Sunday, September 7, 2008

പീഡിപ്പിക്കുവാന്‍ എനിക്കും ഒരവസരം

സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും - ഭാഗം 3

ഇത് സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും എന്ന പോസ്റ്റിന്റെ മൂന്നാമതും അവസാനത്തതും ആയ ഭാഗമാണു, ആദ്യ പോസ്റ്റ് മുതല്‍ വായിച്ചാല്‍ മാത്രമേ യഥാര്‍ത്ഥചിത്രം ലഭിക്കൂ.

(ഇനി നിയമപരമായ ഒരു മുന്നറിയിപ്പ്: ഇവിടെ പരാമര്‍ശിക്കുന്ന സംഭവം ഒരു ബ്ലോഗിലെ പോസ്റ്റിനു ചേരേണ്ട വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ ഇതിലുണ്ടാവാം നിയമപരമായ ഒരു നടപടികള്‍ക്കും ഈ പോസ്റ്റുകള്‍ ഒരു റെഫറന്‍സ് ആയിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.)



അങ്ങനെ ചൊവ്വാഴ്ചയെത്തി, ഡി വൈ എസ് പി ജയശാന്തിലാല്‍ രാവിലെ മൊബൈലില്‍ വിളിച്ചു സംസാരിച്ചിരുന്നു, കാര്യങ്ങള്‍ എല്ലാം ഉദ്ദേശിക്കുന്നത് പോലെ നീക്കിയിട്ടുണ്ടെന്നും ധൈര്യമായി എത്തിക്കോളാനും അദ്ദേഹം ഫോണില്‍കൂടെ ഉപദേശിച്ചു. ഉച്ച ഭക്ഷണം പെട്ടെന്നു കഴിച്ചെന്നു വരുത്തി വീട്ടില്‍ നിന്നും ഇറങ്ങി, വണ്ടി സൂക്ഷിച്ചോടിക്കണമെന്ന് ബെറ്റിയുടെ ഉപദേശം പതിവുപോലെ കേട്ടില്ലന്ന് നടിച്ച് ഞാന്‍ കാറെടുത്തു.

കൊല്ലം ചിന്നക്കടയില്‍ കാത്തുനില്‍ക്കുന്ന കസിനെയും പിക് ചെയ്ത് വിജിലന്‍സ് ഓഫീസില്‍ ചെന്നപ്പോള്‍ സമയം എകദേശം ഒരുമണി. നേരേ ഡി വൈ എസ് പിയുടെ മുറിയിലേക്ക് നടന്നു, അവിടെ ചെന്നു ആദ്യം ചെയ്തത് പഞ്ചായത്ത് സെക്രട്ടറി ഓഫീസിലുണ്ടോ അവര്‍ തിരക്കിലായിരിക്കുമോ എന്ന് ഫോണ്‍ ചെയ്ത അന്വേഷിക്കുക എന്നതായിരുന്നു, ഫോണില്‍ സംസാരിച്ച എന്നോട് അവരുടെ സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത് സെക്രട്ടറി രാവിലെ മുതല്‍ ഏതോ ഇന്റെര്‍വ്യൂവും ആയി ബന്ധപ്പെട്ട് തിര‍ക്കിലാണ് എന്നും നാലുമണിയാവുമ്പോഴേക്കും വന്നോളൂ അവരെ കാണാന്‍ കഴിയുമെന്നും എന്നാണ്, എന്റെ വരവിന്റെ കാര്യം ആ സഹപ്രവര്‍ത്തകനോട് അവര്‍ സൂചിപ്പിച്ചുണ്ടെന്നും അവര്‍ എനിക്കുവേണ്ടി കാത്തിരിക്കും എന്നും അതോടെ വ്യക്തമായി.

ഓപ്പറേഷന്‍ നടത്തേണ്ട വിധത്തെപറ്റി ജയശാന്തിലാല്‍ സാര്‍ ഒരിക്കല്‍ കൂടെ വിശദീകരിച്ചു തന്നു, എനിക്കായിരിക്കും ഇതില്‍ മുഖ്യ റോളെന്നതിനാല്‍ എന്റെ ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. നിര്‍ഭാഗ്യ വശാല്‍ ഞാന്‍ കൊടുക്കുന്ന കറന്‍‌സി നോട്ടുകള്‍ കൈകൊണ്ട് അവര്‍ വാങ്ങിയില്ലെങ്കില്‍ കേസ് ദുര്‍ബലമായിപ്പോകും അതിനാല്‍ കഴിയുന്നതും അവര്‍ ചൂണ്ടിക്കാണിക്കുന്ന വേസ്റ്റ് ബിന്‍, മേശ വിരിയുടെ താഴെ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നോട്ടുകള്‍ വെക്കാതെ നേരിട്ട് കൊടുക്കാന്‍ ശ്രമിക്കുക എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു ചെറിയ ഡെമോ അവിടെ വച്ച് ചെയ്ത് നോക്കി. എന്നാല്‍ പോലും ഞാന്‍ പൈസ നീട്ടുമ്പോള്‍ പഞ്ചായത് സെക്രട്ടറിയുടെ മനസ്സില്‍ ഉണ്ടാവുന്ന ചിന്താഗതിയായിരിക്കും ഈ കേസിന്റെ ഗതി നിശ്ചയിക്കുന്നതിനാല്‍ എന്താ സംഭവിക്കാന്‍ പോകുന്നത് എന്നത് പ്രവചനാതീതമായി തുടര്‍ന്നു.


അല്പം സമയത്തിനുള്ളില്‍ ഡി വൈ എസ് പി യുടെ ഓഫീസ് പോലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് നിറഞ്ഞു . എല്ലാവരും ഈ കേസിനോട് ബന്ധപ്പെട്ട ഓരോ ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ത്തുകൊണ്ടിരുന്നു എല്ലാ ഓഫീസേഴ്സിന്റേയും മുഖത്ത് ആകാംക്ഷ കലര്‍ന്ന ഉത്സാഹം കാണപ്പെട്ടു. ഡിവൈ എസ് പി എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് കസേരയിലിരുന്നു, അതിനിടയില്‍ അദ്ദേഹം തലേ ദിവസം എഴുതിയ പേജുകളില്‍ നിന്നും പഞ്ചായത്ത് സെക്രട്ടറിയുടെ പേരും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും ഒഴിവാക്കി കേസിന്റെ എഫ് ഐ ആര്‍ വായിച്ചുകൊടുക്കുന്നുണ്ടായിരുന്നത് മനോഹരമായ കൈയക്ഷരത്തില്‍ മറ്റൊരു ഓഫീസെര്‍ അതെഴുതിയെടുത്തു . ആ സമയം ‍ അവിടെയെത്തിയ രണ്ട് തഹസീല്‍ദാര്‍ മാരെയും എഫ് ഐ ആര്‍ വായിച്ചു കേള്‍പ്പിച്ചു, അവരുടെ സാന്നിധ്യത്തിലായിരിക്കും മുഴുവനും ഓപ്പറെഷന്‍ നടക്കാന്‍ പോകുന്നതെന്ന് പറഞ്ഞു ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി.

അതിനു ശേഷം ആയിരത്തിന്റെ അഞ്ച് കറന്‍സി നോട്ടുകള്‍ എടുത്ത് അതില്‍ വാട്ടര്‍മാര്‍ക്കിന്റെ ഒരു വശത്ത് ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിയാത്ത രീതിയില്‍ ഡി വൈ എസ് പി സൈന്‍ ചെയ്തു അതോടൊപ്പം ആ നോട്ടുകളുടെ നമ്പര്‍ എഫ് ഐ ആറില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നിട്ട് ജയശന്തിലാല്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടത്തില്‍ ഒരോഫീസെര്‍ റൂമിലെ ഫാന്‍ ഓഫ് ചെയ്തിട്ട് ഒരു വെളുത്ത ഷീറ്റിലെക്ക് ഫിനോള്‍ഫ്തലീന്‍ പൊടി വിതറി അത് കറന്‍സികളിലെല്ലാം പതിയെ തേച്ചുപിടിപ്പിച്ചു, എന്നിട്ട് പപ്പടം ഉണ്ടാക്കുന്നവര്‍ അത് പരത്തിയതിനു ശേഷം പൊടിയില്‍ മുക്കിയിട്ട് അതില്‍ അധികമുള്ള പൊടി കൈകൊണ്ട് തട്ടിക്കളയുന്നത് പോലെ നോട്ടുകളില്‍ കാണത്തക്കവണ്ണമുള്ള പൊടികളെല്ലാം ചൂണ്ടുവിരലുകള്‍ കൊണ്ട് തട്ടിക്കളഞ്ഞു , ഇപ്പോള്‍ കണ്ടാല്‍ ആ നോട്ടുകള്‍ക്ക് ഒരു പ്രത്യേകതയും തോന്നില്ല, എന്നാല്‍ സാധാരണ നേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ മനസ്സിലാവാത്ത രീതിയില്‍ ഫിനോള്‍ഫ്തലിന്‍ പൊടിയുടെ നേര്‍ത്ത ഒരാവരണം ആ നോട്ടുകളില്‍ മേല്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു.

ആ സമയം തന്നെ മറ്റൊരു ഓഫീസെര്‍ ഒരു ഗ്ലാസില്‍ കുറേ ചുണ്ണാമ്പ് പൊടിയിട്ട് വെള്ളമൊഴിച്ച് നല്ലതുപോലെ ലയിപ്പിച്ചു . നേര്‍പ്പിച്ച പാലിന്റെ നിറമുള്ള ആ ദ്രാവകം രണ്ട് ഗ്ലാസിലെക്ക് ആ പകര്‍ന്നു , ആദ്യത്തെ ഗ്ലാസിനു ഏ എന്നും രണ്ടാമത്തെ ഗ്ലാസിലെ ചുണ്ണാമ്പ് വെള്ളത്തിനു ബി എന്നും ലേബലൊട്ടിച്ചു.

പിന്നീട്, നോട്ടുകളില്‍ പൊടി തേച്ചുപിടിപ്പിച്ച പോലീസ് ഓഫീസറുടെ അടുക്കല്‍ ഏ ഗ്ലാസിലെ ചുണ്ണാമ്പ് വെള്ളം കൊണ്ടുചെന്നു അദ്ദേഹത്തോട് വിരലുകള്‍ രണ്ടും അതില്‍ മുക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മുക്കിയ ചുണ്ണാമ്പ് വെള്ളം പിങ്ക് നിറമായി മാറി, തുടര്‍ന്ന് ഇതിലെങ്ങും ഉള്‍പ്പെടാതെ ദൂരെ മാറി നില്‍ക്കുന്ന ഒരോഫീസെറോട് ബി ഗ്ലാസിലെ വെള്ളത്തില്‍ കൈവിരലുകള്‍ മുക്കാന്‍ ആവശ്യപ്പെട്ടു അദ്ദേഹം കൈവരലുകള്‍ മുക്കിയ ഗ്ലാസിലെ വെള്ളത്തിനാവട്ടെ നിറവ്യത്യാസം ഒന്നും സംഭവിക്കുകയുണ്ടായില്ല. ഈ ദ്രാവകങ്ങള്‍ തുടര്‍ന്ന് ചെറിയ ബോട്ടിലുകളിലെക്ക് പകര്‍ന്ന് സീല്‍ ചെയ്ത് ഗസറ്റഡ് ഓഫീസെറിന്റെ സൈന്‍ വാങ്ങി വശത്ത് വച്ചു. ഈ പ്രവര്‍തികളെല്ലാം ഒരു ഡെമോ എന്നതിനേക്കാള്‍ ഉപരിയായി നിയമപരമായ നടപടികളുടെ ഭാഗമായതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് ചെയ്തു തീര്‍ത്തത്. അവസാനമായി കറന്‍സി നോട്ടുകള്‍ എന്നെ എല്‍പ്പിച്ചു. ഇത്രയും കാര്യങ്ങള്‍ എഫ് ഐ ആറിനോട് ചേര്‍ന്നുള്ള ഷീറ്റുകളില്‍ രേഖപ്പെടുത്തിയതിനു ശേഷം എഫ് ഐ ആര്‍ സീല്‍ ചെയ്ത് ഒരു ഓഫീസറുടെ കൈവശം കോടതിയില്‍ കൊടുത്തുവിട്ടു.

സമയം അധികരിക്കുന്നതിനാല്‍ വേഗത്തില്‍ എല്ലാവരും പോകാന്‍ തയാറായി, കുറച്ചു ഓഫീസേഴ്സ് ഒരു സുമോയിലും ബാക്കിയുള്ളവര്‍ ജീപ്പിലും ആയിരിക്കും പോകുന്നതെന്ന് നിശ്ചയിച്ചു, ഒരു വനിതാ പോലീസ് ഓഫീസെര്‍ ഒഴിച്ച് മറ്റെല്ലാവരും സിവില്‍ വേഷത്തിലായിരുന്നു, പോലീസ് വാഹനങ്ങളാവട്ടെ അണ്‍‌മാര്‍ക്ക്ഡും ആയിരുന്നു. തുടര്‍ന്ന് ഞങ്ങളുടെ വാഹനത്തിനു അധികം പിന്നിലല്ലാതെ കാണുന്ന ആര്‍ക്കും സംശയത്തിനിട നല്‍കാതെ മറ്റ് വാഹനങ്ങളും ഡ്രൈവ് ചെയ്ത് പഞ്ചായത് ഓഫീസിന്റെ സമീപത്തെത്തി . ആ വാഹനങ്ങള്‍ അവിടെയെത്തുന്നത് വരെ എവിടെയ്ക്കാണ് പോകുന്നതെന്ന വിവരം പതിനാറ് പേരടങ്ങുന്ന സംഘാംഗങ്ങള്‍ക്കെല്ലാം അജ്ഞാതമായിരുന്നു.

എന്റെ കാര്‍ ഓഫീസിനോട് ചേര്‍ത്തും സുമോ നൂറുമീറ്റെര്‍ ദൂരെയും ജീപ്പ് അതിനും വളരെപിന്നിലായും ആണ് നിര്‍ത്തിയത്, ആര്‍ക്കും സംശയമുണ്ടാവാത്ത രീതിയിലും അതോടൊപ്പം എല്ലാവര്‍ക്കും പരസ്പരം കാണാവുന്ന രീതിയിലും വാഹനങ്ങള്‍ പാര്‍ക് ചെയ്തു. സുമോയില്‍ നിന്നും രണ്ട് പോലീസ് ഓഫീസേഴ്സ് പഞ്ചായത് ഓഫീസില്‍ കടന്നു വന്നു ഒരാള്‍ സെക്രട്ടറിയുടെ ജനാലയ്ക്കരികില്‍ അവരുടെ കസേര കാണത്തക്ക വിധം ഒരു പഴയ ന്യൂസ് പേപ്പറും വായിച്ചുകൊണ്ട് നിലയുറപ്പിച്ചു. അദ്ദേഹത്തെ കാണത്തക്ക രീതിയില്‍ അമ്പത് മീറ്റെര്‍ ദൂരത്തില്‍ മറ്റൊരു പോലീസ് കോണ്‍സ്റ്റബിളും നിന്നു, അവര്‍ രണ്ടാളും ധരിച്ചിരുന്നത് വെള്ളമുണ്ടും ഷര്‍ട്ടും ആയിരുന്നു കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ പോലീസ് കാരെന്ന് സംശയത്തിനു പോലും ഇട നല്‍കാത്ത രീതിയിലുള്ള തയാറെടുപ്പുകളായിരുന്നു അവര്‍ നടത്തിയിരുന്നത്. രണ്ടാമത്തെ പോലീസ് ഓഫീസെറെ കാണാന്‍ കഴിയുന്ന രീതിയില്‍ സുമോയും അതിനു പിന്നില്‍ ദൂരെ മാറി ജീപ്പും അങ്ങനെ ക്രമത്തില്‍ പാര്‍ക് ചെയ്തിരുന്നു. ആവശ്യമുണ്ടെങ്കില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എല്ലാ വാഹനങ്ങളും പഞ്ചായത് ഓഫീസിന്റെ അകത്ത് കയറാന്‍ കഴിയുന്നരീതിയിലായിരുന്നു ഈ വാഹനങ്ങളും ഓഫീസേഴ്സും നിലയുറപ്പിച്ചിരുന്നത്.

ഉള്ളില്‍ ചെറിയ ഭയം തോന്നിയിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ ഞാന്‍ പഞ്ചായത്ത് ഓഫീസിനു അകത്തേക്ക് നടന്നു. അല്പ സമയം കാത്തിരുന്നതിനു ശേഷമായിരുന്നു താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേണ്ടി നടന്ന ഇന്റെര്‍വ്യൂ അവസാനിച്ചത്. തുടര്‍ന്ന് സെക്രട്ടറി റൂമില്‍ പ്രവേശിച്ചതോടൊപ്പം അവരെ കാത്ത് റൂമിനു വെളിയില്‍ നിന്ന ചിലരും അകത്ത് കയറി, റൂമിലെ തിരക്ക് ഒഴിയാനായി അതിനു മുമ്പിലുള്ള, മറ്റുള്ള ഉദ്യോഗസ്ഥര്‍ എല്ലാം ഇരുന്നു ജോലി ചെയ്യുന്ന ഓഫീസിന്റെ മെയിന്‍ ഹാളില്‍ ഞാന്‍ കാത്തു നിന്നു. ആ റൂമിലും പഞ്ചായത്ത് അംഗങ്ങള്‍, അവിടെ ജോലിചെയ്യുന്നവര്‍, ചില പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നത് കൊണ്ട് അല്പം തിരക്ക് അനുഭവപ്പെട്ടു. എന്റെ പരിഭ്രമം മറ്റുള്ളവര്‍ അറിയാതിരിക്കാനായി ഞാന്‍ ചിലരോടൊക്കെ എന്തെക്കൊയൊ കുശലപ്രശ്നങ്ങള്‍ നടത്തിക്കൊണ്ടിരുന്നതിനോടൊപ്പം , ഇടയ്ക്കൊക്കെ സെക്രട്ടറിയുടെ മുറിയിലേക്കും കണ്ണുകള്‍ പായിച്ചുകൊണ്ടിരുന്നു, ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കാനുള്ള തത്രപ്പാടില്‍ ഉദ്യോഗസ്ഥരെല്ലാം അവരവരുടെ ജോലികള്‍ തിരക്കിട്ടവസാനിപ്പിക്കുകയായിരുന്നു അപ്പോള്‍.

ഇതിനിടയില്‍ പുറത്ത് നിന്ന എന്നെകണ്ട പഞ്ചായത് സെക്രട്ടറി കാത്തിരിക്കൂ എന്ന് ആംഗ്യം കാണിച്ചു. അവരുടെ മുറിയിലുള്ള ആളുകള്‍ ഒഴിയാന്‍ അവരും കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ചില മിനിട്ടുകള്‍ക്കുള്ളില്‍ സെക്രട്ടറിയുടെ റൂമില്‍ അവര്‍ തനിച്ചായി, എന്റെ നാടിനു വേണ്ടി ഒരു കാര്യം ചെയ്യുന്നു എന്നൊരു തോന്നല്‍ എനിക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. ദൈവത്തെ മനസ്സില്‍ വിചാരിച്ചു ഞാന്‍ അകത്ത് കയറി, എന്റെ ഹൃദയം ഉച്ചത്തില്‍ ഇടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ആഹാ താന്‍ എത്തിയോ, ഇരിക്കൂ എന്നു അവര്‍ എന്നോട് പറഞ്ഞു
മാഡം ഇരിക്കാനൊന്നും സമയമിപ്പോള്‍ ഇല്ല വേഗം ആ റിപ്പോര്‍ട്ട് തന്നാല്‍ നന്നായിരുന്നു പോയിട്ടാവശ്യമുണ്ടെന്ന് പറഞ്ഞു ഞാന്‍ തിരക്കഭിനയിച്ചു അതോടൊപ്പം അവര്‍ മുമ്പ് ആവശ്യപ്പെട്ട മുഴുവന്‍ രൂപയും അവരുടെ നേരേ നീട്ടി , അവര്‍ വാങ്ങി മുമ്പിലിരുന്ന ബുക്കില്‍ വച്ചു, അതോടെ എനിക്ക് ശ്വാസം നേരേ വീണു, എന്റെ മുഖഭാവം കണ്ടിട്ടായിരിക്കണം പെട്ടെന്ന് എന്തോ ചിന്തിച്ചിട്ട് പിറകിലിരുന്ന വേസ്റ്റ് ബിന്‍ എടുത്ത് രൂപ ഞാന്‍ എടുത്ത് അതിലേക്കിട്ടോളൂ എന്നാവര്‍ ആവശ്യപ്പെട്ടു , ഞാന്‍ അനങ്ങിയില്ല, ആ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ പുറത്ത് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പോലീസ് ഓഫീസെര്‍ അകത്ത് ചാടിക്കയറി വരാന്‍. തന്റ ഐഡിന്റിറ്റികാര്‍ഡ് കാണിച്ചിട്ട് അനങ്ങാതെ നില്‍ക്കൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അപകടം മനസ്സിലാക്കിയ അവര്‍ കൈകള്‍ മേശപ്പുറത്തിരുന്ന ബുക്കുകളിലും ഫയലുകളിലും ഭിത്തിയിലും ഒക്കെ ശക്തിയായി തൂക്കുന്നുണ്ടായിരുന്നു കൈ അനക്കാതെ വെയ്ക്കൂ എന്നാവശ്യപ്പെട്ട പോലീസ് ഓഫീസറെ അവര്‍ തെള്ളിമാറ്റി ചാടിപുറത്തിറങ്ങി, എല്ലാവരും കൂടിയിരുന്ന ജോലിചെയ്യുന്ന ഹാളിലെ വശത്തുള്ള ഒഴിഞ്ഞു കിടന്ന ഒരു കസേരയില്‍ ഇരുപ്പുറപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങള്‍ രണ്ടും പഞ്ചായത്ത് ഓഫീസിന്റെ ഏറ്റവും സമീപത്തായി പാഞ്ഞു നിന്നു എല്ലാ ഓഫീസേഴ്സും ചാടിയിറങ്ങി , കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ, ഹാളും പഞ്ചായത്ത് സെക്രട്ടറിയിരുന്ന റൂമും പോലീസ് ഓഫീസേഴ്സിനെകൊണ്ട് നിറഞ്ഞു. ഡി വൈ എസ് പി സ്വയം പരിചയപ്പെടുത്തി, അതോടെ പരിഭ്രാന്തിയില്‍ അവര്‍ കൈകള്‍ വീണ്ടും എല്ലായിടവും തൂത്ത് രക്ഷപ്പെടാന്‍ ആരംഭിച്ചു. അതോടെ ഡി വൈ എസ് പി അനങ്ങാതെ ഇരിക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചതോടൊപ്പം അവരുടെ കൈകള്‍ എങ്ങും സ്പര്‍ശിക്കാതെ നോക്കാന്‍ വനിതാ പോലീസുകാരോട് ആവശ്യപ്പെട്ടു, അതോട് കൂടെ തന്റെ സമീപത്തേക്ക് ചെന്ന വനിതാപോലീസിന്റെ ശരീരത്തിലേക്കും കൈകള്‍ തൂക്കാന്‍ അവര്‍ ആരംഭിച്ചു. തുടര്‍ന്ന് അവരുടെ ഒച്ചയും ആക്രോശങ്ങളും മുഴുവനും എന്റെ നേരേ തിരിഞ്ഞു. ഡി വൈ എസ് പി യെ നോക്കി അവര്‍ പറഞ്ഞു സര്‍, എന്റെ ഒരു പരാതി ഇപ്പോള്‍ സാര്‍ കേള്‍ക്കണം ഇവന്‍ എന്റെ ശരീരത്തില്‍ കടന്നു പിടിച്ചു, എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. അതിനു ആ പോലീസ് കാരന്‍ എന്നു പറഞ്ഞവനും കൂട്ടുനിന്നു. അവന്‍ പിടിച്ചുകൊടുത്തു ഇവന്‍ എന്റെ മാറില്‍ പിടിച്ചു.
ഡി വൈ എസ് പി പറഞ്ഞു, ക്ഷമിക്കൂ നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം. ആകെ അമ്പരന്നു നിന്ന മറ്റുള്ള എല്ലാവരോടും അവരവരുടെ സ്ഥാനങ്ങളില്‍ ഇരിക്കാനും , കൂടാതെ ആ റൂമില്‍ ഉള്ളവരാരും തല്‍ക്കാലം പുറത്ത് പോകരുതെന്നും പോലീസ് ഓഫീസേഴ്സ് ആവശ്യപ്പെട്ടു. ഇതെല്ലാം നടന്നത് സെകന്‍ഡുകള്‍ക്കുള്ളിലായിരുന്നു.

തുടര്‍ന്ന് പോലീസ് ഓഫീസേഴ്സ് തങ്ങളുടെ ആഗമനോദ്ദേശം ആ ഹാളിലുള്ള എല്ലാവരോടും അറിയിച്ചു. അതോട് കൂടെ സെക്രട്ടറി ആദ്യം പറഞ്ഞ പീഡന പരാതി മാറ്റിയിട്ട് താന്‍ ആ മെയിന്‍ ഹാളിലാണ് ഇരുന്നത്, അവരുടെ പേഴ്സണല്‍ റൂമില്‍ പോയിട്ടില്ല എന്നറിയിച്ചു. അത് സത്യമാണെന്ന് തെളിയിക്കാന്‍ തനിക്ക് ഏറ്റവും വിശസ്തന്‍ എന്നു തോ
ന്നുന്ന ഒരു പഞ്ചായത് മെംബറെ കൂട്ടുവിളിച്ചു, ദേ നോക്കൂ ആ മെംബറും കണ്ടതാണ് ഞാന്‍ ഇവിടെയിരിക്കുന്നതെന്ന് പറഞ്ഞു. അത് അവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മറ്റുള്ള എല്ലാ ആരോപണങ്ങളും തെളിവില്ലാതായിപ്പോകും എന്നവരുടെ അതിബുദ്ധിയായിരുന്നു അങ്ങനെ സംസാരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍ അത് കേട്ടപാടെ ഡി വൈ എസ് പി പഞ്ചായത് മെംബറോട് ചോദിച്ചു, സത്യമാണോ ഇവര്‍ പറയുന്നത് ഇവര്‍ ആ റൂമില്‍ പോയിട്ടില്ലേ?
മെംബര്‍ : അല്ല സര്‍ അവര്‍ പറയുന്നത് നുണയാണ് അവര്‍ അവരുടെ റൂമിലായിരുന്നു, നിങ്ങളെല്ലാം വരുന്നതിനു തൊട്ടുമുമ്പിലാണ് അവര്‍ അവിടെ നിന്നു ചാടിയിറങ്ങി ഇവിടെ വന്നിരുന്നത്
അതോടെ അവരുടെ അവസാന കച്ചിത്തുരുമ്പും നഷ്ടമായി.
തുടര്‍ന്ന് എന്താണു സംഭവിച്ചതെന്ന് പോലീസ് ഓഫീസേഴ്സ് എന്നോട് ചോദിച്ചു ഞാന്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു, ബുക്കിനടിയില്‍ ഇരുന്ന കറന്‍സികളും അവര്‍ കണ്ടെടുത്തു അതു കൂടാതെ വേസ്റ്റ് ബിന്നില്‍ നിന്നും, മേശയുടെ ചില ഭാഗങ്ങളില്‍ നിന്നും ആയിരത്തിയഞ്ഞൂറില്‍ അധികം രൂ‍പ കൂടെ വിജിലന്‍സ് കണ്ടെടുത്തു. അന്ന് മുഴുവന്‍ സമയവും ഇന്റെര്‍വ്യൂവുമായി ബന്ധപ്പെട്ട് പാനല്‍ ബോഡിലായിരുന്നതിനാല്‍ താരതമ്യേന അന്ന് കളക്ഷന്‍ കുറവായിരുന്നു എന്ന് തോന്നുന്നു.


തുടര്‍ന്ന് ഉച്ചയ്ക്ക് വിജിലന്‍സ് ഓഫീസില്‍ വച്ചു നടത്തിയ ചുണ്ണാമ്പ് വെള്ളത്തിന്റെ പരീക്ഷണം ആവര്‍ത്തിച്ചു, കൈയുടെ ത്വക്ക് അടര്‍ന്നു പോകത്തക്ക രീതിയില്‍ അവര്‍ കൈഎല്ലായിടവും ശക്തിയായി ഉരസിയതിനാല്‍ വെള്ളത്തിനു നിറവ്യത്യാസം വരുമോ എന്നോരു ഭയം എനിക്കുണ്ടായി. കൈമുക്കുവാന്‍ ചുണ്ണാമ്പ് വെള്ളം നിറഞ്ഞ ഗ്ലാസ് കൈയില്‍ കൊടുത്തപ്പോള്‍ കൊച്ചുകുട്ടികള്‍ ബക്കറ്റില്‍ വെള്ളം മുന്നില്‍ കിട്ടിയാല്‍ അതില്‍ ശക്തിയായി അടിച്ച് വെള്ളം എല്ലായിടവും തെറിപ്പിക്കുന്നത് പോലെ അവര്‍ അതില്‍ ശക്തിയായിമുഷ്ടിചുരുട്ടി മുക്കി വെള്ളം പുറത്തേക്ക് കളയാന്‍ ശ്രമിച്ചു, എന്നിട്ടും വെള്ളത്തിന്റെ നിറം വ്യത്യാസപ്പെട്ടു, പിങ്കായി മാറി.

അതോട് കൂടെ അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊണ്ടു, മറ്റുള്ള നിയമനടപടികള്‍ ആരംഭിച്ചു. എന്നോട് അവര്‍ക്കുള്ള ആക്രോശങ്ങളും ശാപവാക്കുകളും അധികമായപ്പോള്‍ ഞാന്‍ പുറത്ത് പൊയ്ക്കോട്ടെ എന്ന് ജയശാന്തിലാല്‍ സാറിനോട് ചോദിച്ചു,
ഉം, അങ്ങ് പൊയ്ക്കളയരുത് ഇവിടൊക്കെതന്നെ കാണണം എന്ന് പറഞ്ഞ് അനുവാദം തന്നതിനാല്‍ ഞാന്‍ പതിയെ പുറത്തിറങ്ങി.

പുറത്ത് കണ്ട കാഴ്ച എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒരു വലിയ ജനക്കൂട്ടമായിരുന്നു പുറത്ത് കാണപ്പെട്ടത്. ആളുകള്‍
കൂടുതല്‍ വന്നുകൊണ്ടേയിരുന്നു, മിനിട്ടുകള്‍ക്കുള്ളില്‍ ഒരു ഉത്സവ പ്പറമ്പ് പോലെ ജനങ്ങളെ കൊണ്ട് പഞ്ചായത്ത് ഓഫീസിന്റെ മുന്‍‌വശം നിറഞ്ഞു എല്ലാ‍വരും ആഹ്ലാദമുള്ളവരായി കാണപ്പെട്ടു, ഞാന്‍ ഇതൊന്നും അറിയാത്ത ഭാവത്തില്‍ ഒരു മൂലയ്ക്ക് ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരുപ്പുറപിച്ചു. ഇതിന്റെ പിന്നില്‍ ഞാനാണ് പ്രവര്‍ത്തിച്ചതെന്ന് ജനക്കൂട്ടത്തിനറിയില്ലായിരിക്കും അതിനാല്‍ സുരക്ഷിതമായി ഒരു കാഴ്ചക്കാരനെപ്പോലെ എനിക്കവിടെ സ്വസ്ഥമായി ഇരിക്കാം എന്നതായിരുന്നു എന്റെ പ്രതീക്ഷ , എന്നാല്‍ അകത്ത് നിന്ന പൊതുജനങ്ങള്‍ അല്പ സമയത്തിനുള്ളില്‍ പുറത്ത് വന്നതോടെ ജനക്കൂട്ടത്തിന്റെ ആവേശം എന്റെ നേരേയായി, നിമിഷങ്ങള്‍ക്കുള്ളില്‍ ആ ഗ്രാമത്തിനേറ്റവും വേണ്ടപ്പെട്ട ഒരാളായി ഞാന്‍ മാറി, എന്റെ മുന്നില്‍ വന്നു പൊട്ടിക്കരഞ്ഞ ഒരു വൃദ്ധമാതാവിന്റെ മുഖം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സാധാരണക്കാരിയായ ആ മാതാവ് എന്നോട് പറഞ്ഞിതങ്ങനെയായിരുന്നു, ദൈവമാ മോനെ ഇവിടേക്ക് അയച്ചത്, ഞങ്ങള്‍ ആ ദുഷ്ടത്തിയെ കൊണ്ട് പൊറുതിയില്ലാതെ കഴിയുകയായിരുന്നു.


ചില യുവാക്കള്‍ അടുത്ത് വന്നു പറഞ്ഞു, ഒരു മാലയിട്ട് അവര്‍ക്കെന്നെ സ്വീകരിക്കണം, അവര്‍ ജാഥയായി പോകുന്നതിനു മുമ്പില്‍ ഞാന്‍ കൂടെ നടക്കണം എന്നൊക്കെ, കുറച്ചുപേര്‍ക്കെന്നെ എടുത്ത് പൊക്കണം എന്നായി എന്നാല്‍ സൌമ്യമായി അതിനൊന്നും ഇട വരുത്താതെ ഒരു വശത്തേക്ക് ഞാന്‍ മാറിയിരുന്നു. ചെറുപ്പക്കാര്‍ അതോടെ മുദ്രാവാക്യം വിളി തുടങ്ങി, പണികൊടുത്തേ, പണികൊടുത്തേ, പഞ്ചായത് സെക്രട്ടറിക്ക് പണികൊടുത്തേ, പശുവിന്‍ പാലില്‍ പണികൊടുത്തേ, ഇങ്ങനെയായിരുന്നു അവരുടെ മുദ്രാവക്യത്തിന്റെ ശൈലി, അതും പോരാഞ്ഞിട്ട് എവിടെ നിന്നോ വാങ്ങിക്കൊണ്ടുവന്ന മാലപ്പടക്കങ്ങളും അമിട്ടുകളും പൊട്ടിച്ച് അവര്‍ ആഹ്ലാദം പങ്കിട്ടു. കൂട്ടത്തില്‍ ധാര്‍മിക രോഷം കൂടുതലുള്ളവര്‍ ഓഫീസിന്റെ അകത്ത് അവര്‍ ഇരുന്ന കസേരയുടെ വശത്തുള്ള ജനാലയിലൂടെ കേള്‍ക്കാനറയ്ക്കുന്ന തെറിയാല്‍ അവരെ ആക്ഷേപിച്ചു , പോലീസുകാരുടെ എതിര്‍പ്പൊന്നും ജനക്കൂട്ടം വകവെച്ചതേയില്ല .

ഒന്നെനിക്കുറപ്പായിരുന്നു, എന്റെ എന്തെങ്കിലും സവിശേഷത കൊണ്ടല്ല അത്തരം ഒരു സംഭവത്തില്‍ പങ്കാളിയാവേണ്ടി വന്നത് എന്തെക്കെയോ യാദൃശ്ചികതകള്‍ ഒത്തുവന്നപ്പോള്‍ ഞാനും ആ സംഭവത്തില്‍ മുന്നിലായിപ്പോയി എന്ന് മാത്രം, അതുകൊണ്ട് തന്നെ വളരെ ബുദ്ധിപൂര്‍വം ജനക്കൂട്ടത്തോട് ഇടപെടാന്‍ എന്റെ മനസ്സ് പറഞ്ഞു ഒരു വാക്കോ പ്രവര്‍ത്തിയോ ജനക്കൂട്ടത്തിനു അനിഷ്ടമായത് എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചാല്‍ ഇവരുടെ ദേഷ്യം എല്ലാം എന്നോട് തിരിയുമെന്ന് നന്നായി മനസ്സിലാക്കിയ ഞാന്‍ വളരെ ശാന്തമായി ഒരിടത്ത് മാറിയിരുന്നു.

പുറത്ത് വന്ന ജനങ്ങളില്‍ മിക്കവാറും എല്ലാവരും എന്നെ പരിചയപ്പെടാന്‍ വന്നിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ എങ്ങനെയാണ് ഇത്ര വമ്പന്‍ സ്രാവിനെ കുടുക്കിയതെന്നായിരുന്നു. കാരണം അവിടുത്തെ യുവജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് അവര്‍ക്കെതിരെ പരാതിക്കൊടുത്തതാണ്, ആ പഞ്ചായത്തിന്റെ അംഗങ്ങള്‍ പലതവണ ശ്രമിച്ചതാണ് അവരെയൊന്നു ഇളക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല, ഒരു വിധത്തില്‍ അവരെല്ലാവരും കൂടെ സ്ഥലം മാറ്റം സംഘടിപ്പിച്ചു വന്നപ്പോഴേക്കും അവര്‍ ആരുടെയോ കാലു പിടിച്ച് അത് റദ്ദാക്കിയിരുന്നു. അതിനോട് ബന്ധപ്പെട്ട പോസ്റ്ററായിരുന്നു ഞാന്‍ ആദ്യം കണ്ടത്.
ഇങ്ങനെ ആളുകളോട് വിശദീകരിച്ച് വിശദീകരിച്ച് ഞാന്‍ തളര്‍ന്നു. ഇതിനിടയില്‍ തലവേദനകൊണ്ട് ഞാന്‍ ബുദ്ധിമുട്ടി, ഒരു ചായ കിട്ടിയിരുന്നെങ്കില്‍ എന്നാത്മാര്‍ത്ഥമായി ആഗ്രഹിച്ചു, തൊട്ടടുത്ത ഒരു ചായക്കടയില്‍ ജനത്തിന്റെ അഭൂതപൂര്‍വമായ തിരക്ക് മൂലം പാലും തേയിലയും ഒക്കെ തീര്‍ന്നിരുന്നു.
അപ്പോഴാണ് ഞാന്‍ കണ്ടത് ജനക്കൂട്ടത്തിലാരോ അകത്ത് ജോലികള്‍ ചെയ്തുകൊണ്ടിരുന്ന പോലീസ്കാര്‍ക്ക് ഒരു വലിയ തൂക്കുപാത്രം നിറയെ ചായ കൊണ്ടുവന്നു കൊടുക്കുന്നു, പോലീസ്കാര്‍ക്ക് സ്നേഹത്തോടെ ചായ കൊണ്ടുക്കൊടുക്കുന്ന ജനക്കൂട്ടത്തെ കണ്ടതോടെ എനിക്ക് മനസ്സിലായി ആ സ്ത്രീ‍യെ ആ നാട്ടുകാര്‍ എത്രയോ വെറുത്തിരുന്നുവെന്ന് , അവര്‍ക്ക് ചായയും കൊണ്ടു പോകുന്നത് കണ്ട ഒരപ്പൂപ്പന്‍ എന്റെ മനസ് വായിച്ചത് പോലെ അയാളിനോട് പറഞ്ഞു എടോ ഒരു ചായ ഈ മോനു കൊടുക്കൂ, അവനു കൊടുത്തിട്ടു മതി മറ്റെല്ലാവര്‍ക്കും കൊടുക്കുന്നത്. ഏയ് വേണ്ട എന്ന് ഒരു ഉപചാരത്തിനു ഞാന്‍ പറഞ്ഞതോടെ എല്ലാവര്‍ക്കും നിര്‍ബന്ധമായി, ചായ ഞാന്‍ കുടിച്ചേ പറ്റൂ എന്നൊരു സ്ഥിതിയായി. ഒരു ജനക്കൂട്ടത്തിന്റെസ്നേഹം ഞാന്‍ അങ്ങനെ തൊട്ടറിയുകയായിരുന്നു. അതില്‍ ചെറുപ്പക്കാരും കുട്ടികളും വൃദ്ധ ജനങ്ങളും ഉള്‍പ്പെട്ടിരുന്നു. അതോടൊപ്പം പത്രക്കാരും ലോകല്‍ ടെലിവിഷന്‍ ചാനലുകാരും എത്തി, ചാനലുകാരുടെ ക്യാമറയില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറി, ദയവായി എന്നെ അതില്‍ റിക്കാര്‍ഡ് ചെയ്യരുതേ എന്ന് അറിയിച്ചു, എന്നാല്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറഞ്ഞത് ഒളിഞ്ഞു നിന്ന് അവര്‍ പകര്‍ത്തിയത് ജനക്കൂട്ടത്തിനു അല്പം നീരസമുണ്ടാക്കി, അത് സം‌പ്രക്ഷേപണം ചെയ്യില്ല എന്നുറപ്പില്‍ ജനങ്ങള്‍ അവരെ വിട്ടയച്ചുവെങ്കിലും അന്നു വൈകിട്ട് ലോകല്‍ ന്യൂസില്‍ എന്നേയും കാണിച്ചുവെന്ന് പിന്നീട് അറിഞ്ഞു. പിറ്റേന്നുള്ള മിക്ക പത്രങ്ങളിലും ആദ്യത്തെ പേജില്‍ വിശദമായ വാര്‍ത്തയും.

അകത്ത് നടന്ന നിയമനടപടികള്‍ ഒക്കെ അവസാനിപ്പിച്ച് അവരെ അറസ്റ്റ് ചെയ്തുകൊണ്ട് പുറത്ത് വന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. രോഷാകുലരായ ജനക്കൂട്ടം അവരെ ആക്രമിക്കുമോ എന്ന് വിജലന്‍സ് സംഘം ഭയപ്പെട്ടു, അതിനെ തുടര്‍ന്ന് സമീപ സ്റ്റേഷനില്‍ നിന്നും ജീപ്പുകളിലും ബൈക്കുകളിലും ഒക്കെയായി യൂണിഫോമില്‍ അനവധി പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തി, ജനക്കൂട്ടത്തിനു ഇടയിലൂടെ അവരെ നടത്തി സുമോയില്‍ കയറ്റുന്നത് അസാധ്യമായിരുന്നു, അതുകൊണ്ട് ഇടയ്ക്ക് വിടവില്ലാതെ സുമോ പഞ്ചായത്ത് ഓഫീസിന്റെ വാതിലിനോട് പിറകുവശം ചേര്‍ത്ത്നിര്‍ത്താം എന്ന് തീരുമാനിച്ചു സുമോ റിവേഴ്സ് ഗിയറില്‍ കൊണ്ടുവന്നു ജനക്കൂട്ടം അതിനെയും എതിര്‍ത്തു സുമോ ആഡംബര വാഹനമാണെന്നും അവരെ പോലീസ് ജീപ്പില്‍ കൊണ്ടുപോകണമെന്നും ആക്രോശിച്ചു. എന്നിട്ടുംകലിതീരാതെ ആളുകള്‍ സുമോയുടെ വശത്തെ കണ്ണാടി തല്ലി പൊളിച്ചു, അവസാനം ജയശാന്തിലാല്‍ സാറിന്റെ അനുനയശ്രമങ്ങള്‍ക്ക് ശേഷം ഒരു വിധത്തില്‍ രാത്രി ഒമ്പത് മണിയായപ്പോള്‍ മുഴുവന്‍ സംഘവും അവിടെ നിന്നും യാത്രയായി.
***********************************************
നീണ്ട ചില മാസങ്ങള്‍ക്ക് ശേഷം,
കസിന്റെ സ്ക്രാപ്പ് ഓര്‍കുടില്‍ വീണ്ടും വന്നു.,
പുതിയ സെക്രട്ടറി അവനെ വീണ്ടും നടത്തുന്നു, ഇനി അവനു വയ്യ പോകാന്‍ എന്നുപറഞ്ഞു, പുതുതായി പറയുന്ന കാരണം ഞാന്‍ ജനിച്ച വര്‍ഷത്തെ രെജിസ്റ്റെര്‍ കോടതിയില്‍ പിടിച്ചുവച്ചിരിക്കുന്നു അതുകൊണ്ട് അദ്ദേഹത്തിനു നോക്കി എന്റെ ബര്‍ത് രെജിസ്റ്റെര്‍ ചെയ്തിട്ടുണ്ടോ എന്ന് പറയാന്‍ കഴിയില്ല എന്നതാണ്, ജയശാന്തിലാല്‍ സാറിനുഞാന്‍ ഫോണ്‍ ചെയ്ത് അന്വേഷിച്ചു, അദ്ദേഹം , അത് ഭാഗികമായി സത്യമാണെന്നും, എന്നാല്‍ കോടതിയിലുള്ള രേഖകള്‍ മുഴുവനും ഫോട്ടോകോപിയെടുത്ത് അറ്റസ്റ്റ് ചെയ്ത് അവര്‍ കൈവശം വച്ചിട്ടുണ്ടെന്നും നിയമപരമായി അതില്‍ നോക്കി മനസ്സിലാക്കാവുന്നതേയുള്ളൂ എന്തു വിവരങ്ങളും എന്നറിയിച്ചു.
എന്നോട് പ്രതികാരമൊന്നും ചെയ്യുകയായിരിക്കില്ല അല്ലേ?
പഴയ പഞ്ചായത് സെക്രട്ടറിയുടെ പരിചയക്കാരനായ പുതിയ പഞ്ചായത്ത് സെക്രട്ടറി.


Thursday, September 4, 2008

സ്ത്രീയെന്ന ആനുകൂല്യവും വിജിലെന്‍സ് മുറകളും


സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും ഭാഗം 2



ഡിയര്‍ ഫ്രണ്ട്സ്, ഇത് സിബിമാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ആദ്യഭാഗം വായിച്ചാല്‍ പോസ്റ്റ് കൂടുതല്‍ മനസിലാവും.

(ഇനി നിയമപരമായ ഒരു മുന്നറിയിപ്പ്: ഇവിടെ പരാമര്‍ശിക്കുന്ന സംഭവം ഒരു ബ്ലോഗിലെ പോസ്റ്റിനു ചേരേണ്ട വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ ഇതിലുണ്ടാവാം നിയമപരമായ ഒരു നടപടികള്‍ക്കും ഈ പോസ്റ്റുകള്‍ ഒരു റെഫറന്‍സ് ആയിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.)

പഞ്ചായത്ത് സെക്രട്ടറിയുടെ റൂമില്‍ നിന്നു ഇറങ്ങിയ ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ആദ്യം കാണുന്നത്, ഹൈ സ്കൂളില്‍ എന്റൊപ്പം പഠിച്ച സിയാദിനെ ആണ്, പഞ്ചായത് ഓഫീസിനു തൊട്ടടുത്ത് താമസിക്കുന്ന അവന്‍ പുറത്ത് അവരെ കാണാനായി ഊഴം കാത്തിരിക്കുന്നു. ഏകദേശം പതിനെട്ട് വര്‍ഷത്തിനു ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കണ്ടതെങ്കിലും ഒറ്റ നോട്ടത്തില്‍ ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു.
സാജന്‍ നീയെന്താ ഇവിടെ?
ഞാന്‍ ഒരുവിധത്തില്‍ കഥകളെല്ലാം അവനോട് വിശദീകരിച്ചു, അവനും പറഞ്ഞു, അതേടാ ഇവര്‍ ഈ നാടിനൊരു ശാപമാണ്, ആര്‍ക്കും അവരെ എതിര്‍ക്കാന്‍ കഴിയുകയില്ല, പലരും അവര്‍ക്കെതിരെ പരാതി കൊടുത്തതാണ്, അതില്‍ പിടിവീഴും എന്ന് അവര്‍ക്ക് തോന്നിയ പരാതിനല്‍കിയ ഒരു യുവാവിനെ അവര്‍ റൂമില്‍ സ്നേഹത്തോടെ വിളിച്ചതിനു ശേഷം സാരി വലിച്ചഴിച്ച് നെഞ്ചത്തടിച്ച് കരഞ്ഞു അവന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന് വിളിച്ച് കൂവി, അവസാനം മറ്റുള്ളവരുടെ മധ്യസ്ഥതയില്‍ അവന്‍ പരാതി പിന്‍‌വലിച്ചു, തടിയൂരി.
കിട്ടിയ സമയം കൊണ്ട് അവന്‍ അതേ പാറ്റണിലുള്ള ചില സംഭവങ്ങളുടെ കെട്ടഴിച്ചു. അതില്‍ എതിര്‍ത്ത പുരുഷന്‍‌മാരെ എല്ലാം അവര്‍ നേരിട്ടത് പീഡനശ്രമം ആരോപിച്ചാ‍ണെന്നത് ശരിക്കും കൌതുകമുണര്‍ത്തി . സ്ത്രീകളോട് ആണെങ്കില്‍ തനി ഗുണ്ടായിസവും , അവരുടെ അനിഷ്ടം സമ്പാദിച്ച ചിലരുടെ കാര്യം വലിയ കഷ്ടമാണ്, പെന്‍ഷന്റെ ഏതോ സേര്‍ടിഫികേറ്റിനു വന്ന ഒരു നിര്‍ദ്ധനയായ വൃദ്ധയുടെ കൈയില്‍ കര്‍ചീഫില്‍ സൂക്ഷിച്ചിരുന്ന എഴുപത് രൂപയില്‍ നിന്ന് വണ്ടിക്കൂലി കഴിച്ചുള്ള അറുപത്തിയഞ്ച് രൂപ അവര്‍ പിടിച്ചു വാങ്ങിച്ചിട്ടാണ് സേര്‍ടിഫികേറ്റ് കൊടുത്തത് പോലും.

സിയാദും വിദേശത്തായിരുന്നു , കുറച്ച് പൈസ ഉണ്ടാക്കി നാട്ടില്‍ വന്നു ഒരു വീട് വെയ്ക്കാന്‍ പ്ലാന്‍ വരച്ചു അതും കൊണ്ട് പഞ്ചായത് സെക്രട്ടറിയുടെ അനുവാദത്തിനു വേണ്ടി കാത്തിരിക്കുന്നു, ഇപ്പൊ നാലഞ്ച് പ്രാവശ്യം കയറിയിറങ്ങി, തലേദിവസവും വന്നിരുന്നു, അവസാനം കണ്ടപ്പോള്‍ പറഞ്ഞു വണ്ടി വിളിച്ച് സൈറ്റ് കാണിക്കാന്‍ കൊണ്ടുപോകണം, എന്നിട്ട് ബാക്കി കാര്യങ്ങള്‍ സംസാരിക്കാമെന്ന്. അവന്‍ എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത് ആയിരം രൂപയാണ്, അത്രയും ആണെങ്കില്‍ കൊടുക്കുമെന്ന് അവന്‍ പറഞ്ഞു.


പക്ഷേ മൊത്തം കഥകള്‍ കേട്ടപ്പോള്‍ തലവച്ചിരിക്കുന്നത് ഒരു വലിയ ഊരാക്കുടുക്കിലേക്കാണെന്ന് എനിക്ക് തോന്നി, എത്രയും വേഗം അയ്യായിരം മണീസ് കൊടുത്ത് റിപോര്‍ട്ട് വാങ്ങി സ്ഥലം വിടുന്നതായിരിക്കും എനിക്ക് സേഫ് എന്ന് മനസ് പറഞ്ഞു. എങ്കിലും സിയാദ് പറഞ്ഞ കഥകളും, അതില്‍ ചില മനുഷ്യരുടെ ദയനീയവസ്ഥയും കേട്ടപ്പോള്‍ ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ഒരു തോന്നലുണ്ടായി.

ഡ്രൈവിങ്ങ് സീടിലേക്ക് ഞാന്‍ കയറുമ്പോല്‍ കസിന്‍ ഒന്നുമാത്രം ചോദിച്ചു;
എത്രയാ ഡിമാന്‍ഡ്?
‘അഞ്ച് ’ അവര്‍ കാണിച്ചത് പോലെ വിരലുകള്‍ മടക്കികാണിച്ചു. എന്തായാലും എന്നെപോലെ അവന് എമൌണ്ടിന്റെ കാര്യത്തില്‍ കണ്‍ഫൂഷന്‍ ഒന്നുമുണ്ടായില്ല
എന്റെ മുഖം കണ്ടിട്ടായിരിക്കും പിന്നെ ഒന്നും ചോദിക്കാന്‍ അവനും തോന്നിയില്ല, അഞ്ചുമിനിട്ടിനു ശേഷം കസിന്റെ വീട്ടിലെത്തി, ആന്റിയുണ്ടാക്കിതന്ന ചൂടുചായയും കേക്കും എടുത്തുകൊണ്ട് അവന്റെ റൂമിലെക്ക് ഞാന്‍ പോയി, കമ്പ്യൂട്ടെര്‍ ഓണ്‍ ചെയ്തു ലോഗിന്‍ ചെയ്തു, പതിവുപോലെ മെയില്‍ തുറന്നു. പിന്നീട് ഗൂഗിള്‍. കോ . ഇന്‍ തുറന്ന് വിജിലെന്‍സ് + കേരളാ എന്ന് ടൈപ് ചെയ്തു എന്റര്‍ ചെയ്തു. അവരുടെ ഡിറെക്ടറിയില്‍ തുറന്ന് വന്ന ഒരുപിടി നമ്പറില്‍ വിജിലെന്‍സ് ഡിറെക്ടറുടെ തന്നെ നമ്പരില്‍ തന്നെ ഡയല്‍ ചെയ്തു. രണ്ടേ രണ്ട് റിങ്ങ്, അപ്പോള്‍ തന്നെ മര്യാദയുടെ സ്വരത്തില്‍ ഒരു ഹെലോയും എന്താണ് വേണ്ടതെന്ന് ഒരു അന്വേഷണവും കേട്ടു.അല്പസമയത്തിനുള്ളില്‍ ഞാന്‍ കാര്യങ്ങള്‍ ഒരുവിധം ചുരുക്കിപറഞ്ഞു. പരാതിയെങ്ങനെ കൊടുക്കാനാണ് ഉദ്ദേശമെന്ന് ആ ഓഫീസെര്‍ അന്വേഷിച്ചു. കൊല്ലം ജില്ലയില്‍ ഡിവൈഎസ്പിയ്ക്ക് വിളിച്ച് കൊടുത്തൂടെ എന്ന് സജസ്ട് ചെയ്തു
നമ്മുടെ സോഷ്യല്‍ സെടപ് അറിയാവുന്ന ഞാന്‍ അത് അത്ര ശരിയാവില്ല തിരുവനന്തപുരത്ത് ഹേഡോഫീഫില്‍ പരാതി തരാനാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി. എങ്കില്‍ നാളെ പന്ത്രണ്ട് മണിക്ക് വന്ന് ഡിറെക്ടറെ കണ്ടോളൂ അനുവാദം എടുത്തിട്ടുണ്ട് എന്ന് അറിയിച്ചു.

പിറ്റേ ദിവസം രാവിലെ വിദേശത്തെക്ക് തിരിച്ചു പോകുന്ന അനുജനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുചെന്നാക്കിയതിനു ശേഷം തിരുവനന്തപുരം വികാസ് ബസ് ഡിപ്പോയുടെ എതിര്‍വശത്തുള്ള വിജിലെന്‍സിന്റെ ഹേഡോഫീസിലേക്ക് ഞാന്‍ കാര്‍ തിരിച്ചു. എകദേശം പന്ത്രണ്ട് മണിയായിട്ടുണ്ടാവും ,ഞാന്‍ വിജിലെന്‍സ് ഓഫീസിന്റെ മുമ്പിലെത്തി കാറില്‍ ബെറ്റിയെയും കുട്ടികളോടും കാത്തിരിക്കാന്‍ പറഞ്ഞതിനു ശേഷം കേരളാ വിജിലെന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ബോഡ് ലക്ഷ്യമാക്കി നടന്നു .
ഓഫീസും പരിസരവും കണ്ടപ്പോള്‍ പൊതുജനങ്ങള്‍ക്ക് കയറാന്‍ കഴിയുന്ന ഓഫീസാണോ ഇതെന്ന് സംശയിച്ചു, കാരണം സാധാരണ സര്‍ക്കാര്‍ ഓഫീസിനെ അപേക്ഷിച്ച് ഓഫീസും പരിസരവും തീരെ വിജനം. റിസെപ്ഷനില്‍ യൂണിഫോമിലുള്ള പോലീസ് ഓഫീസേഴ്സ്,
എന്താ കാര്യം എന്നന്വേഷിച്ച അവരോട് പറഞ്ഞു എനിക്ക് വിജിലന്‍സ് ഡിറെക്ടറെ നേരിട്ട് കാണണം അപോയിന്റ്മെന്റ് ഉണ്ട് .
അപോയിന്റ്മെന്റിലൊന്നും ഒരു കാര്യവും ഇല്ല, സാര്‍ ഫ്രീയാണെങ്കില്‍ മാത്രമേ കാണാന്‍ കഴിയൂ. ഞാന്‍ ഒന്നു നോക്കട്ടെയെന്ന് പറഞ്ഞു എന്റെ പേരും വിലാസവും കുറിച്ചുകൊണ്ട് ഒരു ഓഫീസെര്‍ മുകളിലെ നിലയിലേക്ക് പടികയറിപ്പോയി, തികച്ചും നിശബ്ദമായ ആ അന്തരീക്ഷത്തില്‍ ആ ഓഫീസറുടെ കാല്‍ വെയ്പ്പുകളുടെ ശബ്ദം മാത്രം സാവധാനം അകന്നുപോകുന്നത് കേള്‍ക്കാമായിരുന്നു. മുമ്പില്‍ കിടന്ന കസേരയില്‍ ഒന്നില്‍ ഇരുപ്പുറപ്പിച്ച എന്റെ മനസ്സില്‍ അനാവശ്യമായ ഒരു ഉത്കണ്ട കടന്നുവന്നു. ഇനി ഒരുപക്ഷേ ഡിറെക്ടര്‍ ബിസിയാണെങ്കില്‍ ‍? അദ്ദേഹം കാണാന്‍ അനുവദിച്ചില്ലെങ്കില്‍, വെറുതെ തിരിച്ചുപോകേണ്ടിവരുമോ? അങ്ങനെയായാലും കൊല്ലത്തെ ലോകല്‍ വിജിലെന്‍സ് ഓഫീസില്‍ പരാതി കൊടുക്കില്ല എന്ന് മനസ്സില്‍ തീരുമാനമെടുത്തിരുന്നു.

എന്നാല്‍ അധികം താമസിയാതെ എന്റെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ട് ആ കാല്‍‌വെയ്പ് ശബ്ദം സ്റ്റെയര്‍കേസുകളിറങ്ങി വരുന്നത് കേട്ടുതുടങ്ങി.
എന്റെ അടുത്തെത്തി ആ പോലീസ് ഓഫീസെര്‍ അറിയിച്ചു,
“രണ്ടാം നില, ലെഫ്ടില്‍ ആദ്യത്തെ റൂം സിബിസാര്‍ വെയിറ്റ് ചെയ്യുന്നു വേഗം ചെന്നോളൂ.”
-താങ്ക് യൂ.
അയാള്‍ ഇറങ്ങിവന്ന സ്ടെപുകള്‍ ലക്ഷ്യമാക്കി ഞാന്‍ മുകളിലേക്ക് കയറിപ്പോയി.
മുകളിലെ കോറിഡോറില്‍ മറ്റൊരു പോലീസ് ഓഫീസെര്‍ കാത്ത് നിന്നിരുന്നു. അദ്ദേഹം ചൂണ്ടിക്കാണിച്ച ഡോറിനു മുകളില്‍ സിബി മാത്യൂസ് ഐപി എസ് എന്ന് എഴുതിയിരുന്നത് വായിച്ചതോടൊപ്പം ഞാന്‍ ആ വാതിലില്‍ മൃദുവായി മുട്ടി . അകത്ത് നിന്ന് പ്രതികര
ണം ഒന്നുമുണ്ടായില്ലെങ്കിലും കയറിക്കോളൂ എന്ന് ഇടനാഴിയില്‍ നിന്ന പോലീസ് ഓഫീസെര്‍ അറിയിച്ചതനുസരിച്ച് ഞാന്‍ അകത്ത് കയറി.

മുന്നില്‍ അനേകം തവണ ടെലിവിഷനിലും പത്രങ്ങളിലും കണ്ട അതേമുഖം, ധീരതയുടെ , സത്യ സന്ധതയുടെ പര്യായമായ, എന്നെപോലെ നൂറുക്കണക്കിനു ചെറുപ്പക്കാരുടെ പ്രചോദനം ആയ സിബി മാത്യൂസ് ഐ പി എസ്. എന്റെ ഉള്ളില്‍ അദ്ദേഹം അന്വേഷിച്ച് തെളിയിച്ച കരിക്കന്‍ വില്ല കൊലക്കേസ് മുതല്‍ മണിച്ചന്റെ മദ്യദുരന്തം വരെയുള്ള കേസുകള്‍ ഒന്നൊന്നായി മിന്നിമറഞ്ഞു. വളരെ സമര്‍ത്ഥനായ ഒരു പോലീസ് ഓഫീസറോടാണ് സംസാരിക്കാന്‍ പോകുന്നതെന്ന ചിന്തയില്‍ ഞാന്‍ അല്പം മുന്‍‌കരുതല്‍ എടുത്തു, പ്രത്യേകിച്ച് അദ്ദേഹം എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് ഒരു ഉദ്ദേശവും ഇല്ലാത്ത സാഹചര്യത്തില്‍. പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ഹൃദ്യമായിരുന്നു.ഒരു പോലീസ് മുഖത്തെക്കാള്‍ അദ്ദേഹത്തിനു ചേരുന്നത് ഒരു കോളേജ് പ്രിന്‍സിപലിന്റെ മുഖമായിരിക്കും എന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്. ഒരു സാധാരണ മനുഷ്യന്‍! കേരളാപോലീസിലെ ഒരു സാദാ കോണ്‍സ്റ്റബിളില്‍ പോലും കാണാന്‍ കഴിയാത്ത സൌമ്യത.

ഇരിക്കൂ, എന്താ കാര്യം?
നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് , അദ്ദേഹത്തെ ഒന്നഭിനന്ദിച്ചു ഞാന്‍ സംഭാഷണം തുടങ്ങിവച്ചു, പ്രത്യേകിച്ച് അദ്ദേഹം കേരളത്തിലെ അത്മഹത്യയുടെ കാരണങ്ങളെപറ്റി റിസേര്‍ച്ച് ചെയ്ത് പി എച്ച് ഡി എടുത്തിരുന്ന സമയവും ആയിരുന്നു. അതിനെപറ്റിയും സൂചിപ്പിച്ചു.
താങ്കളെപോലെയുള്ള ധീരരായ പോലീസ് ഓഫീസേഴ്സില്‍ നിന്ന് ഞങ്ങളെ പോലെയുള്ള യുവാക്കള്‍ക്ക് ഏറെ പഠിക്കാനുണ്ടെന്ന് പറഞ്ഞു. സാറിനെ കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായെന്ന് കൂട്ടിച്ചേര്‍ത്തു.

അതൊന്നും സാരമില്ല, തന്നെപ്പോലെയുള്ള യുവാക്കള്‍ അഴിമതിയ്കെതിരെ മുന്നോട്ട് വരുന്നത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഇങ്ങെനെയുള്ളവര്‍ ഏറെയുണ്ടായാല്‍ നാട്ടില്‍ അഴിമതി തീരെകുറയുമെന്നും ഉറപ്പു നല്‍കി. തുടര്‍ന്ന് എന്റെ പരാതി ‍കഴിയുന്നതും ചുരുക്കി വേഗത്തില്‍ അറിയിക്കുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്നതോടൊപ്പം ഒരു കുഞ്ഞു നോട്ട്പാഡില്‍ എന്തൊക്കെയോ അദ്ദേഹം ചെറുതായി നോട്ട് ചെയ്തിരുന്നു.
ഞാന്‍ എല്ലാംവിശദീകരിച്ചു, കൂട്ടത്തില്‍ കേട്ട പീഡനശ്രമങ്ങളും അതേ ആയുധം എന്നോട് പ്രയോഗിക്കാന്‍ അവര്‍ ശ്രമിച്ചേക്കും എന്ന എന്റെ ആശങ്കയും ഞാന്‍ മറച്ചു വെച്ചില്ല അത് കേട്ടിട്ട് ഒന്നു ചിരിച്ചിട്ട് അദ്ദേഹം എന്നോട് ചോദിച്ചു : തനിക്ക് ഇപ്പോ കൊല്ലത്ത് പോകാമോ?
ഞാന്‍: ഉവ്വ് .
‘ഓകെ , ഇതെനിക്ക് വിട്ടേക്കൂ, തനിക്ക് ഫ്യൂച്ചറില്‍ ഒരു പ്രശ്നവും ഉണ്ടാവാത്ത രീതിയില്‍ നമുക്ക് ഇത് ഹാന്‍ഡില്‍ ചെയ്യാം’ .
അതിനു ശേഷം ഫോണ്‍ എടുത്ത് അദ്ദേഹം ആര്‍ക്കോ വിളിച്ചു
‘ജയശാന്തിലാലിനെ കണക്ട് ചെയ്യൂ,’
......................................................
‘ജയ ശാന്തിലാല്‍ ഞാന്‍ ഒരാളെ അങ്ങോട്ട് അയക്കുന്നു, ആള്‍ ഉച്ചകഴിയുമ്പോഴെക്കും അവിടെ വരും മാന്യമായി കാര്യങ്ങള്‍ ചെയ്യുക. ഇടക്ക് എനിക്കൊന്നു വിളിച്ച് പറയണം’ ഫോണ്‍ ഡിസ്കണക്ട് ചെയ്തിട്ട് എന്നോട്: സാജന്‍, വളരെ സീരിയസായ ഒരു കാര്യം, ഇത് ഞാനും ജയശാന്തിലാലും, അല്ലാതെ ഇനി ഒരാളോടും പറയരുത്, ഇവിടെ ഈ ഓഫീസിലോ കൊല്ലത്തെ ഓഫീസിലോ മറ്റ് എതെങ്കിലും ഓഫീസേഴ്സ് ചോദിച്ചാലും ഒന്നും പറയേണ്ടതില്ല, ഞാന്‍ അയച്ചുവെന്ന് മാത്രം പറയുക, ഡിവൈ എസ് പി വെയിട് ചെയ്യൂന്നുണ്ടാവും ഇനി സമയം കളയണ്ട, വേഗം പൊയ്ക്കോളൂ, കൂടാതെ എന്തെങ്കിലും പ്രയാസം എവിടെ നിന്നായാലും ധൈര്യമായി എന്നെ വിളിച്ചു അറിയിച്ചോളൂ’.

തുടര്‍ന്ന് ഒരു കുഞ്ഞുഷീറ്റില്‍ ഡി വൈ എസ് പിയുടെ ഓഫീസിന്റെ വിലാസവും ടെലഫോണ്‍ നമ്പറും മൊബൈല്‍ നമ്പറും കുറിച്ചു നല്‍കി. സന്തോഷത്തോടെ ഹസ്തദാനം ചെയ്ത് എന്നെ അദ്ദേഹം യാത്രയാക്കി. എന്റെ ജീവിതത്തില്‍ ഒരു വേറിട്ട അനുഭവമായിരുന്നു , കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഒരു പോലീസ് ഓഫീസറുടെ കൂടെ ഇരുപത് മിനിട്ട് ചെലവഴിച്ചപ്പോള്‍ എനിക്കുണ്ടായത്. അതോട് എന്റെ ആത്മവിശ്വാസം പതിന്‍‌മടങ്ങ് വര്‍ദ്ധിച്ചു. സന്തോഷത്തോടെ എന്‍ എച്ചില്‍ കൂടെ കൊല്ലത്തേക്ക് ഡ്രൈവ് ചെയ്തു. വിശപ്പിന്റെവിളി അധികമായപ്പോള്‍ ബെറ്റിയും കുട്ടികളും എന്തെങ്കിലും കഴിച്ചിട്ട് യാത്ര തുടരാം എന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുവെന്നോര്‍ത്തപ്പോള്‍ കൊല്ലത്ത് ചെന്ന് കഴിക്കാമെന്ന് കരുതി, കഴക്കൂട്ടം ആയപ്പോഴേക്കും രാവിലെ മുതലുള്ള യാത്രയുടെ ക്ഷീണവും വിശപ്പും മൂലം ഇനി സംഗതി പന്തിയല്ല എന്ന് തോന്നി, ഇടത് ഭാഗത്തുള്ള അല്‍ സാജ് എന്ന ഹോട്ടലിലെ പാര്‍ക്കിങ്ങ് ലോട്ടിലെക്ക് വണ്ടി വിട്ടു. ആദ്യമായി ആയിരുന്നു ആ ഹോടെലില്‍ ആഹാരം കഴിക്കാന്‍ കയറുന്നത്, മുകളിലെ റെസ്റ്ററന്റില്‍ ബുഫെ ലഞ്ച് ഉണ്ടാവും അതായിരിക്കും നല്ലതെന്ന് സെക്യൂരിടി സജസ്റ്റ് ചെയ്തത് അനുസരിച്ച് സ്ടെപുകള്‍ കയറി മുകളിലെത്തി, (അതിന്റെ കൂടെ ഒരുകാര്യം എഴുതേണ്ടത് നല്ലതാണെന്ന് തോന്നുന്നതിനാല്‍ കുറിക്കട്ടെ, നൂറു രൂപയാണെന്ന് തോന്നുന്നു ഒരാള്‍ക്ക്, ഭക്ഷണത്തിനു ചാര്‍ജ് പക്ഷേ വളരെ വൃത്തിയുള്ളതും രുചികരവും ആയിരുന്നു അവിടെ നിന്നും കഴിച്ച ഭക്ഷണം, തൃപ്തികരമായി ആഹാരം കഴിച്ച നാട്ടിലെ അപൂര്‍വം റെസ്റ്ററണ്ടിലൊന്നായിരുന്നു കഴക്കൂട്ടത്തെ അല്‍‌സാജ്!)

ഭക്ഷണത്തിനു ശേഷം മൂന്നര മണിയോടെ കൊല്ലത്തെത്തി, സിബിമാത്യൂസാര്‍ കുറിച്ചുതന്നതിനാല്‍ വിജിലന്‍സിന്റെ കൊല്ലം ഓഫീസ് കണ്ടുപിടിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. നേരേ ആ ഓഫീസിന്റെ ചെറിയ പാര്‍ക്കിങ്ങ് സ്പേസില്‍ കാറിട്ടിട്ട് ഓഫീസില്‍ ചെന്നു, മുഖവരയ്ക്കൊന്നും സമയം കളയേണ്ടി വന്നില്ല ഒരു ഓഫീസെര്‍ നേരേ ഡിവൈ എസ് പിയുടെ മുറി ചൂണ്ടിക്കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു,
“സാര്‍ പറഞ്ഞിട്ടുണ്ട് താന്‍ വരുമെന്ന് ,നേരേ ചെന്നോളൂ.”
താങ്ക്യൂ സര്‍ !
അങ്ങനെ ഡി വൈ എസ് പി ജയശാന്തിലാലിന്റെ മുറിയില്‍ ഞാന്‍ എത്തി,
ഇരിക്കൂ, അദ്ദേഹം ആവശ്യപ്പെട്ടു.
സംസാരിക്കാന്‍ തുടങ്ങിയ എന്നെ കൈകൊണ്ട് അദ്ദേഹം വിലക്കിയിട്ട് ഒരു പോലീസ് കോണ്‍സ്റ്റബിളിനെ വിളിച്ചു പറഞ്ഞു: എടെ ആ ഡോറുകള്‍ ഒക്കെ നന്നായി വലിച്ചടച്ചേക്കൂ, തല്‍ക്കാലം ആരും ഇങ്ങോട്ട് വരണ്ട.
കോണ്‍സ്ടബിള്‍ ഡോറുകളൊക്കെ ഭംഗിയായി അടച്ചതിനു ശേഷം അദ്ദേഹം കുശലപ്രശ്നങ്ങള്‍ ആരംഭിച്ചു. പരാതി പറയാന്‍ തുടങ്ങിയപ്പോള്‍ വളരെ ശബ്ദം താഴ്തി എന്നോട് പറഞ്ഞു. ഈ ഭിത്തികള്‍ക്ക് പോലും കാതുകളുണ്ട് അതുകൊണ്ട് നമ്മള്‍ വളരെ സൂക്ഷിക്കണം ഈ കേസിന്റെ കാര്യങ്ങള്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

വിഷയത്തിന്റെ സീരിയസ് മനസിലാക്കിയ ഞാന്‍ വള്ളിപുള്ളി തെറ്റാതെ നടന്ന സംഭവങ്ങള്‍ ഓരോന്നും വിശദീകരിച്ചു ഏകദേശം പത്തോളം പേജുകളില്‍ അദ്ദേഹം അതെഴുതിയെടുത്തു. അത് കണ്ടിട്ട് ഞാന്‍ ചോദിച്ചു സര്‍, ഇതെഴുതാന്‍ ഇവിടെയാരും ഇല്ലേ? അതിനുള്ള മറുപടി രസാവാഹമായിരുന്നു. ഇതിനു ഞാന്‍ ആരെയെങ്കിലും സഹായത്തിനു വിളിച്ചാല്‍ പിന്നെ ഇതെഴുതിയിട്ട് ഒരുകാര്യവും ഇല്ല. അത്ര ശക്തമായിരിക്കും താന്‍ പറയുന്ന ആളുകളുടെ നെട് വര്‍ക്കിങ് സംവിധാനം.
അത്രയും കേട്ടതോടെ എനിക്ക് അല്പം ഭയം ഉണ്ടാവാതെയിരുന്നില്ല. പക്ഷേ എനിക്ക് നല്ലതുപോലെ ആത്മവിശ്വാസം തരുന്ന പ്രവര്‍ത്തികളും വാക്കുകളും ആയിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങള്‍ , പോലീസില്‍ ചേര്‍ന്നത് മുതല്‍ ഡിവൈ എസ് പി ആയത് വരെയുള്ള സംഭവങ്ങള്‍ ഒക്കെ വിവരിച്ചുതന്ന അദ്ദേഹം ആരുടെയും പേരെടുത്ത് പറയാതെ ചില അഴിമതികഥകളും പരാമര്‍ശിച്ചു. സിബിമാത്യൂസ് സാറിനു തികച്ചും ചേരുന്ന ഒരു പോലീസ് ഓഫീസെര്‍ ആണ് അദ്ദേഹം എന്ന് ചുരുക്കം സമയം കൊണ്ട് എനിക്ക് മനസ്സിലായി.
അങ്ങനെ അഞ്ച് മണിയായപ്പോഴേക്കും പേപ്പറില്‍ എല്ലാം എഴുതിയെടുത്തതിനു ശേഷം അല്പ നേരം എങ്ങനെ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യണമെന്ന് ഏക്സ്പേര്‍ട്ടായ ഒരു പോലീസ് ഓഫീസെറെ വിളിച്ചു വരുത്തി പ്രാക്റ്റീസ് ചെയ്യിച്ചു. സ്ത്രീയായത്കൊണ്ടുള്ള പര്‍മിതികളായായിരുന്നു ഏറ്റവും കുഴക്കുന്ന പ്രശ്നം, സംഭവം വിജയിക്കാനുള്ള സാധ്യത 50% മാത്രമേയുള്ളൂ, കാര്യങ്ങള്‍ ഉദ്ദേശിച്ചത് പോലെ നടന്നില്ലെങ്കില്‍ ആകെ പ്രശ്നമാവും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും നാറും , ചെലപ്പോ അതിന്റെ പേരില്‍ തല്ലും കിട്ടിയേക്കാം ബോണസ് ആയി ഒരു പീഡനശ്രമത്തിനു കോടതിയിലും കയറേണ്ടി വന്നേക്കാം മൊത്തം ആലോചിച്ച് എനിക്കാകെ ടെന്‍ഷനായി .

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയാവുമ്പോഴേക്കും എത്തിയാല്‍ മതി അന്ന് ഒരു ഫൈനല്‍ പ്രാക്ടീസ് ചെയ്യാം നാലു മണിയോടെ ഇവിടെ നിന്ന് പുറപ്പെടാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു. അവസാനം കുറെയധികം പോലീസോഫീസേഴ്സ് ആ റൂമില്‍ വന്നിരുന്നുവെങ്കിലും പ്രതി എന്ന് മാത്രം പറഞ്ഞ് എല്ലാവരേയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഞങ്ങള്‍ രണ്ടാളും ശ്രമിച്ചിരുന്നു.
പോരുന്നതിനു മുമ്പ് ഒരിക്കല്‍ കൂടെ പറഞ്ഞതെല്ലാം ഓര്‍മയില്‍ ഇരിക്കട്ടെ അടുത്ത സുഹൃത്തുക്കളോട് പോലും കേസിന്റെ കാര്യങ്ങളൊന്നും സംസാരിക്കരുതെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്ന് അദ്ദേഹം എന്നെ യാത്രയാക്കി.
(ഇത് ഇവിടെയും അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല, സത്യമായിട്ടും അടുത്ത ഭാഗത്തോടെ തീര്‍ത്തേക്കാം )


Wednesday, September 3, 2008

സിബി മാത്യൂസും, പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും

കുറെ നാളായി എന്തെങ്കിലും ഒന്ന് എഴുതിബ്ലോഗിലിടണം എന്ന് വിചാരിക്കുന്നു, എന്നെപ്പോലെ ഒഴപ്പന്മാര്‍ക്ക് പറ്റിയതല്ല ബ്ലോഗെന്ന് തിരിച്ചറിവായിരിക്കാം പലപ്പോഴും ആ വിചാരം പൂവും കായും ഒന്നും ആകാതിരിക്കുന്നത്, ഈ അടുത്ത ദിവസം രാജീവ്(കുതിരവട്ടന്‍) ആകസ്മികമായി ചാറ്റില്‍ വന്നപ്പോള്‍ ഞാന്‍ ഉള്‍പ്പെട്ട ഒരു സംഭവത്തിന്റെ പത്രകട്ടിങ്ങ് പി ഡി എഫിലാക്കിയത് അയച്ചുതരാമെന്ന് പറയുകയും അത് തീര്‍ച്ചയായും ബ്ലോഗിലിടൂ എന്ന് സജസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒന്ന് ശ്രമിക്കാമെന്ന് ഞാനും കരുതി.

(ഇനി നിയമപരമായ ഒരു മുന്നറിയിപ്പ്: ഇവിടെ പരാമര്‍ശിക്കുന്ന സംഭവം ഒരു ബ്ലോഗിലെ പോസ്റ്റിനു ചേരേണ്ട വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ ഇതിലുണ്ടാവാം നിയമപരമായ ഒരു നടപടികള്‍ക്കും ഈ പോസ്റ്റുകള്‍ ഒരു റെഫറന്‍സ് ആയിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.)


അല്പം വലുപ്പം കൂടുതലായത് കൊണ്ട് മൂന്നു ഭാഗമാക്കാം എന്ന് കരുതുന്നു , വായനക്കാര്‍ സദയം സഹകരിക്കണേ.

നാലഞ്ച് മാസത്തിനു മുമ്പ് വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ പല ഉദ്ദേശങ്ങളുണ്ടായിരുന്നു.
അതിലൊന്ന് ഞാന്‍ ജനിച്ച പഞ്ചായത് ഓഫീസില്‍ നിന്നും ഒരു ബെര്‍ത് സെര്‍ട്ടിഫികേറ്റ് വാങ്ങിക്കുക എന്നതായിരുന്നു. കാരണം ഇവിടെ നിന്നും ന്യൂസിലാന്റില്‍ പോവാന്‍ ഒരു ചാന്‍സ് ഒത്തുവന്നു, സിഡ്നിയേക്കാള്‍ സാമ്പത്തികമായി വലിയ മെച്ചമൊന്നുമില്ലെങ്കിലും യാത്ര ചെയ്യാനും, സ്ഥലങ്ങള്‍ കാണാനും ഇഷ്ടമായത്കൊണ്ട് വിസയ്ക്ക് അപ്ലൈ ചെയ്തു, കഷ്ടകാലത്തിനു ന്യൂസീലാന്‍ഡ് ഇമിഗ്രേഷനിലെ കേസ് ഓഫീസര്‍ ഒരു മലയാളിയായിപ്പോയി, അയാളെ കിട്ടിയപ്പോഴേ അറിയമായിരുന്നു എന്തെങ്കിലും കുത്തിതിരുപ്പ് ഉണ്ടാക്കിയേ അയാള്‍ അടങ്ങൂ എന്ന് എന്തായാലും ചിന്തിച്ചത് പോലെ സംഭവിച്ചു. ബേര്‍ത് സേര്‍റ്റിഫികേറ്റ് കിട്ടാണ്ട് പേപര്‍ ഫോര്‍വേഡ് ചെയ്യില്ലയെന്ന് അങ്ങേര്‍ കട്ടായം പറഞ്ഞു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷപെടാറുണ്ടായിരുന്നത്, ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ നിന്നും മിസലേനിയസ് സര്‍വീസില്‍ ആപ്ലികേഷന്‍ കോടുക്കുമ്പോ കിട്ടുന്ന പേഴ്സണല്‍ ഡീറ്റയില്‍‌സായിരിക്കും അതില്‍ വിശദമായി എല്ലാമുണ്ടാവും. പോരെങ്കില്‍ നമ്മുടെ എസ് എസ് എല്‍ സി സേര്‍ടിഫികേറ്റിന്റെ ഫ്രണ്ട് പേജും അറ്റാച് ചെയ്യും അതോടെ സാധാരണ രീതിയില്‍ ഓഫീസേഴ്സ് സമാധാനപ്പെടേണ്ടതാണ്, പക്ഷേ ഇങ്ങേര്‍ക്ക് അതൊന്നും പോരാ, ഈ മെയിലില്‍ ഇണ്ടാസ് വന്നു, ലോകല്‍ ഗവണ്മെന്റ് (പഞ്ചായത്, മുനിസിപാലിറ്റി) ഇഷ്യൂ ചെയ്യുന്ന ജനന സേര്‍റ്റിഫികേറ്റ് തന്നെ വേണം.

പ്രശ്നങ്ങള്‍ അവിടെ ആരംഭിക്കുന്നു.സ്വന്തം പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ഗുണമൊന്നുമില്ലെന്ന് മനസ്സിലായി, കാരണം ഒരു പക്ഷേഎന്റെ ബേര്‍ത് രെജിസ്ട്രെര്‍ ചെയ്തിരിക്കുന്നത് എന്റെ അമ്മ വീടുൾപ്പെടുന്ന, കൊല്ലം ജില്ലയിലെ ത്തന്നെ മറ്റൊരു പഞ്ചായത്തിലായിരിക്കും എന്ന് അറിവു കിട്ടി.

വെകേഷനു നാട്ടില്‍ ഉണ്ടായിരുന്ന കസിനെ പറഞ്ഞയച്ച് വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചറിഞ്ഞു. അവന്‍ എട്ട് തവണ നടന്നിട്ടും കാര്യങ്ങള്‍ ഒന്നും ഒരു തീരുമാനവും ആവുന്നില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്ക് ഓര്‍കുടില്‍ സ്ക്രാപ്പിട്ടു, അച്ചാച്ചന്‍ ‍തന്നെ ചെല്ലുന്നതായിരിക്കും നല്ലത്. അവര്‍ (പഞ്ചായത് സെക്രട്ടറി അടുക്കുന്ന ലക്ഷണമില്ല) , ഓരോ തവണയും പിന്നെയാവട്ടെ പിന്നെയാവട്ടെ എന്ന് പറഞ്ഞ് അവനെ നടത്തുകയാണ്. ഇതിനിടയില്‍ അവര്‍ ഒരുപകാരം ചെയ്തു .

ഞാന്‍ ജനിച്ച വര്‍ഷത്തെ രെജിസ്റ്റെര്‍ നോക്കി ബേര്‍ത് രെജിസ്ട്രേഷന്‍ ചെയ്തിട്ടില്ല അതുകൊണ്ട് പഞ്ചായത് ഒരു റിപോര്‍ട്ട് തന്നാല്‍ മതിയാവും (അപേക്ഷകന്റെ ജനനം പഞ്ചായത്തില്‍ രെജിസ്റ്റെര്‍ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം) അതുകൊണ്ട് ആര്‍ ഡി ഓ ഓഫീസില്‍ പോയി അവിടെ നിന്ന് ബെര്‍ത് രെജിസ്റ്റെര്‍ ചെയ്യാന്‍ അനുമതി വാങ്ങി സ്വന്തം പഞ്ചായത്തില്‍ പോയി രെജിസ്ട്രെര്‍ ചെയ്യുക, ചൂടോടെ സേര്‍ടിഫികേറ്റ് വാങ്ങുക (വളരെ സിമ്പിള്‍). വഴി പറഞ്ഞുകൊടുത്തതിനോടൊപ്പം പഞ്ചായത് സെക്രട്ടറി നയം വ്യക്തമാക്കി , അപേക്ഷകനെ നേരില്‍ കാണണം എന്നാലേ കാര്യങ്ങള്‍ക്ക് മൊത്തത്തില്‍ ഒരിത് വരൂ. ഞാന്‍ താമസിയാതെ നാട്ടില്‍ വരുന്നത് കൊണ്ട് കസിന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല .

അങ്ങനെ നാട്ടിലെത്തിയ ഞാന്‍ കസിനേയും കൂട്ടി പഞ്ചായത് ഓഫീസിലേക്ക് പോയി, പോകുന്ന വഴിയ്ക്ക് അവന്‍ ഒരു കുഞ്ഞു വിവരണമൊക്കെ തന്നിരുന്നു, അവര്‍ ഒരു പുലിജന്മമാണ്, അത്രപെട്ടെന്ന് തലയൂരിപ്പൊകുമെന്ന് തോന്നുന്നില്ല. ഇനി ഒരുപക്ഷേ കാശ് കിട്ടാന്‍ വേണ്ടിയാണോ അച്ചാച്ചനെ കാണണമെന്ന് പറയുന്നതെന്ന് തോന്നുന്നു എന്നൊക്കെ. പൊതുവേ ശുഭാസ്തിവിശ്വാസക്കാരനായ ഞാന്‍ തലയാട്ടി ഏയ്, അതൊക്കെ നിന്റെ തോന്നലാണ് അവര്‍ കാശൊന്നും വാങ്ങില്ലായിരിക്കും ഒന്നുമല്ലെങ്കിലും അവര്‍ ഒരു സ്ത്രീയല്ലേ?

എന്തായാലും പഞ്ചായത് ഓഫീസില്‍ നിന്നല്പം ദൂരെ മാറ്റി കാര്‍ പാര്‍ക് ചെയ്തു വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ കാണുന്നത് ഒരു പോസ്റ്ററാണ്, പോസ്റ്റര്‍ വായിച്ച എനിക്കാകെ കണ്‍ഫ്യൂഷന്‍ അതിലെഴുതിയിരുന്നത്, ഇങ്ങനെയായിരുന്നു, അഹങ്കാരിയും അഴിമതിയില്‍ മുങ്ങിക്കുളിച്ചവളും ആയ --------(സ്ഥലം) പഞ്ചായത് സെക്രടറിയെ സ്ഥലം മാറ്റിച്ച അധികാരികള്‍ക്കഭിവാദ്യങ്ങള്‍! അതുകണ്ട് ഞാന്‍ കസിനോട് ചോദിച്ചു എന്താടെ ഇതിന്റെയൊക്കെ അര്‍ത്ഥം നീ പറേണ പുലിജന്‍‌മം സ്ഥലം മാറിപ്പോയല്ലൊ ഇനീപ്പൊ കാര്യങ്ങള്‍ എളുപ്പമായല്ലൊ , അവന്‍ ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു അതേ അവര് പോയിരുന്നു, പക്ഷേ ‘അയാള്‍ കഥയെഴുതുകയാണ് ‘ അതിലെ തഹസീല്‍ദാറെപോലെ അവര്‍ കസേര വിട്ടിട്ടില്ല തന്നെയുമല്ല ഭരണപക്ഷത്തെ ആരുടെയോ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ്തു.


കാര്യങ്ങള്‍ ഉദ്ദേശിച്ചത് പോലെയല്ല എന്ന് അതോടെ മനസ്സിലായി, കൂട്ടത്തില്‍ എന്റെ ക്ലാസ്മേറ്റും സുഹൃത്തും ആയ ഒരു പെണ്‍കുട്ടി ഇതേ പഞ്ചായത് ഓഫീസില്‍ നിന്നും എതോ ഒരു സേര്‍ട്ടിഫികേറ്റ് വാങ്ങാന്‍ ഇംഗ്ലണ്ടില്‍ നിന്നും വന്നിരുന്നുവെന്നും അവള്‍ അയ്യായിരം കൊടുത്തിട്ടാണ് വാങ്ങിയെതെന്നും ഉള്ള ലേറ്റസ്റ്റ് ന്യൂസ് അവനറിയിച്ചതോട് കൂടെ എന്റെ ഉള്ളൊന്ന് പിടഞ്ഞു.


എന്തായാലും വരുന്നിടത്ത് വച്ച് കാണാം , ആ പഞ്ചായത്തിലെ തന്നെ ഏറ്റവും സാധുവായ മനുഷ്യന്‍ ഞാനെന്ന മട്ടില്‍ ചവിട്ടുന്ന മണ്ണിനെ പോലും നോവാതെ സൌമ്യനായി ശാന്തനായി കസിന്റെ കൂടെ ഓഫീസിന്റെ സ്റ്റെപ്സ് കയറിച്ചെന്നപ്പോള്‍ വലിയ വാഗ്വാദങ്ങളും ബഹളങ്ങളും അകത്ത് ഒരു ഹോളില്‍ നിന്നുംകേള്‍‍ക്കുന്നുണ്ട്, ഞെട്ടി നില്‍ക്കുന്ന എന്റെ മുഖത്തേക്ക് നോക്കി കൂളായി കസിന്‍ പറഞ്ഞു, അച്ചാച്ചനു ഭാഗ്യമുണ്ട് സെക്രട്ടറി സ്ഥലത്തുണ്ട് അകത്ത് പഞ്ചായത് കമ്മിറ്റി നടക്കുന്നുണ്ട് അതുകൊണ്ട് എന്താ‍യാലും ഇന്നവരെ കാണാന്‍ പറ്റും . കുറെ നാളായി അവിടെ കയറിയിറങ്ങിയതോടെ കാര്യങ്ങളുടെ കിടപ്പ് അവനു ഈസിയായി മനസിലായി . പക്ഷേ ബഹളം കേട്ട എനിക്കെന്തോ ഒരു പ്രശ്നം മണത്തു, അകത്ത് നടക്കുന്ന ബഹളം വരാനുള്ള എന്തോ വലിയ സംഭവത്തിന്റെ നിമിത്തമായി എനിക്ക് തോന്നി.
എന്തായാലും ഞങ്ങള്‍ ഹാളിലേക്ക് എത്തിനോക്കി, കസിനെയും അവന്റൊപ്പം എന്നേയും കണ്ടതോടെ പഞ്ചായത് സെക്രടറിയുടെ മുഖം എലി പുന്നെല്ല് കണ്ടപ്പോള്‍ വിടര്‍ന്നത് പോലെ വിടര്‍ന്നു, ഞങ്ങളെ അങ്ങോട്ട് വിളിച്ചു, അടുത്ത് ചെന്ന എന്നെ കണ്ടപ്പോള്‍ പതിയെ ചെവിയില്‍ ചോദിച്ചു യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു? ഞാന്‍ ഇതൊക്കെ ഒന്നൊതുക്കിയിട്ട് ഇപ്പൊ വരാം കേട്ടോ അവിടെ ഫ്രണ്ടിലെ കസേരയില്‍ പോയിരുന്നോ.

ഇതൊക്കെ കണ്ടപ്പോള്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കുന്നു കസിന്‍ , എനിക്കാണെങ്കില്‍ അവനോട് വലിയ ദേഷ്യം വന്നു , പുറത്തിറങ്ങി ഞാന്‍ പറഞ്ഞു കണ്ടോടാ മണകുണാഞ്ചാ, ആളുകളോട് പെരുമാറാന്‍ പഠിക്കണം, ഛേ ഈ സാധു സ്ത്രീയെപറ്റിയാണോ നീ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ അവന്‍ എന്റെ മുഖത്തേക്ക് നോക്കി മിണ്ടാതെ നിന്നു.

എന്തായാലും ഒരു പത്ത് മിനിട്ട് കാത്തിരുന്നപ്പോള്‍ അവര്‍ വന്നു, മുറിയില്‍ കയറി ആദ്യം (നോട്ട് ദ പോയിന്റ്) എന്നെതന്നെ വിളിച്ചു, അതുവരെ കാത്തിരുന്നവരുടെയൊക്കെ രൂക്ഷമായ നോട്ടങ്ങള്‍ കണ്ടതേയില്ല എന്ന് നടിച്ചു പതിയെ അവരുടെ മുറിയിലേക്ക് കയറി, കൂടെ കസിനും.

അവര്‍ കസേരയിലിരിക്കാന്‍ പറഞ്ഞു. വളരെ പരിചയമുള്ളവരെ പോലെ രണ്ട് മിനിട്ട് സുഖ വിവരങ്ങളൊക്കെ അന്വേഷിച്ചു, ഇതെല്ലാം കണ്ട് കസിന്‍ ഒന്നും മനസ്സിലാവാതെ എന്നേയും അവരേയും മാറിമാറി നോക്കുന്നുണ്ട് , അവസാനം എന്റെ ബര്‍ത് രെജിസ്റ്റെര്‍ ചെയ്യാന്‍ എന്റെ ജനന സമയത്ത് പേരന്റ്സിനു സാധിച്ചില്ല അതിനാല്‍ അതിനൊരു തവണകൂടെ അവസരമുണ്ടാക്കണമെന്ന് എന്ന് ഒരു റിക്വസ്റ്റ് എഴുതി വാങ്ങിച്ചു. വാചകങ്ങള്‍ അവര്‍ തന്നെ പറഞ്ഞു തന്നു ഞാന്‍ എഴുതിയെടുത്തു അപ്പൊ തന്നെ സൈന്‍ ചെയ്തു തിരിച്ചുകൊടുത്തു. അപ്പോള്‍ അവര്‍ കസിനോട് പറഞ്ഞു, താന്‍ ഒന്നു പുറത്തേക്ക് ഇറങ്ങി നിന്നേ ഞാന്‍ ഇദ്ദേഹത്തോട് ഒരു രഹസ്യം പറയട്ടെ എന്ന്, ആകെ വണ്ടറടിച്ച അവന്‍ പുറത്തിറങ്ങി നിന്നു ഡോര്‍ തനിയെ വന്ന് അടഞ്ഞതിനു ശേഷം അവര്‍ പതിയെ എന്നോട് പറഞ്ഞു. അതേയ്, എനിക്ക് മുമ്പേ തരാനുണ്ടായിരുന്നതെയുള്ളൂ ഈ റിപോര്‍ട്ട് പക്ഷേ നമ്മള്‍ നേരില്‍ സംസാരിക്കുന്നതാണല്ലൊ അതിന്റെ ഒരു രീതി അതുകൊണ്ട് എന്നോട് ദേഷ്യമൊന്നും ഇല്ലല്ലൊ അല്ലേ, പെട്ടെന്ന് മനസ്സിലോര്‍ത്തു എയ് ഇത്രയും സത് സ്വഭാവിയായ മാഡത്തോട് എനിക്ക് ദേഷ്യമോ എയ് ഒരിക്കലും ഇല്ല , ഞാന്‍ തലകുലുക്കി . അതിനു മറുപടിയായി അവര്‍ പതിയെ പറഞ്ഞു: പിന്നെ എനിക്ക് ഒരു അഞ്ച് തരണം. എന്നിട്ട് പഴയകാലത്ത് ബസിന്റെ എയിര്‍ ഹോണ്‍ അമര്‍ത്തുന്നത് പോലെ വലതുകൈവിരലുകള്‍ അഞ്ചും കൂട്ടിക്കാണിച്ചു.


സന്തോഷത്തോടെ ഞാന്‍ തലകുലുക്കി അതിനെന്താ അഞ്ഞൂറ് രൂപയല്ലേ ഇനിയും ഇങ്ങോട്ട് വരാതെ കഴിക്കാമെങ്കില്‍ ഡീസല്‍ കാശെങ്കിലും ലാഭിക്കാമല്ലേ എന്ന് മന്‍സിലോര്‍ത്തായിരുന്നു എന്റെ തലകുലുക്കല്‍. ഈസിയായ എന്റെ തലകുലുക്കല്‍ കണ്ടപ്പോല്‍ തന്നെ ഞാന്‍ എമൌണ്ടിന്റെ കാര്യത്തില്‍ തെറ്റിദ്ധരിച്ചൂന്ന് മനസിലാക്കിയ അവര്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി , അതേയ് അഞ്ഞൂറല്ല കേട്ടോ ഫൈവ് തൌസണ്ടാണ്, അല്പം മുമ്പ് വരെ കസിന്റെ മുഖത്ത് കണ്ട അന്ധാളിപ്പ് അതോടെ എന്റെ മുഖത്തായി ഞാന്‍ പതിയെ വിക്കി വിക്കി ചോദിച്ചു മാഡം ഒരു റിപ്പോര്‍ട്ട് തരുന്നതിനു അയ്യായിരം രൂപയോ? വീണ്ടും ഡീസല്‍ കാശ് മനസ്സിലോര്‍ത്തു അല്പം നഷ്ടമാണ് എന്നാലും ഒരു സ്ത്രീയല്ലേ അതുകൊണ്ട് രണ്ടായിരം രണ്ടായിരം കൊടുത്തേക്കാം എന്ന് മനസ്സിലോര്‍ത്തു എന്നിട്ട് പതിയെ കൂട്ടിചേര്‍ത്തു : ഞാന്‍ ഒരു രണ്ടായിരം തന്നാല്‍ പോരേ?


അതോടെ പൂച്ച ശരിക്കും പുലിയായി, വളരെ വ്യക്തമായി നിലപാടറിയിച്ചു, ( അവരുടെ സ്വന്തം വാക്കുകള്‍) ഇക്കാര്യത്തില്‍ ഒരു വിലപേശല്‍ ഇല്ല, എനിക്ക് അയ്യായിരം കിട്ടിയേ പറ്റൂ എന്ന് പൈസ കൊണ്ടുവരുന്നോ അന്ന് റിപോര്‍ട്ട് റെഡി. പോകറ്റില്‍ എല്ലാം കൂടെ തപ്പിപ്പെറുക്കിയാല്‍ അയ്യായിരം കണ്ടേക്കും എന്തുവേണമെന്ന് ഒരു നിമിഷം ആലോചിച്ചു , പൈസ കൊടുത്ത് എത്രയും വേഗം റിപോര്‍ട്ട് വാങ്ങി പോയേക്കാം എന്ന് ഒരു നിമിഷം ചിന്തിച്ചു, പക്ഷേ എന്റെ പ്രതികരണം ഇങ്ങെനെയായിരുന്നു.

ഇന്ന് വ്യാഴാഴ്ചയല്ലേ മാഡം ഞാന്‍ വീകെന്‍ഡില്‍ വൈഫിന്റെ വീട്ടില്‍ പോകും രണ്ട് ദിവസം കഴിഞ്ഞേ വരൂ അതുകൊണ്ട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൈസയും ആയി വരാം, റിപോര്‍ട്ട് അന്ന് തന്നാല്‍ മതി. മുഖത്തെ ചിരി മായിക്കാതെ ഒരു വിധം ഇത്രയും പറഞ്ഞ് യാത്ര പറഞ്ഞ് തിരിച്ചു നടക്കുമ്പോള്‍പുറത്ത് കാത്തിരിക്കുന്ന കസിന്റെ മുമ്പില്‍ മാനം രക്ഷിക്കാന്‍ എന്താ പറയുക എന്നതായിരുന്നു മനസ്സില്‍‍. (തുടരും)