Tuesday, June 12, 2007

പിന്‍‌മൊഴികള്‍ എന്തേ നിര്‍‌ത്തുന്നില്ല?

താങ്കള്‍ക്ക് ഈ പോസ്റ്റ് വായിക്കാം വായിക്കാതിരിക്കാം കമന്റിടാം , ഇടാതിരിക്കാം പക്ഷേ ഓഫ്ടോപ്പിക്ക് പാടില്ല, ഈ പോസ്റ്റിനേ ക്കാള്‍ വലിയ കമന്റ് പാടില്ല , മറ്റുള്ള പോസ്റ്റുകളെ പറ്റി പരസ്യങ്ങള്‍ പാടില്ല, വ്യക്തിഹത്യ എന്നെ ഒഴിച്ച് ആരേയും പാടില്ല (പക്ഷേ ഞാന്‍ സ്വീകരിക്കാത്ത കമന്റുകള്‍ കാഷ് ചെക്ക് അയക്കുന്നത് പോലെയാണ് നിങ്ങളുടെ അക്കൌണ്ടില്‍ തന്നെ കാണും ) അനോണിമസ് കമന്റുകള്‍ പാടില്ല :):) അനുയോജ്യമല്ലെന്ന് തോന്നുന്ന ഏതു കമന്റും ഡിലീറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഈ ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്ററില്‍ നിക്ഷിപ്തമാണ്.
( ഈ ചര്‍ച്ച ഔദ്യോഗികമായി അവസാനിച്ചിരിക്കുന്നു, അതിനാല്‍ കമന്റുകള്‍ക്ക് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. എങ്കിലും താങ്കള്‍ക്കെന്തെങ്കിലും അഭിപ്രായം ഈ വിഷയത്തിലിനിയും ഉണ്ടെങ്കില്‍ കമന്റായി അറിയിക്കാനുള്ള മനസ്സുണ്ടാവട്ടെ, സന്തോഷത്തോടെ സ്വീകരിക്കാം)

അപ്പൊ വായിച്ചു തുടങ്ങിക്കോ ,

മലയാളം ബൂലോകത്തില്‍ താരതമ്യേന പുതുതായ ഒരാള്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാവാം ഇത്, വായിക്കുന്നവര്‍ വിചാരിക്കും ഇവന്‍ എന്തിനുള്ള പുറപ്പാടാണെന്ന്? പക്ഷേ എന്റെ സംശയം വളരെ ലഘുവാണ്, ഈ പിന്‍‌മൊഴി നിര്‍ത്തുന്നതിനെ പറ്റി ഇത്രയും കോലാഹലം എന്തിനു .. ഒരു കമന്റ് കൊണ്ട് തീരാവുന്ന ഔപചാരികതയില്‍ അവസാനിപ്പിക്കാമല്ലോ മലയാള ബൂലോഗവും പിന്മൊഴിയും ആയുള്ള പൊക്കിള്‍ കൊടി ബന്ധം.. ഇ തിന്റെ ഉപഞ്ജാതക്കള്‍ക്കും നടത്തിപ്പ് കാര്‍ക്കും വേണ്ടങ്കില്‍ ഇത് അവസാനിപ്പിക്കുന്നതല്ലേ നല്ലത് എത്രയും വേഗം.. ആരുടെ വാക്കുകള്‍ കേള്‍ക്കണം? (എല്ലാവരും എന്നാ ആയ്ക്കോട്ടെ എന്ന് പറയാനല്ലല്ലോ പെരിങ്ങോടന്റെ പോസ്റ്റില്‍ കമന്റ് ഓപ്‌ഷന്‍ വച്ചത്) തുറന്നു പറയാന്‍ വേദിയുണ്ടായത് കൊണ്ട് ഞാനും അവിടെ പോയി എന്റെ അഭിപ്രായം വിളമ്പി.


ആരോഗ്യകരമായ ഒരു ചര്‍ച്ച ആയിരുന്നു ലക്ഷ്യം. അങ്ങനെ പലരില്‍ നിന്നും വരുന്ന ആശയങ്ങള്‍ മെച്ചമെന്ന് തോന്നിയപ്പോള്‍ മുകളില്‍ നിന്നും അറിയിപ്പ് വന്നു എന്തായാലും ഇത് നിര്‍ത്തും നിങ്ങള്‍ ചുമ്മാ വായിട്ടടിക്കണ്ടാ എന്ന് .അതുകൊണ്ട് പിന്നെ നമ്മുടെ ബക്കറ്റിലെ ബാക്കിയുള്ള ഐറ്റം അവിടെ വിളമ്പിയില്ല ,നല്ല കമന്റായിരുന്നു എന്ന് ചിലരേ കൊണ്ടും മറ്റു ചിലരെ കൊണ്ട് മനസ്സിലെങ്കിലും റിട്ടയറായി വീട്ടില്‍ ഇരിക്കുന്ന മാതാപിതാക്കളെ സ്മരിപ്പിക്കുന്നതെന്തിനെന്ന് ഞാന്‍ ചിന്തിച്ചു ആ പാഴ്‌ശ്രമം അവസാനിപ്പിച്ചു. (പിന്മൊഴി വേണ്ടെന്ന് ഘോരം ഘോരം അവിടെ വാഗ്വാദം നടത്തിയ ചിലരെയൊക്കെ അവിടെ വച്ചാ ഞാന്‍ ആദ്യമായി , ഒരുപക്ഷേ തിരിച്ചും കാണുന്നതെന്നത് മറ്റൊരു കാര്യം ) എന്നിട്ട് മറ്റു പലരുടേയും ഭാഗത്ത് നിന്ന് ചിന്തിച്ചു അപ്പൊ എനിക്ക് മനസ്സിലായി. ഞാന്‍ എന്തൊരു മണ്ടന്‍ എനിക്കിതെന്തേ നേരത്തേ ക്ലിക്കിയില്ല എന്നത് അങ്ങനെ താമസിച്ച്
മാത്രം എന്റെ തലയില്‍ ഉദിച്ച തോട്ടുകളാണ് ഇവ .


പക്ഷേ വീണ്ടും ഒരു സംശയം മാത്രം ബാക്കി എന്തേ ഇത് ഇപ്പൊ നിര്‍ത്തുന്നില്ല അല്ലെങ്കില്‍ പെരിങ്ങോടന്‍ എന്ന രാജ് 2005 നവംബറില്‍ മുന്നോട്ട് വച്ച ആശയം പെരിങ്ങോടന്റെ തന്റെ വാക്കുകളെ പകര്‍ത്തിയാല്‍,

പെരിങ്ങോടന്‍ said...
സിബു ഒരു പക്ഷെ കൂടുതല്‍ ദുഖിക്കുന്നതു് പിന്മൊഴികള്‍ എന്ന കമന്റ് ട്രാ‍ക്കിങ് സംവിധാനം രൂപപ്പെടുത്തിയതിലാവണം (ഒരു പക്ഷെ അതുമായി ബന്ധപ്പെട്ട മറ്റെല്ലാവരും) ബ്ലോഗുകളേക്കാള്‍ പ്രാധാന്യം പലരും കമന്റുകള്‍ക്ക് കൊടുത്തുകാണുന്നതു്, അനായാസേന തള്ളിക്കളയാവുന്ന കമന്റുകളെ പെരുപ്പിച്ചുകാണുന്നത്, എവിടെയൊക്കെയോ വളര്‍ച്ച മുരടിക്കുന്നു.
Tue Nov 22, 11:00:00 AM IST

ഇനിയും എന്തേ നടപ്പാക്കുന്നില്ല എന്നത് ഒരു പുതുമുഖ ബ്ലോഗര്‍ എന്ന രീതിയില്‍ എന്റെ സംശയം ആണ്. പിന്മൊഴി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെങ്കില്‍, എത്രയും വേഗം ആര്‍ക്കും ആരോടും ബാധ്യത ഇല്ലാത്ത ഒരു ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കട്ടെ ബൂലോക വാസികള്‍.. പക്ഷേ അതിനു പറയുന്ന കാരണങ്ങള്‍ ദയവായി പിന്‍‌മൊഴിയെ ആശ്രയിക്കുന്നവരെ കരിവാരിത്തേക്കുന്നതാവരുത് എന്നൊരു അപേക്ഷയെ ഉള്ളൂ.. ഒരു സുഹൃത്ത് എഴുതിയത് കണ്ടപ്പോള്‍ സത്യത്തില്‍ വിഷമം തോന്നി അദ്ദേഹത്തിന്റെ ചിന്താഗതിയോട് അനുകമ്പയും തോന്നിപ്പോയി, വികാരം കൊണ്ടാണത്രെ പിന്‍‌മൊഴിയെ വേണമെന്ന് വാശിപ്പിടിക്കുന്നവര്‍ പ്രതികരിക്കുന്നത്, അതെ തീര്‍ച്ചയായും 100 വട്ടം സത്യം, ഒരു ചോദ്യം ആ സത്യം അവശേഷിപ്പിക്കുന്നു അങ്ങനെ പുച്ഛിച്ചു തള്ളേണ്ട വാക്കാണോ വികാരം , ഈ മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ കുടുംബങ്ങളുടെ ഭദ്രതക്കു തന്നെ അത്യന്താപേക്ഷിതമല്ലേ വികാരം വികാരം വിവേകത്തെ കീഴ്പ്പെടുത്തരുതന്നല്ലേ ശരിയായ ചിന്താഗതി.


മറ്റൊരു സംഗതി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്, ബൂലോഗത്തെ ഇത്രയും വളര്‍ത്തിയ മുതിര്‍ന്ന അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചത് പോലെ പിന്മൊഴിയുടെ സാംസ്ക്കാരിക അപചയം ഈ അടുത്ത കാലം മുതലാണോ ആരംഭിച്ചത്, അതിന്റെ സത്യാ‍വസ്ഥ അറിയാന്‍ ഞാന്‍ പിന്മൊഴിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒന്നെത്തി നോക്കി.. 3 മാസം മുമ്പ്, 6 മാസം മുമ്പ്, 1 വര്‍ഷം മുമ്പ്, അങ്ങനെ ലഭ്യമായ അവസാനതാളോളം പോയി വായിച്ചു . ഫലം വളരെ രസകരമായിരുന്നു.. ഇപ്പോഴുള്ളതിനേക്കാള്‍ മോശമായി പലകാലത്തും പലരും സംസാരിച്ചിരിക്കുന്നു, വിശദമായ തെളിവുകള്‍ ആവശ്യമുള്ളവര്‍ക്ക് ഞാന്‍ നല്‍കാം ഒരു മൈല്‍ഡായ ഉദാഹരണം മാത്രം എഴുതുന്നു അതും ഒരു സ്ത്രീ ബ്ലോഗറുടെ പോസ്റ്റില്‍ ഒരു അനോണിമസ് വ്യക്തി എഴുതിയ കമന്റും അതിന്റെ പ്രതികരണങ്ങളും സമയമുണ്ടെങ്കില്‍ ഇത് വായിക്കുക ( സു ഇത് ചര്‍ച്ച ചെയ്യ പ്പെടുന്നെങ്കില്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യരുതേ ) ആ യാത്ര കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരല്പം ആശ്വാസമുണ്ടായി, പഴയബൂലോകത്തില്‍ നിന്നും മെച്ചപ്പെട്ടിരിക്കുന്നു പുതിയ ബൂലോകമെന്നത് കൊണ്ട്, ( കാരണം അത്തരം വൃത്തികെട്ട കമന്റുകള്‍ ബ്ലോഗുകളുടെ എണ്ണമനുസരിച്ച് ആപേക്ഷികമായി കൂടുന്നില്ല)


എനിയെനിക്കാശ്വസിക്കാം ഞാന്‍ ഉള്‍പ്പെടെയുള്ള പുതിയ ബ്ലോഗേഴ്സ് വന്നതു കൊണ്ടല്ല മലയാള ബ്ലോഗ് സാംസ്കാരിക അധ:പതനത്തിലേക്ക് കൂപ്പ് കുത്തി പോകുന്നത് കൊണ്ട്,

ഇനി നിര്‍ത്തണമെങ്കില്‍ നിര്‍ത്തട്ടെ പിന്മൊഴിയെന്ന ആരംഭം മുതലേ വൃത്തികേടായ കക്കൂസ്. (കട് പെരിങ്ങോടന്‍)


അതോടോപ്പം പരസ്പരം ഉള്ള കടപ്പാടുകളും അവസാനിപ്പിക്കട്ടെ ആര്‍ക്കു ആരോടും നന്ദി പറയാതെ ഇരിക്കാന്‍ തക്കവണ്ണം സ്വതന്ത്രരാവട്ടെ പുതിയ ബ്ലോഗേഴ്സ്! ധാര്‍ഷ്ട്യത്തിനു ചെവികൊടുക്കേണ്ടി വരാത്ത, കടപ്പാടുകള്‍ പിന്നിലേക്ക് വലിക്കാന്‍ കഴിയാത്ത അവനവനു തോന്നുന്നത് പോലെ എഴുതുവാന്‍ കഴിയുന്ന, വേണമെന്നുള്ളവനു അല്പം വൃത്തികേടെഴുതിയാലും ആര്‍ക്കും നിയന്ത്രിക്കുവാന്‍ കഴിയാത്ത സ്വാതന്ത്ര്യത്തോട് വിഹരിക്കുവാന്‍ കഴിയുന്ന ബൂലോക പക്ഷികളാവട്ടെ ഓരോ പുതിയ മലയാളം ബ്ലോഗറും, അവനവന്റെ ഉത്പ്പന്നം വിറ്റഴിയിക്കുവാനുള്ള മേഖലകള്‍ അവനവന്‍ തന്നെ കണ്ടുപിടിക്കട്ടെ, പക്ഷേ എങ്കിലും ചില ചോദ്യങ്ങള്‍ അവശേഷിക്കും, ഇന്ന് ഒരു സ്ത്രീ ബ്ലോഗറുടെ പോസ്റ്റില്‍ ഒരു അനാവശ്യ കമന്റിട്ടാല്‍ ഈ ഒരുമിച്ച് നില്‍ക്കുന്ന സമൂഹം പ്രതിഷേധിക്കും ??


അവിടെയൊക്കെയാണ് എന്റെ ഐഡിയകള്‍ വര്‍ക്കൌട്ട് ആവാന്‍ പോണത് ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത ഒരു ചരടിന്റേയും ബന്ധനമില്ലാത്ത നാളെകളില്‍ എന്റെ ഭാര്യയോ സഹോദരിയോ ഒരു മലയാളം ബ്ലോഗ് തുടങ്ങിയാല്‍ അവളുടെ പോസ്റ്റില്‍ ഒരു അപമാനകരമായ ഒരു കമന്റ് /അല്ലെങ്കില്‍ ഒരു പോസ്റ്റ് തന്നെ ഒരു മാനസിക രോഗി എഴുതിയാല്‍ ഞാന്‍ നേരേ കോടതിയില്‍ പോവും അവന്റേ കമ്പ്യൂട്ടറും മോണിട്ടറും ഇവിടിരുന്നു കൊണ്ട് ഞാന്‍ പൊക്കിക്കും എവിടെ ആയാലും അവനെ ഞാന്‍ ഗ്വാണ്ടനാമോ ജയിലില്‍ അയക്കും, എനിക്കതിനു കഴിയും കാരണം എനിക്കു സമയം ഇഷ്ടം പോലെയുണ്ടല്ലൊ , വീണ്ടും നാളെ വേറോരു മാനസിക രോഗി വേറോരു പോസ്റ്റില്‍ അപമാനകരമായ ഒരു കമന്റ് എഴുതിയാല്‍ , അവനേയും പൊക്കിക്കും, അങ്ങനെ മലയാളത്തിലെ ഞരമ്പു രോഗികളെ(ഇഞ്ചിയുടെ വാക്ക് കടമെടുത്താല്‍) മൊത്തം ഞാന്‍ ഓരോന്നോരോന്നായി പൊക്കും എന്നാലും എനിക്ക് സമയം ബാക്കി , ഇനി ഒരു പക്ഷേ സമയം ഇല്ലെങ്കില്‍ എനിക്ക് വേറോരു മാര്‍ഗം ഉണ്ട് അവരുടെ ബ്ലോഗുകളില്‍ ഞാന്‍ കമന്റ് ഓപ്ഷനേ വേണ്ടന്ന് വയ്ക്കും . അപ്പൊ ഞരമ്പ് രോഗികള്‍ എവിടെ മോശമായി എഴുതുമെന്ന് കാണാമല്ലോ ഹ ഹ എന്നോടാ കളി!!

ഇനി ഒരു ദിവസം വെറുതേ കിട്ടി ചില പോസ്റ്റുകള്‍ വായിക്കാമെന്ന് കരുതി വായിച്ചു ചില കമന്റുകളും ഇട്ടു ചിലതിനൊക്കെ മറുപടി ആവശ്യമായിരുന്നു ബ്ലോഗിട്ടവര്‍ അതിനു മറുപടിയും ഇട്ടു ഫില്‍ട്ടെര്‍ ഉണ്ടായത് കൊണ്ട് എനിക്കറിയാമായിരുന്നു ഇപ്പോള്‍ എവിടെയാ എനിക്കിട്ടൊരു കൊട്ട് വന്നതെന്ന് അല്ലെങ്കില്‍ എന്താ എന്റെ കമന്റിന്റെ പ്രതികരണമെന്ന് ഇനി അതിന്റെ ആവശ്യമില്ല ഞാനൊരു ഫുള്‍ടൈം സെക്രട്ടറിയെ വച്ചു .(കാരണം പലരും ഊതിപെരുപ്പിച്ച് കൊട്ടിഘോഷിച്ച ലിങ്കുകളില്‍ മണിക്കൂറുകള്‍ പരതി നടന്നിട്ടും പിന്‍‌മൊഴിയെ പോലൊന്ന് എനിക്ക് കാണാന്‍ കിട്ടിയില്ല എന്റെ ഒരു അറിവില്ലായ്മയേ കഷ്ടം! കണ്ടില്ലെങ്കില്‍ ലോകമവസാനിച്ചു പോവുമോ എന്ന് ചോദിക്കരുത് നാക്ക് കരിനാക്കാണെങ്കിലോ?) എന്നാലും ആരോടും നന്ദി പറയണ്ടാലോ.


അങ്ങനെ മധുര മനോഞ്ജ ലോകം സ്വപ്നത്തില്‍ മാത്രമല്ലാതെയാക്കുവാന്‍ വേഗം പിന്‍‌മൊഴി നിര്‍ത്തലാക്കൂ, അല്ലെങ്കില്‍ ഞാന്‍ എഴുതി കുറേ കഴിയുമ്പോള്‍ ഒരു കൊച്ചു എസ്റ്റാബ്ലിഷിഡ് ബ്ലോഗര്‍ ഒക്കെയാവുമ്പോള്‍ മാസത്തില്‍ ഒരിക്കലെങ്കിലും പിന്മൊഴിയില്‍ ഒന്നെത്തി നോക്കാന്‍ സമയമില്ലത്തതു കൊണ്ടോ എന്റെ സര്‍ഗവാസന മുരടിച്ച് പോയി എഴുതാന്‍ കൈയില്‍ സ്റ്റോക്ക് ഇല്ലാത്തത് കൊണ്ടോ അല്ലെങ്കില്‍ , നമുക്ക് വര്‍ത്തമാനം പറയാന്‍ പറ്റിയ സ്റ്റാറ്റസിലുള്ള പഴയ ബ്ലോഗേഴ്സ് (അല്ലേലും അങ്ങനെയാ പുതിയ പിള്ളെര്‍ക്കൊരു കഴിവും ഇല്ല എല്ലാം വെറും ചീളു കേസുകളാ) അപ്പോ അത്ര ആക്ടീവല്ലാത്തത് കൊണ്ടോ ‍ അല്ലെങ്കില്‍ ഞാന്‍ എന്തെക്കൊയോ ചവറുകള്‍ എഴുതി പുതിയ പിള്ളേരാരും തിരിഞ്ഞു നോക്കത്തത് കൊണ്ടോ (ബഹുമാനമില്ലാത്തവന്‍‌മാര്‍) അവന്‍ മാര്‍/അവളുമാര്‍ ഒപ്പം എന്റെ കൂടെ ഇപ്പൊ ഉണ്ടായിരുന്ന സൌഹൃദയന്‍ മാരെന്ന് പറയപ്പെടുന്ന ചിലരും ഒത്തു ചേര്‍ന്ന് ( അതിപ്പൊ തന്നെ ചെറുതായി തുടങ്ങി) അര്‍‌മാദിക്കുമ്പോള്‍ അസൂയ വന്നിട്ട് നാളെയെനിക്ക് ബ്ലഡ് പ്രഷര്‍‌കൂട്ടാതെ ഇപ്പൊ തന്നെ ഇത് നിര്‍ത്തലാക്കൂ .


പിന്നെ ഇത് നിര്‍ത്തലാക്കിയാല്‍ എനിക്കു മറ്റു ചില ഗുണങ്ങളും കൂടെയുണ്ടാവും നാളെ ഞാനും ഒരു സൈറ്റ് തുടങ്ങും മലയാളത്തില്‍ ഇന്നുള്ളതിലും വച്ച് മെച്ചമായ ഒരു അഗ്രിഗേറ്റെറും ഒക്കെ വച്ച് അങ്ങനെ എന്നെയും നാലു പേരറിയുമല്ലൊ എന്റെ സൈറ്റില്‍ ഒരോ ഹിറ്റുകളും അവരുമ്പോള്‍ ഹാ ഹാ ഞാന്‍ എന്റെ സ്വീകരണമുറിയിലെ കമ്പ്യൂട്ടറുകളില്‍ അവ കണ്ട് അര്‍മാദിക്കും പൊട്ടിപൊട്ടിച്ചിരിക്കും എന്റെ സൈറ്റിന്റെ മാര്‍ക്കെറ്റ് വാല്യൂ കൂടുന്നു ദിവസേന ലക്ഷക്കണക്കിനു ഹിറ്റുകള്‍ . നാളെയെന്നൊരു ദിവസമുണ്ടെങ്കില്‍ ഇംഗ്ലീഷില്‍ ഇറങ്ങുന്ന അത്രയും പോസ്റ്റുകള്‍ മലയാളത്തില്‍ ഇറങ്ങും എന്നാണ് ഒരു സുഹ്രുത്തിന്റെ അഭിപ്രായം അപ്പൊ തീര്‍ച്ചയായും അത്രയൊക്കെ ഹിറ്റുകള്‍ എന്റെ സൈറ്റുകളില്‍ വരുമെന്നേ . എന്നാലും ആ കാലമൊക്കെ വിശ്വസിക്കാന്‍ ഒരു ബുദ്ധിമുട്ട് അത് പിന്നെ മാറുമായിരിക്കും അല്ലേ നമ്മുടെ മലയാളം അത്രയ്ം വളര്‍ന്നെന്ന് അറിഞ്ഞതില്‍ അങ്ങേയറ്റ്ം സന്തോഷമുണ്ടെന്ന് മറ്റൊരു കാര്യം !



പക്ഷേ വീണ്ടും ഒരപേക്ഷയുള്ളത് പിന്‍‌മൊഴി നിര്‍ത്തുന്നത് ബ്ലോഗിലെ സാംസ്ക്കാരിക അപചയങ്ങളുടെ പേരിലാവരുത് അത് പുതുതായി എഴുതി ത്തുടങ്ങുന്ന നൂറു കണക്കിനു ബ്ലോഗേഴ്സിനെ അടിച്ചാക്ഷേപിക്കുന്നതിനു തുല്യമാണ്. അതു തെളിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം , അല്ലാതെ പിന്മൊഴിയെ കഴുത്ത് ഞെരിച്ച് കൊല്ലരുതേ എന്ന് അപേക്ഷിക്കാനല്ല:):)


കടപ്പാട്: പിന്‍‌മൊഴി, സുവിന്റെ ബ്ലോഗ്.


(ഡിസ്ക്ലൈമെര്‍; ഇതില്‍ ഞാന്‍/എനിക്ക് എന്ന് വിവക്ഷിക്കുന്നത് ഇതിന്റെ രചയിതാവിനെ മാത്രമാണ്, അഗ്രഗേറ്ററുകള്‍ ഒരു സൌജന്യമായി ചെയ്യുന്ന ഇപ്പോ ഉള്ള വരുടെ നല്ല മനസ്സിനെ തീര്‍ച്ചയായും കുറച്ചു കാണിക്കുന്നതും ഇല്ല.)