും ഉണ്ടായിരുന്നു) പക്ഷേ കാറുകളും ആയി എന്റെ പ്രണയത്തിനു മറ്റൊരു കാരണവും കൂടെയുണ്ട് ഇക്കാലയളവില്‍ ഞാന്‍ മറിച്ചു വിറ്റ കാറുകള്‍ ഏകദേശം 60 ഓളം വരും (ഞെട്ടണ്ട 60 തന്നെ).

മലയാളിമാമന്‍‌മാര്‍ കൂടോടെ ഇംഗ്ലണ്ടില്‍ എത്തിക്കൊണ്ടിരിക്കുന്ന കാലം , അബദ്ധത്തിലെങ്ങോ ഒരാള്‍ക്ക് വണ്ടിയെടുത്തു കൊടുക്കാന്‍ കൂടെ പോയതുകൊണ്ട് വിലയില്‍ നല്ല കുറവു കിട്ടിയതിനാല്‍ ക്രമേണ കേട്ടറിഞ്ഞ് സുഹ്രുത്തുക്കള്‍ വിളിച്ച് തുടങ്ങി ഒരു കാര്‍ വന്നു പെട്ടിട്ടുണ്ട് ഒന്നു നോക്കി നെഗോഷിയേറ്റ് ചെയ്യണം, നെഗോഷിയേഷന്‍ എന്നു വച്ചാല്‍ എനിക്ക് പിന്നെ ഭ്രാന്താ മുംബയില്‍ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ പര്‍ച്ചേസ് മാനേജരേയും ഫൈനാന്‍സ് വി പികളെയും ചുരുക്കം ചില എംഡികളെയും സോപ്പിട്ട് മറിച്ചെടുത്ത് അവന്റെ അക്കൌണ്ടിലെ പൈസ എന്റെ കമ്പനിയുടെ അക്കൌണ്ടിലേക്കും അവിടെ നിന്ന് അത് മറിച്ച് എന്റെ ദരിദ്രമായ ബാങ്ക് അക്കൌണ്ടിലേക്കും ഇട്ടതെനിക്ക് തുണയായി!

അങ്ങനെ സുഹൃത്തുക്കള്‍ കസ്റ്റമേഴ്സായി, കസ്റ്റമേഴ്സ് ഇട നിലക്കാരായി വെസനെസ്സ് പച്ചപിടിച്ചു, ജോലിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയം കൂടാതെ വീക്കെന്‍ഡ് രണ്ട് ദിവസവും ഓഫ് അങ്ങനെ കാറ് വാങ്ങാനും വില്‍ക്കാനും ഇഷ്ടം പോലെ സമയം കസ്റ്റമേഴ്സ് ഇഷ്ടം പോലെ, നല്ല കാറ് കിട്ടാനാണ് പ്രയാസം , അത്തരം അനുഭവങ്ങളില്‍ കൂടെ ഞാന്‍ കടന്നു പോയപ്പോള്‍ മനസ്സിലാക്കിയ ചിലപാഠങ്ങള്‍ ആണിവ ഒരു പഴയ കാര്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ക്കെങ്കിലും പ്രയോജന പ്പെടട്ടെ എന്നു കരുതി ഞാന്‍ ഇവിടെ കുറിക്കുന്നു, എല്ലാം ഓര്‍മ്മയില്‍ നിന്നാണ് എഴുതുന്നത് വേണ്ടത്ര അടുക്കും ചിട്ടയും ഉണ്ടാവില്ല ,ആധികാരികത കുറയുകയും ചെയ്യും.

പോയിന്റുകളായി എഴുതാമല്ലോ അല്ലേ, എങ്കില്‍ ആദ്യത്തെ പായിന്റ്

1, തയാറെടുപ്പ്

ബഡ്ജെറ്റ് തയാറാക്കുക, ചില മോഡലുകള്‍ ഫിക്സ് ചെയ്യുക (അതിനു പലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, സെര്‍വീസ് സെന്റെറുകളുടെ ലഭ്യത ആ മോഡല്‍ എത്ര വര്‍ഷം മുതല്‍ ലഭ്യമാണ്, ഇപ്പോഴും മാര്‍കെറ്റില്‍ ഉണ്ടോ? സ്പെയര്‍ പാര്‍ട്ട്സുകള്‍ അവൈലബിള്‍ ആണോ? ഉപയോഗിക്കുന്ന ഏതെങ്കിലും സുഹൃത്തുക്കളോ പരിചയക്കാരുടെയോ അഭിപ്രായം തുടങ്ങീ പലതും) ഒക്കെ തയ്യാറെടുപ്പുകള്‍ ആവാം. നമ്മുടെ പോക്കെറ്റില്‍ ഒതുങ്ങുന്ന ഒരു ബഡ്ജെറ്റ് പ്ലാന്‍ ചെയ്യുക , ഉദാഹരണം 1 ലക്ഷം രൂപയാണ് ബഡ്ജെറ്റ് എന്നു വച്ചാല്‍ അതില്‍ അല്പം പോലുംകൂടുതല്‍ കൊടുത്ത് വാഹനം വാങ്ങരുത് , കാരണം വാഹനം വാങ്ങിച്ചു കഴിഞ്ഞാല്‍ തിര്‍ച്ചയായും ചില ഹിഡന്‍ പേയ്മെന്റ് നമ്മള്‍ പോലും അറിയാതെ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ഒരു ലക്ഷം രൂപക്ക് ബഡ്ജെറ്റ് പ്ലാന്‍ ചെയ്തു കഴിഞ്ഞാല്‍ , പരസ്യ മാധ്യമങ്ങളിലോ, ലോക്കല്‍ ന്യൂസ് പേപ്പറുകളിലോ നോക്കിക്കൊണ്ടിരിക്കുക അവിടെ ഏറ്റവും പ്രധാനമായ ഒരു വസ്തുത ഒരു കാരണവശാലും ധൃതി പിടിച്ച് പഴയ കാറുകള്‍ വാങ്ങരുത്, കാറുകള്‍ നോക്കുമ്പോള്‍ നമ്മുടെ ബഡ്ജെറ്റില്‍ നിന്നും ഒരു 20% വരെ വിലകൂടിയ കാറുകളുടെ പരസ്യങ്ങള്‍ കൂടെ ശ്രദ്ധിക്കാം അപ്പൊ 1.20 വരെയുള്ള കാറുകളുടെ പരസ്യങ്ങള്‍ ശ്രദ്ധിക്കുന്നു. ഇഷ്ടപ്പെട്ട മോഡല്‍ വന്നാല്‍ ആ പരസ്യം വീണ്ടും വീണ്ടും വായിച്ച് നോക്കുക വരികള്‍ക്കുള്ളില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുവോ എന്നത് വളരെ പ്രധാനമാണ്, എന്നിട്ട് കൊടുത്തിരിക്കുന്ന ടെലഫോണ്‍ നമ്പരില്‍ വിളിക്കുക കാറിന്റെ വിവരണവും വിലയും അവര്‍ പറയുമ്പോള്‍ പരസ്യവും ആയി ഒത്തു നോക്കുക എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ അതില്‍ വ്യക്തത വരുത്തുക,

ടെലഫോണ്‍ വെയ്ക്കാറാവുമ്പോള്‍ ചോദിക്കുക എന്റെ ബഡ്ജറ്റ് 1.10 ആണ് ഞാന്‍ വന്ന് ഈ കാര്‍ കാണുന്നത് രണ്ടാള്‍ക്കും പ്രയോജനം ചെയ്യുമോ എന്ന് , ഓര്‍ക്കുക ആഗ്രഹിക്കുന്ന വിലയുടെ പത്ത് ശതമാനം വ്യത്യാസത്തില്‍ ഒരാളും കച്ചവടം അലസിപോവാന്‍ ആഗ്രഹിക്കില്ല. അതിനാല്‍ വന്നു നോക്കൂ എന്നായിരിക്കും മറുപടി!
ഫോണ്‍ വച്ചിട്ടില്ലല്ലൊ അല്ലേ? അവസാനം വരേണ്ട വഴിയും അഡ്രെസ്സും സമയം ഒക്കെ ഫിക്സ് ചെയ്തതിനു ശേഷം കാറിന്റെ വിവരണങ്ങള്‍ നമ്മളൊന്നു പറഞ്ഞ് ഉറപ്പാക്കേണ്ടതാണ്, ഉദാ മേക്ക്, മോഡല്‍, കളര്‍, മൈലേജ്, എത്ര പ്രിവിയസ് ഓണേഴ്സ് ഉണ്ട്, എന്നു തുടങ്ങി അറിയേണ്ടതെല്ലാം , അവസാനം ഫോണ്‍ വെക്കുന്നതിനു തൊട്ടു മുമ്പ് വില നമ്മള്‍ എടുത്ത് പറയുന്നു, അതിന്റെ കൂടെ ഒരു വാചകവും ചേര്‍ക്കണം , ഓകെ അപ്പൊ താങ്കള്‍ പറഞ്ഞതു പോലെ ഉള്ള നല്ല കണ്ടീഷനിലെ കാറാണെങ്കില്‍ ഞാന്‍ 1.10 തരാം , നല്ല കണ്ടീഷന്‍ കാറല്ല എന്നു ഒരു സെല്ലറും സമ്മതിക്കാത്ത സ്ഥിതിക്ക് ഓക്കെ പറഞ്ഞ് ഫോണ്‍ വെയ്ക്കാനാണ് സാധ്യത!

2 വാഹന പരിശോധന,
നിര്‍ബന്ധമായും നല്ല സൂര്യപ്രകാശമുള്ള പകല്‍ ക്കാലം തന്നെ യായിരിക്കണം വാഹനം പരിശോധിക്കാന്‍ ചെല്ലേണ്ടത്, പരിശോധിക്കുമ്പോള്‍ കഴിയുന്നതും ഒരു മെക്കാനിക്കോ വാഹനത്തെ പറ്റി അല്പമെങ്കിലും പരിചയമുള്ളവരോ കൂട്ടത്തില്‍ ഉണ്ടാവണം , ഒരു ഐഡി കൂടെ കരുതുക ഓഫീസ് ബാഡ്ജോ ബാങ്ക് കാര്‍ഡോ മറ്റെന്തെങ്കിലും അതു പോലുള്ള ഒന്ന്. കൂട്ടത്തില്‍ ആ പരസ്യം കട്ടു ചെയ്തതും ഒരു പേപ്പറും പേനയും കരുതണം വളരെ പ്രധാനപ്പെട്ട ഒരു ടൂളും കൂട്ടത്തില്‍ എടുക്കാന്‍ മറക്കരുത്, ഒരു കുഞ്ഞ് മാഗ്നെറ്റ് പീസ്! വാഹനത്തിന്റെ അടുക്കല്‍ നാമെത്തുമ്പോള്‍ പുതുതായി വാഹനം വാങ്ങാന്‍ പോകുന്നവരാണെങ്കില്‍ അല്പം സന്തോഷം നമ്മുടെ ഉള്ളില്‍ ഉണ്ടാവും അതു പുഞ്ചിരിയായി പുറത്ത് വരികയും ചെയ്യും എന്നാല്‍ അത് പാടില്ല , കാര്‍ എത്ര നല്ല കണ്ടീഷന്‍ ആണെങ്കിലും ഒട്ടും സന്തോഷം മുഖത്ത് വരാന്‍ പാടില്ല, പകരം , ഞാന്‍ സ്ഥിരം തട്ടിവിടുന്ന ഒരു വാചകം ഉണ്ട് അതു പോലെ മറ്റോ ആവാം, നിരാശപ്പെടുത്തിക്കളഞ്ഞു , ഞാന്‍ ഇത്രയും ദൂരം ബര്‍മ്മിങ്ങ്ഹാമില്‍ നിന്നും വന്നതാണു എന്നാല്‍ ഇത് തികച്ചും നിരാശയായി പോയി!

അടുത്ത നമ്മുടെ ഭാവം നമുക്കും കാറുകളെ കുറിച്ച് ചിലതൊക്കെ അറിയമെന്ന രീതിയിലായിരിക്കണം പക്ഷേ ചുമ്മാ വാചകമടിച്ച് വിഡ്ഡിത്തം ഒന്നും വിളിച്ച് പറയരുത്, ഞാന്‍ കാറുകള്‍ സ്വയം നന്നാക്കാറൂണ്ടെന്നായിരുന്നു ഞാന്‍ തട്ടി വിടാറുണ്ടായിരുന്നത്! ഇനി കാര്‍ പരിശോധിക്കേണ്ട വിധം കാറിന്റെ പുറമാണല്ലൊ ആദ്യം നമ്മളുടെ കണ്ണില്‍ പ്പെടുന്നത് അപ്പോള്‍ പുറത്ത് നിന്നും തുടങ്ങാം പരിശോധന, ബോഡി യിലെ പെയിന്റ് നോക്കുക , 5 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള കാറാണെങ്കില്‍, വീലിനു മുകളില്‍, വാഹനത്തിന്റെ കീഴ് വശം, ബൂട്ടിന്റെ കാര്‍പെറ്റിനു താഴെ തുടങ്ങിയവ നന്നായി പരിശോധിക്കുക തുരുമ്പ് ആരംഭിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങള്‍ അവിടെയാണ്. ബൂട്ടില്‍ നോക്കുമ്പോള്‍ സ്പെയര്‍ ടയറിന്റെ കണ്ടീഷനും ടൂളുകള്‍ യഥാസ്ഥാനത്തുണ്ടോ എന്നും കൂടെ നോക്കാന്‍ മറക്കരുത്! രണ്ട് മീറ്ററോളം ദൂരേക്ക് മാറി പല ആങ്കിളില്‍ വാഹനത്തിന്റെ പെയിന്റ് നോക്കുക എവിടെയെങ്കിലും വ്യത്യാസം തോന്നിയാല്‍ കൈയിലുള്ള മാഗ്നെറ്റ് അവിടെ വച്ച് നോക്കുക പുട്ടി ഇട്ട് പെയിന്റ് ചെയ്തിരിക്കുന്നതാണെങ്കില്‍ മാഗ്നെറ്റ് പീസ് താഴെ വീഴും അല്ലെങ്കില്‍ അത് കാറിന്റെ ബോഡിയില്‍ ഒട്ടിയിരിക്കും, പിന്നീട് വാഹനത്തിന്റെ നേരെ മുന്നില്‍ വന്ന് പിറകിലേക്ക് മാറി നോക്കുക ബോണറ്റിന്റെ കവര്‍ യഥാരീതിയില്‍ ചേര്‍ന്നാണോ കിടക്കുന്നതെന്ന് പരിശോധിക്കുക ആക്സിഡെന്റായ വണ്ടികള്‍ ചെലപ്പോള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ ഇതു മൂലം സഹായിക്കും . പിന്നീട് മുന്നിലേയും പിറകിലേയും വിന്‍ഡ് സ്ക്രീനുകളും എല്ലാ വിന്‍ഡോ ഗ്ലാസുകളും പരിശോധിക്കുക ഒരു മാനു ഫാക്ചററിന്റേതു തന്നെയായിരിക്കണം എല്ലാ ഗ്ലാസുകളും! അല്ലെങ്കില്‍ സൂക്ഷിക്കുക ചെലപ്പോള്‍ ആ കാര്‍ ആക്സിഡെന്റിലോ വാന്‍ഡലിസത്തിലോ അകപ്പെട്ടതായിരിക്കും (ഇന്‍ഡ്യയില്‍ വാന്‍ഡലിസത്തിലകപ്പെട്ട കാറുകള്‍ക്ക് വില കുറവ് ഉണ്ടാവാറില്ല എന്നു തോന്നുന്നു എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ഒരു പക്ഷേ അമേരിക്കയിലും അതല്ല സ്ഥിതി മിഡിലീസ്റ്റീല്എങ്ങെനെയാ എന്ന് വലിയ പിടിയില്ല). അപ്പൊ അതൊക്കെ ഓക്കെയാണെങ്കില്‍ ടയറുകള്‍ നോക്കുക , ടയറുകള്‍ റോഡില്‍ നിന്നും സ്ലിപ്പ് ആവാതിരിക്കാന്‍ മിനിമം 1.6 മിമി കനം ത്രെഡുകള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. അതു കൂടാതെ നോക്കേണ്ടത് ഷോക്സ് അബ്സോര്‍ബറിന്റെ കണ്ടീഷന്‍ ആണ് മുന്‍ വശത്തെ ടയറിന്റെ മുകളില്‍ രണ്ടു കൈയും കൊണ്ട് താഴേക്ക് തള്ളി നോക്കുക വാഹനം ഏറെ നേരം കുലുങ്ങുന്നുവെങ്കില്‍ താരതമ്യേന ഷോക്സ് അബ്സോര്‍ബര്‍ മോശം കണ്ടീഷന്‍ ആവാനാണ് സാധ്യത നല്ല കണ്ടിഷന്‍ ആണെങ്കില്‍ വാഹനം ഒന്നു തുള്ളി നില്‍ക്കും.
എക്സ്റ്റീരിയറിലെ പരിശോധന അവസാനിച്ചെങ്കില്‍ ബോണറ്റ് തുറക്കാന്‍ ആവശ്യപ്പെടാം , ബോണറ്റ് അനായാസേന തുറക്കാന്‍ കഴിയുന്ന രീതിയില്‍ ആയിരിക്കണം , ബോണറ്റ് തുറന്നാല്‍ എഞ്ചിന്റെ ഓയില്‍ നോക്കാന്‍ ഒരു സ്കെയില്‍ ഉണ്ടവും അതു തുറന്ന് എഞ്ചിന്‍ ഓയിലിന്റെ കണ്ടീഷന്‍ നോക്കാം (എഞ്ചിന്‍ ഒരു വിധം തണുത്തതാണെങ്കില്‍ മാത്രമേ ആ സ്കെയിലും എഞ്ചിന്റെ കവറും ഊരി പരിശോധിക്കാവൂ ) ഓയില്‍ സാധാരണയില്‍ കൂടുതല്‍ കറുപ്പാണെങ്കില്‍ ഉടമ കാര്‍ നേരാവണ്ണം ശ്രദ്ധിച്ചില്ലെന്നു സാരം , എഞ്ചിനോയിലില്‍ വെളുത്ത ക്രീം മാതിരി എന്തെങ്കിലും പറ്റിയിരിക്കുകയും കനച്ച വെളിച്ചെണ്ണയുടെ ഗന്ധവും ഉണ്ടെങ്കില്‍ ആ വാഹനം വാങ്ങാതിരിക്കുന്നതാവും ഉത്തമം. നന്നാക്കാന്‍ ഏറെ തുക വേണ്ടി വരും! ഓയില്‍ നോക്കി കഴിഞ്ഞുവെങ്കില്‍ ബാറ്ററി എങ്ങെനെയുണ്ടെന്ന് നോക്കുന്നത് നന്നായിരിക്കും എന്തെങ്കിലും മോശമായ ലീക്കുണ്ടോ അത് മുഖാന്തരം തുരുമ്പ് ഉണ്ടോ എന്നൊക്കെ, അതിനു ശേഷം ബോണറ്റ് അടക്കാതെ തന്നെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടാം നല്ല കണ്ടീഷനിലുള്ള എഞ്ചിനില്‍ നിന്നും അപശബ്ദങ്ങള്‍ ഒന്നും ഉണ്ടാവില്ല, ഒരേ രീതിയിലുള്ള ചെറിയ ശബ്ദമായിരിക്കും എഞ്ചിനില്‍ നിന്നും പുറപ്പെടുന്നത് (അധിക നേരം വാഹനം നിശ്ചല അവസ്ഥയില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നെങ്കില്‍ , എഞ്ചിനെ തണുപ്പിക്കുന്നതിനായ് ഫാന്‍ തനിയെ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് അതിന്റെയും ശബ്ദം കണക്കിലെടുക്കണം). അതിനു ശേഷം വാഹനത്തിന്റെ പിറകില്‍ പോയി പുകക്കുഴലില്‍ കൂടെ വരുന്ന പുക പരിശോധിക്കുക ഇതും വളരെ പ്രധാന പ്പെട്ടതാണ്, ഏതെങ്കിലും കാരണവശാല്‍ നീല നിറത്തിലെ പുകയാണ് വരുന്നതെങ്കില്‍ അപ്പോഴേ അവിടെ നിന്നും സ്കൂട്ടാവുക , നല്ല കണ്ടീഷന്‍ ആണെങ്കില്‍ വളരെ ചെറിയ അളവില്‍ നമുക്ക് ശ്രദ്ധിച്ചു നോക്കിയാല്‍ കാണാന്‍ കഴിയുന്ന രീതിയിലായിരിക്കും പുകയുണ്ടാവുന്നത്‍ അതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വാഹനത്തിലെ ലൈറ്റുകള്‍, ഇന്‍ഡികേറ്ററുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നോ എന്നും പരിശോധിക്കുക. അതിനു ശേഷം വാഹനത്തിന്റെ അടിയില്‍ നോക്കുക എന്തെങ്കിലും തുരുമ്പ് ഉണ്ടോ എക്സോസ്റ്റിന്റെ കണ്ടീഷന്‍ എങ്ങനെയുണ്ടെന്ന് ഒക്കെ കണ്ണ് കൊണ്ട് ഒരു ഓട്ടപ്രദിക്ഷണം ചെയ്യുന്നതോടൊപ്പം എഞ്ചിന്റെ താഴെഭാഗത്ത് നിന്ന് എന്തെങ്കിലും ലീക്ക് ഉണ്ടോ പ്രതലത്തില്‍ നോക്കി മനസ്സിലാക്കുക അവിടെയും ഒരു കാര്യം ശ്രദ്ധിക്കുക ഏറെ നേരം വാഹനത്തിന്റെ ശീതികരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ജലാംശം ഇറ്റു വീഴാന്‍ സാധ്യതയുണ്ട്, അതു കാര്യമാക്കേണ്ട.

ഇത്രയും പരിശോധന കഴിഞ്ഞെങ്കില്‍ വാഹനത്തിന്റെ ഇന്റീരിയര്‍ നോക്കാം സീറ്റുകള്‍ , കാര്‍പെറ്റ്, റൂഫ്, സീറ്റ്ബെല്‍ട്ടുകള്‍ ഓരോന്നും, ഡാഷ് ബോഡ് ഒക്കെ പരിശോധിക്കുന്നതോടൊപ്പം രണ്ട് കര്യങ്ങള്‍ കൂടെ നോക്കണം അത് ആക്സിലേറ്ററിലെ പാഡിന്റെതേയ്മാനവും വണ്ടിയുടെ മൈലേജും അനുപാതമാണോ എന്ന് നോക്കുക 50, 000മൈലുകള്‍ ഓടിയ വണ്ടിയിലെ ആക്സിലേറ്ററിലെ പാഡുകള്‍ അധികം തേഞ്ഞിട്ടുണ്ടാവില്ല , എന്നാല്‍ 100,000 മൈലുകള്‍ ഓടിയ വാഹനത്തിന്റെ ആക്സിലേറ്ററിന്റെ പാഡുകള്‍ക്ക് അതായിരിക്കില്ല സ്ഥിതി! അതിനോടോപ്പം നോക്കേണ്ട മറ്റൊരു വസ്തുത ഡാഷ് ബോഡിലെ ഗ്ലാസ്സ് ഇളക്കി മാറ്റിയിട്ടുണ്ടോ എന്നാണ്. അതിലെ സ്ക്രൂവിനു ചുറ്റും സ്ക്രൂഡ്രൈവെര്‍ ഇട്ടു വരച്ച പാടുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയാണ്, എന്തിനോ വേണ്ടി ഡാഷ് ബോഡിലെ കവര്‍ ഇളക്കി മാറ്റിയിരിക്കുന്നു, അപൂര്‍വമായേ അതിന്റെ ആവശ്യം ഉണ്ടാവാറുള്ളൂ , ഡാഷ് ബോഡിന്റെ കവറും വാഹനത്തിന്റെ കുറഞ്ഞ??? മൈലേജും ആയി വളരെ ബന്ധമുണ്ട് താനും!

3, ഡ്രൈവിങ്ങ്
ഇത്രയും ആയെങ്കില്‍ ഒരു വിധത്തില്‍ വാഹനത്തിന്റെ പരിശോധന കഴിഞ്ഞിരിക്കുന്നു, ഇനി വാഹനത്തിന്റെ കണ്ട്രോളുകള്‍ മനസ്സിലാക്കി ഒന്നു ചവിട്ടി വിട്ടു നോക്കൂ, അധികം ട്രാഫിക്കില്ലാത്ത വിശാലമാ‍യ റോഡാണ് സൌകര്യം പല സ്പീഡില്‍ പല ഗിയറില്‍ കുറേ ഏറെ നേരം വാഹനം ഓടിച്ചു നോക്കുന്നതില്‍ തെറ്റില്ല ,ഒരു സൈഡിലേക്കും ചരിയാതെ, സ്റ്റീയറിങ്ങില്‍ അമിത ബലം കൊടുക്കേണ്ടി വരാതെ വളരെ സ്മൂത്തായിട്ടയിരിക്കും നല്ല കണ്ടീഷനില്‍ ഉള്ള വണ്ടിയുടെ പ്രയാണം , ക്ലച്ചും ഗിയറും അനായേസന പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാവണംബ്രേക്കിങ്ങും ശ്രദ്ധിക്കുക ആദ്യം ചെറിയ വേഗത്തില്‍ ബ്രേക്ക് ചെയ്തു നോക്കി വേഗം വര്‍ദ്ധിപ്പിച്ച് വര്‍ദ്ധിപ്പിച്ച് ബ്രേക്ക് ചെയ്തു നോക്കുക. അപ്പോഴും വാഹനം ചരിഞ്ഞു പോവാതെ വേണം നിശ്ചലമാവാന്‍. വാഹനം ഓടുമ്പോള്‍ ഒരു കാരണവശാലും അതിലുള്ള ഓഡിയോ പ്ലെയര്‍ പ്രവര്‍ത്തിപ്പിച്ച് നോക്കരുത്, വാഹനത്തില്‍ നിന്ന് എന്തെങ്കിലും അപശബ്ദങ്ങള്‍ ഉണ്ടായാല്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടാവും.

4, ഡൊക്യുമെന്റ്സ്, വിലപേശല്‍
ഇത്രയും കാര്യങ്ങള്‍ പരിശോധിച്ചു കഴിഞ്ഞു തൃപ്തിയായെങ്കില്‍ മാത്രം വാഹനത്തിന്റെ ഡോക്യുമെന്റ്സ് കാണാം ആദ്യം നമ്മുടെ ഐഡി കാണിച്ചിട്ട് വില്‍ക്കുന്ന ആളിന്റെ ഐഡി കാണാനായി ആവശ്യപ്പെടാം , വണ്ടിയിലുള്ള രെജിസ്ട്രേഷന്‍ ഡോക്യുമെന്റിലെ രെജിസ്ട്രേഷന്‍ നമ്പര്‍, വണ്ടിയുടെ നമ്പര്‍പ്ലേറ്റ്, വിന്‍/എഞ്ചിന്‍ നമ്പര്‍, ഓണറുടെ പേര് , ഫൈനാന്‍സ് ഇതൊക്കെ തീര്‍ച്ചയായും വെരിഫൈ ചെയ്യണം, സംശയമുണ്ടെങ്കില്‍ പിന്നീടാകാം വെരിഫിക്കേഷന്‍ എന്ന് ഒരു കാരണവശാലും വിചാരിക്കരുത്, ഏതെങ്കിലും തേഡ് പാര്‍ട്ടി ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ അങ്ങനെ തന്നെ ചെയ്യണം (വിദേശത്ത്). പിന്നീട് വാഹനം വാങ്ങിച്ചു കഴിഞ്ഞാല്‍ നാമെന്തെങ്കിലും പേയ്മെന്റോ സെര്‍വീസോ ചെയ്യാനുണ്ടോ എന്നും അന്വേഷിക്കുക തുടര്‍ന്നുള്ള വിലപേശലില്‍ അതും കണക്കാക്കണം.

ഇത്രയും പരിശോധന കഴിഞ്ഞെങ്കില്‍ നേരത്തെ 1.10ലക്ഷത്തില്‍ നില്‍ക്കുന്ന വാഹനത്തിനു, നിങ്ങളുടെ മനോധര്‍മ്മം പോലെ വില പേശിത്തുടങ്ങാം, ഞാനാണെങ്കില്‍ 45000 രൂപ തൊട്ട് തുടങ്ങും , നേരത്തെ നമ്മള്‍ കൈയില്‍ കരുതിയ പേപ്പറില്‍ വണ്ടിയുടെ പ്രോബ്ലെംസ് ഓരോന്ന് എഴുതിയിട്ടിട്ടുണ്ടല്ലൊ , അതാണ് നമ്മെ വില പേശാന്‍ സഹായിക്കുന്ന യന്ത്രം !
ഫോട്ടോയൊന്നും ഇടാന്‍ പ്ലാന്‍ ഇല്ലായിരുന്നു, പോസ്റ്റ് കമ്പ്ലീറ്റ് എഴുതിക്കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് എന്റെ പഴയ കാറുകളുടെ ചില ഫോട്ടോസ് ഫോള്‍ഡെറില്‍ ഉണ്ടല്ലൊ എന്ന് , ബ്ലോഗിലൊക്കെ വരുന്നതിനു മുമ്പ് പരസ്യങ്ങള്‍ക്കായി എടുത്ത ഫോട്ടോസാണ് , ആ കാഴ്ചപ്പാടിലേ കാണാവൂ എന്ന് അഭ്യര്‍ത്ഥനയും ഉണ്ട്!




കാറിന്റെ മോഡല്‍ കാണിക്കാന്‍ വേണ്ടി എടുത്ത ഫോട്ടോ



ഈ കാറിന്റെ ബാക്കില്‍ ക്യാമേറ ഉണ്ടായിരുന്നു റിവേഴ്സ് ഗിയറില്‍ ഇട്ടാല്‍ പിറകിലെ ദൃശ്യങ്ങള്‍ മുന്നിലെ സ്ക്രീനില്‍ വരും!


ഇത് കണ്ടാണെനിക്കീ കാറിനോട് കമ്പം കയറിയത്, ഓടിച്ചാല്‍ ഒരു 2 സീറ്റര്‍ ഫ്ലൈറ്റ് ഓടിക്കുന്ന മാതിരിയല്ലേ ഡാഷ് ബോഡില്‍ നോക്കേണ്ടത്???


നമ്പര്‍ പ്ലേറ്റ് ഒക്കെ ചോദിച്ചു വാങ്ങിയതാ ഫുള്‍ പേരിന്റെ ഇനിഷ്യല്‍ ഒക്കെ ചേര്‍ത്ത് കിം ഫലം???


എന്റെ അഭിപ്രായത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രൈവിങ്ങ് സുഖം തരുന്ന കാറിതാണ്, ഇതായിരുന്നു എന്റെ ഫേവറിറ്റ് വണ്ടി വോക്സ് വാഗെണ്‍ പസ്സാറ്റ്!!!(ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ഓടിച്ചതിവനെയാണ് 1 1/2 വര്‍ഷം) നല്ല വില കിട്ടിയപ്പൊ അവനേയും മറിച്ചു:)


( ഭയങ്കരമാന ഒരു ഡിസ്ക്ലൈമര്‍:- ഞാന്‍ ഒരു ഓട്ടോമൊബൈല്‍ എഞ്ചിനീയറല്ല, എന്നത് പോകട്ടെ ഒരു കാര്‍ മെക്കാനിക്ക് പോലുമല്ല ഇതില്‍ ഞാന്‍ എഴുതിയിരിക്കുന്നത് എന്റെ അനുഭവക്കുറിപ്പുകള്‍ മാത്രമാണ്)